ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷയാകും? കേരളത്തിൽ പാർട്ടിയെ വളർത്താനുള്ള നീക്കവുമായി കേന്ദ്രം!
തിരുവനന്തപുരം: പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായതിന് പിന്നാലെ ഒഴിവുവന്ന സംസ്ഥാന ബിജെപി അധ്യക്ഷ പദവിലേക്ക് ആളെ തിരഞ്ഞെടുക്കാതെ അനിശ്ചിതയി നീളുകയാണ്. കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോഴും പുതിയ ആളെ കണ്ടെത്താൻ ദേശീയ നേതൃത്വം കുഴങ്ങിയിരുന്നു. ഗ്രൂപ്പുകളിൽനിന്ന് പാർട്ടിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി അന്ന് പിഎസ് ശ്രീധരൻപിള്ളയ്ക്ക് ഒരു അവസരംകൂടി കൊടുക്കുകയായിരുന്നു.
ഇത്തവണയും ഇത്തരത്തിൽ ഗ്രൂപ്പുകളെ ഒഴിവാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിപിഎമ്മിന്റെ കോട്ടയിൽ പാർട്ടിയെ വളർത്തേണ്ടത് അമിത് ഷാ വെല്ലുവിളിയായി എടുത്തിരിക്കുകയാണ്. ഇവിടെ പാർട്ടിയുടെ വളർച്ച തടയുന്ന പ്രധാനഘടകം ഗ്രൂപ്പാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഗ്രൂപ്പ് പോര്?
കൃഷ്ണദാസ് പക്ഷവും മുരളീധരൻ വിഭാഗവും തങ്ങളുടെ ആളുകൾക്കുവേണ്ടി കടുത്ത സമ്മർദമാണ് ദേശീയ നേതൃത്വത്തിനുമേൽ ചെലുത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എഎൻ രാധാകൃഷ്ണൻ അല്ലെങ്കിൽ എംടി രമേശ് എന്ന് കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രൻ മതിയെന്ന് മുരളീധരൻ വിഭാഗവും ശക്തമായി വാദിക്കുന്നുണ്ട്.

പരിവാർ സംഘടനകൾ...
പരിവാർ പ്രസ്ഥാനങ്ങളുടെ തലപ്പത്തുള്ള ചിലരുടെ പേരുകൾ ആദ്യം പരിഗണനയ്ക്കുവന്നിരുന്നു. എന്നാൽ, ഗ്രൂപ്പുകളുടെ പടവെട്ടലിൽ പിടിച്ചുനിൽക്കാൻ അവർക്കു പറ്റിയേക്കില്ലെന്ന വിലയിരുത്തലിൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പിഎസ് ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ എന്നിവരെപ്പോലെ ഗ്രൂപ്പിനതീതമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവിനായുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.

ഗ്രൂപ്പിനതീതമായി പ്രവർത്തിക്കുന്ന നേതാവ്
ഗ്രൂപ്പിമതീതമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവിനെ നേക്കുമ്പോൾ അത് ശേഭാ സുരേന്ദ്രന് അനുകൂലമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക പരിഗണനയുടെ ഭാഗമായാണ് പാർട്ടി അംഗത്വ കാമ്പയിന്റെ ദക്ഷിണേന്ത്യയിൽനിന്നുള്ള കോ-കൺവീനറായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചത്. നാലുമാസത്തിലധികമായി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണവർ. ഇതും അനുകൂലമാകാമെന്നും റിപ്പോർട്ടുകളുണ്ട്.

മത്സരിച്ച ഇടങ്ങളിലെല്ലാം മികച്ച പ്രകടനം
തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഇടങ്ങളിലെല്ലാം പാർട്ടിവോട്ടുകളിൽ വലിയ വർധനയുണ്ടാക്കാൻ കഴിഞ്ഞത് ശോഭയെ കേന്ദ്രത്തിന്റെ ‘ഗുഡ്ബുക്കിൽ' എത്തിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ അഭിപ്രായം ശോഭയുടെ കാര്യത്തിൽ നിർണായകമായിരിക്കും. സംസ്ഥാനത്തെ രണ്ട് മുതിർന്ന നേതാക്കൾ ശോഭ സുരേന്ദരന് അനുകൂലമായി സംസാരിച്ചിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മുൻ പ്രസിഡന്റുമാർക്കും പ്രതീക്ഷകൾ....
കഴിഞ്ഞ തവണ തർക്കങ്ങൾക്കൊടുവിൽ മുൻ പ്രസിഡന്റ് ആയിരുന്ന ശ്രീധരൻ പിള്ള തന്നെ പ്രസിഡന്റ് ആയതുപോലെയാണ് തീരുമാനമെങ്കിൽ മുൻ സംസ്ഥാന പ്രസിഡന്റ്മാരായ പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സികെ പത്മനാഭൻ എന്നിവരിൽ ആരെങ്കിലും പ്രസിഡന്റായി വരാനുള്ള സാധ്യതകളും ഉണ്ട്.ബിജെപി സംസ്ഥാന അധ്യക്ഷ പദവിലേക്ക് നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ പേരും ഉണ്ടായിരുന്നു. കേന്ദ്ര നേതൃത്വവും ഇതിന് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ആകാൻ ഇല്ലെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.