ശിവസൂര്യയെ കാണാതായിട്ട് ഒന്നര മാസം പിന്നിട്ടു; കാശിയിലും രാമേശ്വരത്തും കണ്ടെത്തിയില്ല
കണ്ണൂര്‍ ചൊക്ലിയിലെ 17കാരന് ശിവസൂര്യയെ കാണാതായിട്ട് ഒന്നര മാസം പിന്നിട്ടു. കുട്ടിയെ തിരഞ്ഞ് പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും തുമ്പ് കിട്ടിയില്ല. പാലക്കാട്ടെ ഒറ്റപ്പാലം, തമിഴ്നാട്ടിലെ രാമേശ്വരം, ഉത്തര്‍ പ്രദേശിലെ കാശി എന്നിവിടങ്ങളിലെല്ലാം പോലീസ് സംഘം നേരിട്ടെത്തി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവസൂര്യ പോയത്. കുട്ടിയുടെ കൈയ്യക്ഷരം തന്നെയാണ് എന്ന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്തുള്ള റെയില്‍വെ സ്റ്റേഷന് തലശേരിയാണ്. റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും ഉള്‍പ്പെടെ പോകാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട്ടില്‍ നിന്ന് പോയത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ വിഷമിച്ചാണ് കുട്ടി വീട് വിട്ടിറങ്ങിയത് എന്നാണ് പറയപ്പെടുന്നത്. വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് പലയിടങ്ങളിലും ശിവസൂര്യയെ കണ്ടു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഒറ്റപ്പാലത്തും രാമേശ്വരത്തും എത്തി പരിശോധിച്ചത്.
കാശിയിലേക്ക് പോകുന്നു എന്ന് എഴുതിവെച്ചതിനാല്‍ അവിടെയും പരിശോധിച്ചു. ഭക്തിയും വിശ്വാസവും മുറുകെ പിടിക്കുന്ന കുട്ടിയല്ല ശിവസൂര്യ. അതുകൊണ്ടുതന്നെ കാശിയിലേക്ക് പോകുന്നു എന്ന് പറഞ്ഞതില്‍ പോലീസിന് ചില സംശയങ്ങള്‍ ബാക്കിയുണ്ട്. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ സത്യം പുറത്തുവരൂ എന്നാണ് കുടുംബം പറയുന്നത്.
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഇവര്‍ ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് നിവേദനം സമര്‍പ്പിക്കും. ന്യൂമാഹിയില്‍ ഒരു പരിപാടിക്ക് എത്തുന്ന ചെന്നിത്തലയെ നേരിട്ട് കാണുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്വേഷണത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കുട്ടി എവിടേക്കാണ് പോയത്, കുട്ടിയുടെ ബന്ധങ്ങള്‍, സുഹൃത്തുക്കള്‍, യാത്ര ചെയ്യാന്‍ സാധ്യതയുള്ള റൂട്ടുകള്‍ എന്നിവയെല്ലാം നിലവില്‍ പോലീസ് അന്വേഷിച്ചിട്ടുണ്ട്. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്താല്‍ കൂടുതല്‍ വിപുലമായ അന്വേഷണത്തിന് സാധ്യത തെളിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.


Click it and Unblock the Notifications
