ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ ആകാശ് തില്ലങ്കേരിയുടെ പിതാവും! ഇത് എന്റെ വകയെന്ന് രവീന്ദ്രൻ...
ഷുഹൈബ് കടുംബ സഹായ ഫണ്ടിലേക്ക് ഇതുവരെ ഏകദേശം അരക്കോടിയോളം രൂപയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പിരിഞ്ഞുകിട്ടിയിട്ടുള്ളത്.
കണ്ണൂർ: മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി കോൺഗ്രസ് നടത്തിയ ഫണ്ട് ശേഖരണത്തിലേക്ക് കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവും സംഭാവന നൽകി. തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഫണ്ട് ശേഖരണത്തിനിടെയാണ് ആകാശിന്റെ പിതാവ് രവീന്ദ്രനും സംഭാവന നൽകിയത്.
ഷുഹൈബ് കടുംബ സഹായ ഫണ്ടിലേക്ക് ഇതുവരെ ഏകദേശം അരക്കോടിയോളം രൂപയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പിരിഞ്ഞുകിട്ടിയിട്ടുള്ളത്. ജില്ലയിലെ വിവിധ ബോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു ഫണ്ട് ശേഖരണം. കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയിൽ നിന്നും, മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ തുക പിരിഞ്ഞുകിട്ടിയത്.

സഹായ ഫണ്ട്...
മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായാണ് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കുടുംബ സഹായ ഫണ്ട് ആരംഭിച്ചത്. ഷുഹൈബിന്റെ മരണത്തോടെ ഒറ്റപ്പെട്ട കുടുംബത്തെ സഹായിക്കാൻ ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഫണ്ട് ശേഖരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു.

ആകാശിന്റെ പിതാവും...
ഷുഹൈബ് കുടുംബ സഹായ ഫണ്ടിന്റെ തില്ലങ്കേരി മേഖലയിൽ നടന്ന പിരിവിനിടെയാണ് ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവും സംഭാവന നൽകിയത്. തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ ബക്കറ്റ് പിരിവുമായി ടൗണിലെത്തിയപ്പോൾ ആകാശിന്റെ പിതാവ് രവീന്ദ്രൻ മുഖംതിരിച്ചില്ല.

നൂറു രൂപ...
കോൺഗ്രസ് പ്രവർത്തകർ ബക്കറ്റ് പിരിവുമായി വന്നപ്പോൾ ടൗണിലെ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്നു രവീന്ദ്രൻ. ആകാശിന്റെ പിതാവാണെന്ന് മനസിലായെങ്കിലും കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ സംഭാവന സ്വീകരിക്കാൻ വിമുഖത കാട്ടിയില്ല. ഇത് എന്റെ വകയെന്ന് പറഞ്ഞ് നൂറു രൂപയാണ് ആകാശിന്റെ പിതാവ് സഹായ ഫണ്ടിലേക്ക് നൽകിയത്.

അരക്കോടിയോളം രൂപ...
ഷുഹൈബ് കുടുംബ സഹായ ഫണ്ടിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം അരക്കോടിയോളം രൂപ പിരിഞ്ഞികിട്ടിയെന്നാണ് കണക്ക്. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് വിവിധ മേഖലകളിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയത്. കണ്ണൂർ, മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ തുക ലഭിച്ചത്.

സമരം തുടരുന്നു...
അതിനിടെ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ തുടരുകയാണ്. നിരാഹാരം കിടക്കുന്ന സുധാകരന് പിന്തുണയർപ്പിച്ച് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളും സമരപ്പന്തലിലുണ്ട്.

അന്വേഷണം...
അതേസമയം, ഷുഹൈബ് വധക്കേസിൽ കർണ്ണാടകയിൽ നിന്ന് പിടികൂടിയ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം പ്രവർത്തകരായ എടയന്നൂർ സ്വദേശികളായ അസ്ഗർ, അൻവർ, തില്ലങ്കേരി സ്വദേശി അഖിൽ എന്നിവരെയാണ് കഴിഞ്ഞദിവസം വീരാജ്പേട്ടയിൽ നിന്നും പോലീസ് പിടികൂടിയത്.

കാറും...
കൃത്യം നടത്താനായി പ്രതികൾ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാപ്പിനിശേരിയിൽ നിന്നാണ് വെളുത്ത മാരുതി വാഗൺ ആർ കാർ പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ അഖിലാണ് പാപ്പിനിശേരി സ്വദേശിയിൽ നിന്നും കാർ വാടകയ്ക്ക് എടുത്തത്. പിന്നീട് ഷുഹൈബിനെ കൊലപ്പെടുത്തിയതിന്റെ പിറ്റേദിവസം കാർ തിരികെ നൽകുകയും ചെയ്തു.

ഗൂഢാലോചന...
കഴിഞ്ഞദിവസം പിടിയിലായവരിൽ അസ്കർ ഷുഹൈബിനെ അക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. അഖിലും അൻവറും ഷുഹൈബിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരുമാണ്. ഷുഹൈബ് വധക്കേസിൽ നേരത്തെ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.












Click it and Unblock the Notifications