'കേന്ദ്ര ജിഎസ്ടി വകുപ്പിനെക്കുറിച്ചുകൂടി അന്വേഷണം വേണ്ടേ'? പ്രതിപക്ഷ നേതാവിനോട് തോമസ് ഐസക്
സംസ്ഥാനത്ത് വൻ ജിഎസ്ടി തട്ടിപ്പ് നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു. 1100 കോടിയുടെ തട്ടിപ്പാണ് ഒരു സംഘം നടത്തിയതെന്നും ജിഎസ്ടി ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന് ഇതുമായി ബന്ധം ഉണ്ടെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാന സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക് രംഗത്ത് വന്നിരിക്കുകയാണ്. ''സംസ്ഥാനത്തെ ജി.എസ്.ടി വെട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷനേതാവിന്റെ ആവശ്യം. പക്ഷേ, അന്വേഷണം സംസ്ഥാന സർക്കാരിൽ മാത്രമായി എങ്ങനെയാണ് ഒതുക്കുക? കേന്ദ്ര ജി.എസ്.ടി വകുപ്പിനെക്കുറിച്ചുകൂടി അന്വേഷണം വേണ്ടേ? കാരണം പകുതി അക്കൗണ്ടുകളേ സംസ്ഥാന സർക്കാർ നോക്കുന്നുള്ളൂ. ബാക്കി പകുതി അക്കൗണ്ടുകൾ നോക്കുന്നത് കേന്ദ്ര സർക്കാരല്ലേ?
പൂനൈയിൽ നിന്നാണ് നികുതി വെട്ടിപ്പിനെക്കുറിച്ച് കേരള സർക്കാരിനെ അറിയിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നുവച്ചാൽ നികുതി വെട്ടിപ്പിന്റെ കണ്ണികൾ അവിടെയും പ്രബലമാണ്. അപ്പോൾ അവരെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാനാകില്ലല്ലോ. അതേ സമഗ്രമായ അന്വേഷണം ഇന്ത്യ മുഴുവൻ വേണം. പൂനൈയിലെ DGGI ആണ് കള്ളത്തരം കണ്ടുപിടിച്ചതെങ്കിൽ ആദ്യം അന്വേഷിക്കേണ്ടത് കേന്ദ്ര ജി.എസ്.ടി വകുപ്പിനെയാണ്. കാരണം അവർക്കുതന്നെ നേരിട്ട് നടപടി സ്വീകരിക്കാവുന്നതേയുള്ളൂ. പക്ഷേ, പ്രശ്നം ഗൗരവം തന്നെ.

പിശക് നികുതി വെട്ടിപ്പ് കേരള സർക്കാരിന്റെ സഹായത്തോടെയും പിന്തുണയോടെയുമാണെന്ന ആക്ഷേപത്തിലാണ്. പിന്നെ എന്തു പ്രശ്നം ഉന്നയിച്ചാലും കൂട്ടിച്ചേർക്കുന്ന ഒരു പല്ലവി ഉണ്ടല്ലോ- സംസ്ഥാന സർക്കാരിന്റെ അഴിമതി. അത് ഇവിടെയും ചേർത്തിട്ടുണ്ട്. എങ്ങനെയാണ് ജി.എസ്.ടി നികുതി വെട്ടിപ്പ് നടത്തുന്നത്? ജി.എസ്.ടിയിൽ നമ്മൾ സാധനം വാങ്ങുമ്പോൾ കച്ചവടക്കാരനു കൊടുക്കുന്ന നികുതി മുഴുവൻ അദ്ദേഹം സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതില്ല. അദ്ദേഹം ആ ചരക്ക് വാങ്ങിയപ്പോൾ കൊടുത്ത നികുതി കിഴിച്ച് ബാക്കി അസ്സൽ നികുതി മാത്രമേ സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതുള്ളൂ.
