കര്‍ണാടകത്തിനെതിരായ വികാരം ഉണ്ടാക്കരുത്; മര്യാദയില്ലാത്ത പ്രചരണം നടക്കുന്നെന്ന് സതീശന്‍
കൊച്ചി: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നത് എന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍ണാടകത്തിനെതിരായ വികാരം ഉണ്ടാക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല എന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
അടുത്തിടെ നടന്ന കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ട് എന്നതൊക്കെ മറന്നു പോയി എന്നും കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് എന്നും വിഡി സതീശന്‍ വ്യക്തമാക്കി.

'കവളപ്പാറയില്‍ പത്ത് ദിവസം കഴിഞ്ഞും ആളെ കണ്ടെത്തിയിട്ടില്ലായിരുന്നോ? വാര്‍ത്ത നല്‍കിയും നെഗറ്റീവ് കാര്യങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നത് ശരിയായ പ്രവണതയല്ല. നിരവധി പേരെയാണ് കേരളത്തിലും ഇത്തരം സാഹചര്യങ്ങളില്‍ തിരിച്ചു കിട്ടാനുള്ളത് എന്നതൊക്കെ മറന്നു പോയി,' സതീശന്‍ പറഞ്ഞു. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷിരൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം എന്നും ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍ പ്രാര്‍ഥിച്ചതല്ലേ എന്നും അദ്ദേഹം ചോദിച്ചു. അതുപോലെ കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വളരെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകത്തില്‍ 11 പേരെ കാണാതായി. എട്ട് പേരുടെ മൃതദേഹം ലഭിച്ചു. നേരത്തെ പറഞ്ഞ ലൊക്കേഷനിലൊന്നുമല്ല ലോറി ഉണ്ടായിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും ആ ലോറി അവര്‍ കണ്ടുപിടിച്ചില്ലേ. കര്‍ണാടക മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു എന്നും സതീശന്‍ പറഞ്ഞു. 'കുറേ പേര്‍ മണ്ണിനടയില്‍ കുടുങ്ങി. അവരെ രക്ഷിക്കാന്‍ പോകുന്നവരേയും മണ്ണിനടിയിലാക്കണം എന്നാണോ?', അദ്ദേഹം ചോദിച്ചു.
അര്‍ജുനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ബാക്കി പറയാം എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗംഗാവലിപ്പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഇന്ന് നാവികസേനക്ക് പുഴയിലിറങ്ങി പരിശോധന നടത്താനായില്ല. പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്ന് നാവികസേന അറിയിച്ചു.
ഇതോടെ പത്താം ദിവസവും രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. വെള്ളത്തിലുള്ള ട്രക്ക് അര്‍ജുന്റേത് തന്നെയാണ് എന്ന് ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോണ്‍ പരിശോധനയിലും ലോറി അര്‍ജുന്റേതെന്ന് ഉറപ്പിച്ചു. എന്നാല്‍ ഡ്രോണില്‍ ലഭിച്ച സിഗ്‌നലിലും ലോറിയുടെ കാബിന്‍ ഏത് ഭാഗത്താണ് എന്ന് തിരിച്ചറിയാനായിരുന്നില്ല. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുളളത്.












Click it and Unblock the Notifications