ശശി തരൂർ യുഡിഎഫിനെ നയിക്കണോ? സർവ്വേ ഫലം..സുധാകരനും സതീശനും പിന്തുണ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് പരാതി നൽകിയിരിക്കുകയാണ് ഒരു വിഭാഗം കോൺഗ്രസ് എംപിമാർ. സുധാകരന്റെ ആർഎസ്എസ് - ബി ജെ പി അനുകൂല നിലപാടുകളും അദ്ദേഹത്തിന്റെ അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ പരാതി ഉയർത്തിയിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സുധാകരനെ മാറ്റാൻ നേതൃത്വം തയ്യാറായാൽ ആരാകും കോൺഗ്രസിനെ നയിക്കുകയെന്ന തരത്തിലുള്ള ചർച്ചകൾ ഇതോടെ ഉയർന്നിട്ടുണ്ട്. സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ച് കൊണ്ട് ശശി തരൂർ അധ്യക്ഷനായി എത്തുമോയുള്ള സാധ്യതകളും ഒരു ഭാഗത്ത് സജീവമായി ചർച്ച ചെയ്യപെടുന്നുണ്ട്. അതിനിടെ തരൂർ കോൺഗ്രസിന്റെ തലപ്പത്ത് എത്തിയാൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കുന്ന സർവ്വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസ് സർവ്വേയിലാണ് തരൂരിന് വലിയ പിന്തുണ പ്രകടമായിരിക്കുന്നത്.

തരൂർ നയിക്കുന്നത് കേരളത്തിലെ കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന സർവ്വേയിലെ ചോദ്യത്തിന് 68 ശതമാനം പേരാണ് തരൂരിനെ പിന്തുണച്ചത്. അതേസമയം 32 ശതമാനം പേർ അദ്ദേഹത്തെ എതിർത്ത് പ്രതികരിച്ചു.സർവ്വേയിൽ സതീശൻ-സുധാകരൻ കൂട്ടുക്കെട്ടിനെതിരായ വികാരമാണ് പ്രകടമായത്. വിഡി സതീശന്റേയും കെ സുധാകരന്റേയും നേതൃത്വത്തിൽ പ്രതിപക്ഷം മികച്ചതായോ എന്ന ചോദ്യത്തിന് ഗുണകരമായി എന്ന് അഭിപ്രായപ്പെട്ടത് വെറും 45 ശതമാനം പേരാണ്. അതേസമയം 55 ശതമാനം പേരും ഇല്ല എന്നാണ് അഭിപ്രായം പങ്കുവെച്ചത്.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന ചോദ്യത്തിന് 54 ശതമാനം പേർ അനുകൂല നിലപാട് പ്രകടിപ്പിച്ചു. 46 ശതമാനം പേർ ഇല്ലെന്നും അഭിപ്രായപ്പെട്ടു.

അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ താരമൂല്യമുയർന്ന തരൂർ നിലവിൽ കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ കൂടി ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കേരള പര്യടനം. ആദ്യം മലബാറിലും പിന്നെ തെക്കൻ കേരളത്തിലും വിവിധ പരിപാടികളുടെ ഭാഗമായ തരൂരിന് പല കോണുകളിൽ നിന്നും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഘടകക്ഷിയായ മുസ്ലീം ലീഗിന്റേയും എൻ എസ് എസിന്റേയും ക്രൈസ്തവ സഭകളുടേയുമെല്ലാം പിന്തുണ നേടാൻ തരൂരിന് സാധിച്ചിരുന്നു.

സുധാകരനെ മാറ്റി നിർത്തിയാൽ തരൂരിനെ നേതൃത്വം പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസിനകത്ത് കുറവല്ല. നിലവിൽ സാഹചര്യത്തിൽ യു ഡി എഫിന് കരുത്തനായ പൊതുസ്വീകാര്യനായ നേതാവ് വരേണ്ടതുണ്ടെന്ന നിലപാട് മുന്നണിക്കുള്ളിൽ ഉണ്ട്. മാത്രമല്ല ന്യൂനപക്ഷങ്ങൾക്കിടയിൽ ഇപ്പോഴുണ്ടായ അവമതിപ്പിനെ മറികടക്കാൻ തരൂരിലൂടെ സാധിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ കണക്കാക്കുന്നു. സംഘപരിവാര്‍ വിരുദ്ധ പ്രതിഛായയുള്ള തരൂരിനെ മുസ്ലിങ്ങളും ക്രൈസ്തവരും സ്വീകരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം തരൂരിനുള്ള പിന്തുണ 68 ശതമാനമല്ല നൂറ് ശതമാനത്തിലേക്ക് അതുയരണമെന്ന ആഗ്രഹിക്കുന്നവരാണ് തങ്ങൾ കോൺഗ്രസുകാരെന്ന് മാതൃഭൂമി സർവ്വെ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ശശി തരൂർ കോൺഗ്രസിന്റെ പ്രൊഡക്ടാണ്. അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ അർഹമായ സ്ഥാനം നൽകിയത് കോൺഗ്രസാണ്. കോൺഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പ് നടന്നപ്പോൾ വലിയ ആക്ഷേപങ്ങളാണ് മാധ്യമങ്ങൾ അടക്കം ഉന്നയിച്ചത്. ശക്തമായ ആഭ്യന്തര തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പോലും പാർലമെന്റിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം അദ്ദേഹത്തിനാണ് പാർട്ടി നൽകിയത്. അതുകൊണ്ട് തന്നെ തരൂരിനെ പോലൊരാൾ സ്വീകരിക്കപ്പെടുന്നുവെന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്, രാഹുൽ പറഞ്ഞു.












Click it and Unblock the Notifications