അദ്ദേഹം ചരക്ക് വിറ്റപ്പോൾ കിട്ടിയ നികുതിയാണ് ഔട്ട്പുട്ട് ടാക്സ്. അദ്ദേഹം ചരക്ക് വാങ്ങിയപ്പോൾ കൊടുത്ത നികുതിയാണ് ഇൻപുട്ട ടാക്സ്. എല്ലാ നികുതിദായകരും ഔട്ട്പുട്ട് ടാക്സിൽ നിന്ന് ഇൻപുട്ട് ടാക്സ് കിഴിച്ച് ബാക്കി സർക്കാരിലേക്ക് ഒടുക്കിയാൽ മതി. അഥവാ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യവർദ്ധനയുടെ മേലുള്ള നികുതിയേ നൽകേണ്ടതുള്ളൂ. ഇതുമൂലം നികുതി വെട്ടിപ്പ് കുറയുമെന്നാണ് സിദ്ധാന്തം. കാരണം ഇൻപുട്ട് ക്രെഡിറ്റ് കിട്ടണമെങ്കിൽ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കണം. അതുകൊണ്ട് എല്ലാ വാങ്ങലും വിൽക്കലും ബില്ലിന്റെ അടിസ്ഥാനത്തിലാകും. സർക്കാരിലേക്കു വരുന്ന നികുതി ചോർച്ച കുറയും.
എന്നാൽ നികുതി വെട്ടിപ്പുകാരുടെ സൂത്രം ലളിതമാണ്. അവർ മറ്റുള്ളവരുടെ പേരിൽ ബിനാമി രജിസ്ട്രേഷനുകൾ എടുക്കുന്നു. അവരിൽ നിന്നെല്ലാം ചരക്കുകൾ വാങ്ങിയതായി വ്യാജബില്ല് ഉണ്ടാക്കുന്നു. ഇല്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തങ്ങളുടെ യഥാർത്ഥ റിട്ടേണിൽ കുറയ്ക്കുന്നു. അങ്ങനെ നികുതി വെട്ടിക്കുന്നു. ഔട്ട്പുട്ട് ടാക്സ് വെട്ടിപ്പ് നടത്താൻവേണ്ടി വ്യാജ രജിസ്ട്രേഷൻ നടത്തുന്നവരുമുണ്ട്. അത് അപൂർവ്വമാണ്. നികുതിവെട്ടിപ്പുകൾ ഇപ്പോൾ ഇന്ത്യ മുഴുവൻ ഒരു പകർച്ചവ്യാധി പോലെ പടർന്നിരിക്കുകയാണ്.
ഈ നികുതി വെട്ടിപ്പിലേക്ക് ആദ്യം ശ്രദ്ധക്ഷണിച്ച സർക്കാരുകളിലൊന്ന് കേരളമാണ്. അടയ്ക്കയുടെയും പ്ലൈവുഡിന്റെയും വ്യാപാരത്തിൽ 2020-ൽ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടത്തിയിട്ടുണ്ട്. പക്ഷേ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടക്കുന്നത് കേരളത്തിലാണെന്നു പറയാനാവില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണെന്നാണ് കേസുകളുടെ എണ്ണം നോക്കുമ്പോൾ കാണാൻ കഴിയുന്നത്. 2020 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ഇന്ത്യയിൽ 42,140 കൃത്രിമ കമ്പനികൾ കണ്ടെത്തി. ഈ കേസുകളിലായി 1.78 ലക്ഷം കോടി ഇൻപുട്ട് ക്രെഡിറ്റ് വെട്ടിപ്പും കണ്ടെത്തി.
