'ഒരു ഭൂമികുലുക്കം ആ ഡാം താങ്ങുമെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടെങ്കിൽ', മുഖ്യമന്ത്രിയോട് ഷോൺ ജോർജ്
കോട്ടയം: സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാർ ഡാം വലിയ ചർച്ചയും ക്യാംപെയ്നുമായി മാറിയിരുന്നു. വർഷങ്ങൾ പഴക്കമുളള മുല്ലപ്പെരിയാർ ഡാം പൊളിച്ച് പുതിയ ഡാം പണിയണം എന്നാണ് ഉയരുന്ന ആവശ്യം. സിനിമാ താരങ്ങൾ അടക്കം ഈ ക്യാംപെയ്നിന്റെ ഭാഗമായിരുന്നു. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായുളള വാർത്തകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് മുന്നിൽ മുല്ലപ്പെരിയാർ വിഷയം ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ് കേരള ജനപക്ഷം പാർട്ടി നേതാവ് ഷോൺ ജോർജ്. ഇടുക്കി ഡാം നിറഞ്ഞുനിൽക്കുമ്പോൾ ഒരു ഭൂമി കുലുക്കം ആ ഡാം താങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വസിക്കുന്നുണ്ടെങ്കിൽ അദ്ദേഹം വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് എന്ന് മാത്രമേ തനിക്ക് പറയാൻ കഴിയൂ എന്ന് ഷോൺ ജോർജ് പറയുന്നു.
ഷോൺ ജോർജിന്റെ കുറിപ്പ് ഇങ്ങനെ: '' ബഹുമാനപ്പെട്ട മുഖ്യമന്ത്രി, മുല്ലപ്പെരിയാർ സമരത്തെ കുറിച്ചും അങ്ങയുടെ ഭാഷയിൽ പറഞ്ഞാൽ അനാവശ്യമായ ഭീതി പരത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ പ്രിയ മുഖ്യമന്ത്രി, കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന സാധാരണ ജനതയുടെ ജീവന് ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം പൊളിച്ചു മാറ്റണമെന്ന വലിയ ആവശ്യമാണ് കേരള ജനത അങ്ങയുടെ മുന്നിൽ വച്ചത്. അതിൽ കേരളത്തിന്റെ വാദം ദുർബലപ്പെടുത്തുന്ന നിലപാടുകളാണ് നാളിതുവരെയായും അങ്ങയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഒരു കാര്യം പറഞ്ഞോട്ടെ അങ്ങ് പറയുന്ന കാര്യം ഞാനും അംഗീകരിക്കുന്നു.. ഇപ്പോഴത്തെ അവസ്ഥയിൽ പൊട്ടി തകർന്നു പോകുന്ന അവസ്ഥ ഒന്നുമല്ല മുല്ലപ്പെരിയാർ ഡാമിനുള്ളത്..പക്ഷേ 140 അടി വെള്ളം നിറഞ്ഞു നിൽക്കുമ്പോൾ.. ഇടുക്കി ഡാം നിറഞ്ഞുനിൽക്കുമ്പോൾ ഒരു ഭൂമി കുലുക്കം ആ ഡാം താങ്ങുമെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടെങ്കിൽ അങ്ങ് വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. 2000-ത്തിലും 2001-ലും ഏറ്റവുമധികം ഭൂമി കുലുക്കമുണ്ടായ പ്രദേശമാണ് കിഴക്കൻ മലയോര മേഖല.. ഇന്ന് അത് ആവർത്തിച്ചിരിക്കുന്നു.
വളരെ നേരിയതെങ്കിലും വ്യക്തമായ സൂചന എന്ന നിലയിലാണ് ഇന്ന് ഭൂമികുലുക്കം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കിഴക്കൻ മലയോര മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം പ്രകടമായി കേൾക്കാൻ കഴിഞ്ഞു. എന്നിട്ടും അങ്ങയുടെ നിലപാട് ഇപ്പോഴും മുല്ലപ്പെരിയാർ ഡാമിന് ഒരു കുഴപ്പവും ഇല്ല എന്നു തന്നെ ആണെങ്കിൽ പിന്നെ ഒന്നും പറയാൻ ഇല്ല .....''












Click it and Unblock the Notifications