പി.ആര്‍ വര്‍ക്കിന് 'കോണ്‍സെപ്റ്റും സ്‌ക്രിപ്റ്റുമെങ്കിലും' ശ്രദ്ധിക്കേണ്ടേ? എംഎ ബേബിയെ പരിഹസിച്ച് അന്‍വര്‍
നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കെ സിപിഎം നേതാക്കള്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ പ്രവര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായും ട്രോളായും ഒക്കെ മാറിയിരിക്കുകയാണ്. ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച എംഎ ബേബിയുടെ പ്രവര്‍ത്തിയെ നിരവധി പേര്‍ അഭിനന്ദിക്കുമ്പോള്‍ വോട്ട് നേടാനുള്ള സിപിഎമ്മിന്റെ വിലകുറഞ്ഞ തന്ത്രമാണെന്ന രീതിയിലാണ് എതിരാളികള്‍ പ്രചരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് സിപിഎം നേതാക്കള്‍ ഇത്തരം അടവുകള്‍ പുറത്തെടുക്കുന്നതെന്നും പലരും പരിഹസിക്കുന്നുണ്ട്. എന്നാല്‍ പുതുതലമുറയ്ക്ക് നല്ലൊരു മാതൃകയാണ് എംഎ ബേബി കാണിച്ചുതന്നതെന്നും നിരവധി പേര്‍ പ്രശംസിക്കുന്നുണ്ട്.
അതിനിടെ എംഎ ബേബിക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുന്‍ എംഎല്‍എ പിവി അന്‍വര്‍ രംഗത്തെത്തി. കഴിച്ച പാത്രം സ്വയം കഴുകുന്നത് ശരിയാണെന്ന അഭിപ്രായമാണ് ഉള്ളതെങ്കിലും അത് പിആര്‍ കണ്ടന്റ് ആക്കാവുന്ന വിഷയമായി തോന്നിയില്ല എന്നായിരുന്നു അന്‍വറിന്റെ പരിഹാസം.

അന്‍വര്‍ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:
പി.ആര്‍ വര്‍ക്ക് നടത്തുമ്പോള്‍ ചുരുങ്ങിയത് 'കോണ്‍സെപ്റ്റും സ്‌ക്രിപ്റ്റുമെങ്കിലും' ശ്രദ്ധിക്കേണ്ടേ?
എത്ര മഹാരഥന്മാര്‍ ഇരുന്ന സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത്. ആ പദവിയോടുള്ള ബഹുമാനമെങ്കിലും കൊടുക്കാമായിരുന്നു.
(കഴിച്ച പാത്രം സ്വയം കഴുകുന്നത് ശരിയാണെന്ന അഭിപ്രായമാണ് ഉള്ളത്. പക്ഷേ അത് പിആര്‍ കണ്ടന്റാക്കാവുന്ന വിഷയമായി തോന്നിയില്ല)
മാസങ്ങളായി തുടരുന്ന വര്‍ഗീയ-വിദ്വേഷ പ്രചാരണങ്ങള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാതെ ചുമ്മാ പാത്രം കഴുകി കളയാനാവുമോ?
കൊടുങ്ങല്ലൂരില്‍ ഗൃഹസമ്പര്‍ക്കം നടത്തുന്നതിനിടയാണ് താന്‍ കഴിച്ച പാത്രം വീട്ടിലെ അടുക്കളയില്‍ ചെന്ന് എംഎ ബേബി കഴുകി വെച്ചത്. എംഎ ബേബിയെ അനുകൂലിച്ച് നിരവധി ഇടത് എംപിമാര്‍ രംഗത്തെത്തി. സഖാവിനെ അറിയാത്തവര്‍ക്കാണ് ഇതൊരു പുതിയ കാര്യമെന്നും ഇതാണ് സഖാവിന്റെ രീതിയെന്നും അവര്‍ പറയുന്നു. എംഎ ബേബിയെ അനുകൂലിച്ച് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി രംഗത്തുവന്നിരുന്നു. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഐ(എം) ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളില്‍ നിന്ന് ഉയരുന്ന ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്‌കാരിക ശൂന്യതയും ഫ്യൂഡല്‍ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല.
ഡല്‍ഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്. ബേബി സഖാവിനെ അടുത്തറിയുന്നവര്‍ക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.
തുണികഴുകല്‍, പാചകം, വീട് വൃത്തിയാക്കല്‍, കക്കൂസ് കഴുകല്‍ തുടങ്ങിയ ജോലികള്‍ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കില്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ എന്ന് ഒരു വിഭാഗത്താല്‍ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. പുരുഷന്മാര്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്നുള്ള പഴഞ്ചന്‍ ഫ്യൂഡല്‍ മാടമ്പിത്തരം ഉള്ളില്‍ പേറുന്നവര്‍ക്ക്, ഒരാള്‍ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോള്‍ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടര്‍ക്ക് ഇല്ലാതെ പോയി.
ഈ അവസരത്തില്‍ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളോട് ഒരുകാര്യം ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികള്‍ ചെയ്യാനും, ആണ്‍കുട്ടികള്‍ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങള്‍ ശീലിക്കുന്നതും നല്ല സംസ്‌കാരത്തിന്റെ ഭാഗമാണ്. തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാന്‍ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങള്‍ വളര്‍ന്നുവരണം. ജീര്‍ണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം.












Click it and Unblock the Notifications