കേരളം ഒരു നടപടിയും സ്വീകരിക്കുന്നില്ലായെന്നാണല്ലോ പ്രതിപക്ഷ നേതാവിന്റെ മറ്റൊരാക്ഷേപം. 2024-ൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളുണ്ട്. മെയ് മാസത്തിൽ എറണാകുളം, തൃശ്ശൂർ അടക്കം 7 ജില്ലകളിൽ 300-ലേറെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ "ഓപ്പറേഷൻ പാംട്രീ" 1170 കോടിയുടെ വ്യാജ ഇൻവോയിസുകളും 209 കോടി രൂപയുടെ വെട്ടിപ്പും കണ്ടെത്തി. നവംബർ മാസത്തിൽ എറണാകുളത്ത് 34 വ്യാജ കമ്പനികളെ കണ്ടെത്തി. ഇവരുടെ രീതി അന്വോന്യം ഇല്ലാത്ത കച്ചവട രേഖൾ ഉണ്ടാക്കി ഇൻപുട്ട് ക്രെഡിറ്റുകൾ വെട്ടിക്കലായിരുന്നു. ജനുവരി മാസത്തിൽ കർണ്ണാടകയും തമിഴ്നാടും ചേർന്ന് 100 വ്യാജ കമ്പനികളെയും 1008 കോടിയുടെ വ്യാജ ഇൻവോയിസുകളും 180 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങളുമുണ്ട്. ഇതൊക്കെ പബ്ലിക് ഡൊമൈനുകളിലുള്ള റിപ്പോർട്ടുകളാണ്. പ്രതിപക്ഷനേതാവിനും ഇതൊക്കെ കിട്ടും.
ഈ വെട്ടിപ്പ് രീതി സാർവ്വത്രികമായതോടെ ജി.എസ്.ടി കൗൺസിൽ ഇത് പലവട്ടം ചർച്ച ചെയ്യുകയും രജിസ്ട്രേഷനുള്ള നടപടികൾ കർക്കശമാക്കുകുയും ചെയ്തു. കേരളത്തിലാണെങ്കിൽ കർശന KYC വെരിഫിക്കേഷൻ, നിർബന്ധിത ഇവേ-ബിൽ, എഐ ടെക്നിക്കുകൾ, ജി.എസ്.ടി.ആർ 2 ബി റീക്കൺസിലിയേഷൻ, അറസ്റ്റ്, കണ്ടുകെട്ടൽ ഉൾപ്പെടെയുള്ളവയെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംശാസ്പദമായ എല്ലാ കേസുകളിലും ഇടപാടുകാരൻ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥവരെ കൊണ്ടുവന്നു. എന്നാൽ ഇതുകൊണ്ടൊന്നും വെട്ടിപ്പുകൾ കുറഞ്ഞിട്ടില്ല.
അതിനെത്തുടർന്നാണ് ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുകൾ കണ്ടെത്തിയാൽ അത് ബന്ധപ്പെട്ട മറ്റു സംസ്ഥാനങ്ങളെ അടിയന്തരമായി അറിയിക്കണമെന്നുള്ള തീരുമാനമുണ്ടായി. അറിയിപ്പ് കിട്ടുന്ന സംസ്ഥാനം അടിയന്തരമായി ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കണം. ഇങ്ങനെ നൂറുകണക്കിന് അറിയിപ്പുകൾ കേരളത്തിലെ ജി.എസ്.ടി വകുപ്പിന് കിട്ടുന്നുണ്ടാകണം. അതിലൊന്നാണ് പ്രതിപക്ഷനേതാവ് ഉയർത്തിപ്പിടിക്കുന്നത്. എന്താണ് പരിഹാരം?
കേസുകളും പ്രോസിക്യൂഷനുകളും കൂടുതൽ കർക്കശമാക്കണം. അതുപോലെ തന്നെ ആവശ്യമായ മാറ്റങ്ങൾ ജി.എസ്.ടി സോഫ്ടുവെയറിൽ ഉണ്ടാകണം. എഐയുടെ കാലമാണല്ലോ. കോടാനുകോടി ഇൻപുട്ട് ക്ലെയിമുകളിൽ നിന്ന് റാന്റമായിട്ടെങ്കിലും ഓട്ടോമാറ്റിക്കായി നിജസ്ഥിതി പരിശോധിക്കാനുള്ള സംവിധാനം കൊണ്ടുവരണം. സിബിഐ അന്വേഷണം ഇതിനൊക്കെ സഹായിക്കുമെങ്കിൽ നല്ലതുതന്നെ. പക്ഷേ, ദയവ് ചെയ്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ അഴിമതിയായി ഇതിനെ ചിത്രീകരിക്കരുത്''.












Click it and Unblock the Notifications