കാണുമ്പോഴെല്ലാം വണങ്ങണോ? ദിയയുടെ മറുപടിക്കും വിമര്‍ശനം: അടുത്ത വ്‌ളോഗില്‍ അശ്വിനെകൊണ്ട് പാട്ട് പാടിപ്പിക്കും
യൂട്യൂബില്‍ പുതിയ വീഡിയോകള്‍ക്കായി ഫോളോവേഴ്‌സ് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറിന്റെ വീട്ടില്‍ എല്ലാവരും യൂട്യൂബര്‍മാര്‍ ആണെങ്കിലും ദിയയുടെ വീഡിയോകള്‍ക്കാണ് ഏറ്റവും കൂടുതല്‍ റീച്ചുള്ളത്. ദിയ സ്വന്തം പ്രസവ വീഡിയോ ചിത്രീകരിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 90 ലക്ഷത്തിലേറെ പേരാണ് ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ കണ്ടത്. ഈ വീഡിയോയ്ക്ക് പിന്നാലെ ദിയ കൃഷ്ണയുടെ പിന്തുണ വലിയ തോതില്‍ വര്‍ധിച്ചിരുന്നു.
പ്രസവത്തിനു പിന്നാലെ ദൈനംദിന ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. കുഞ്ഞിന്റെ കുളിയും ഫേസ് റിവീലിങ് അടക്കമുള്ള വീഡിയോകള്‍ക്ക് വലിയ റീച്ച് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈ വീഡിയോകളില്‍ ദിയയുടെ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദമാകാറുണ്ട്. ദിയയുടെ പ്രസവത്തെ തുടര്‍ന്ന് ഭര്‍ത്താവ് അശ്വിനും ദിയയുടെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
അശ്വിന്‍ ദിയയുടെ അടിമയാണെന്നും കൃഷ്ണകുമാറിന്റെ വീട്ടില്‍ മരുമകന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല എന്നുമായിരുന്നു കമന്റ് സെക്ഷനില്‍ പരാതി. ചിലരാകട്ടെ ദിയയുടെ കുടുംബ കാര്യമാണെന്ന് പോലും ഓര്‍ക്കാതെ യാതൊരു മയവുമില്ലാതെയാണ് വിമര്‍ശിക്കുന്നത്. ദിയയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കും എതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും വരുന്നത്. അശ്വിനോട് സിന്ധു കൃഷ്ണ വളരെ പരുക്കനായിട്ടാണ് ഇടപെടുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍ എല്ലാവരും ഭക്ഷണം കഴിക്കുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. ദിയ ഉണ്ടാക്കിയ ചിക്കന്‍ കറി അശ്വിന് വിളമ്പാതെ സിന്ധു കൃഷ്ണ ആദ്യം കഴിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്.
മരുമകന് വിളമ്പി കൊടുക്കാതെ സിന്ധു കൃഷ്ണ ഒറ്റയ്ക്ക് കഴിച്ചതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഒരു കുടുംബത്തില്‍ മരുമകന് കൊടുത്തിട്ടാണ് എല്ലാവരും കഴിക്കുന്നത്. ഇവിടെ അശ്വിന്‍ ഭക്ഷണം കിട്ടാതെ കാത്തിരിക്കുന്നത് അത്ര സുഖകരമായി തോന്നുന്നില്ലെന്നും ഇങ്ങനെ അവഗണിക്കപ്പെടാതെ അശ്വിന് സ്വന്തം വീട്ടില്‍ പോയി മാതാപിതാക്കള്‍ക്കൊപ്പം നിന്നുകൂടെ എന്നും പലരും ചോദിക്കുന്നുണ്ട്.
വിമര്‍ശനങ്ങള്‍ കടുത്തതോടെ വീഡിയോയ്ക്ക് താഴെ ദിയ കൃഷ്ണ തന്നെ മറുപടിയുമായി രംഗത്തെത്തി.
ദിയയുടെ മറുപടി ഇങ്ങനെ: 'വെറുപ്പുളവാക്കുന്ന കമന്റുകള്‍. എന്റെ അമ്മ അവനെ സ്വന്തം മകനെപ്പോലെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നതു പോലെ അവനോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ സഹോദരി അഹാനയ്ക്ക് അവനെക്കാള്‍ രണ്ടു വയസ് കൂടുതലാണ്. അശ്വിന്‍ എന്റെ ഭര്‍ത്താവായതുകൊണ്ട്, എന്റെ അമ്മ അവനെ കാണുമ്പോഴെല്ലാം എഴുന്നേറ്റ് നിന്ന് അവന്റെ മുന്നില്‍ വണങ്ങി അവന്റെ കാല്‍ തൊട്ട് അനുഗ്രഹം തേടണമെന്ന് അര്‍ത്ഥമാക്കുന്നില്ല. കാരണം അശ്വിന്റെ അമ്മ എന്നെ കാണുമ്പോള്‍ അങ്ങനെ ചെയ്യുന്നില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ചിന്തിക്കുക. ഇതൊരു ക്രൂരമായ പെരുമാറ്റമാണ്'. ദിയയുടെ ഈ മറുപടിക്കു താഴെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.












Click it and Unblock the Notifications