നിയമസഭയിൽ നാടകീയരംഗങ്ങൾ! കൂക്കിവിളിച്ച് പ്രതിപക്ഷം, താക്കീത് നൽകി സ്പീക്കർ; അന്തസ്സിന് ചേർന്നതല്ല...
മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ചെയറിന് മുന്നിൽ കൂട്ടംകൂടിനിന്നു.
തിരുവനന്തപുരം: കണ്ണൂർ ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഷുഹൈബ് വധത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽ ബഹളംവച്ചത്. മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ചെയറിന് മുന്നിൽ കൂട്ടംകൂടിനിന്നു.
ബജറ്റ് സമ്പൂർണ്ണമായി പാസാക്കാൻ വേണ്ടിയാണ് തിങ്കളാഴ്ച മുതൽ സഭാസമ്മേളനം ആരംഭിച്ചത്. എന്നാൽ ഒരാഴ്ച മുൻപുണ്ടായ ഷുഹൈബ് വധം നിയമസഭയിൽ ഉന്നയിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു പ്രതിപക്ഷം സമ്മേളനത്തിനെത്തിയത്. ചുവപ്പ് ഭീകരതയ്ക്കും കാവി ഭീകരതയ്ക്കുമെതിരെയുള്ള പ്ലക്കാർഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽ വന്നത്.

പ്രതിഷേധം...
കറുത്ത ബാഡ‍്ജ് ധരിച്ച് പ്ലക്കാർഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ ആരംഭിച്ചതുമുതൽ തന്നെ പ്രതിഷേധം തുടങ്ങി. സഭയിൽ ചോദ്യോത്തരവേള ആരംഭിച്ചതോടെ പ്രതിപക്ഷം കൂക്കിവിളിച്ചു. ഇതോടെ ചോദ്യോത്തരവേള തടസപ്പെട്ടു.

നടുത്തളത്തിൽ...
പ്രതിപക്ഷബഹളം തുടർന്നോടെ ചോദ്യോത്തരവേള റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു. തുടർന്ന് പ്രതിപക്ഷത്തിനോട് ശാന്തരാകാൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഇവിടെനിന്ന് സ്പീക്കറുടെ ചെയറിന് മുന്നിലേക്ക് നീങ്ങിയ സംഘം അവിടെ തടിച്ചുകൂടിനിന്നു.

മുദ്രാവാക്യം...
സ്പീക്കറുടെ ചെയറിന് മുന്നിൽ തടിച്ചുകൂടിനിന്ന പ്രതിപക്ഷാംഗങ്ങൾ പീന്നീട് നടുത്തളത്തിൽ കുത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷത്തിന്റെ നടപടിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രോഷം പ്രകടിപ്പിച്ചു. ചെയറിന് മുന്നിൽ തടിച്ചുകൂടിനിന്ന പ്രതിപക്ഷാംഗങ്ങൾക്ക് സ്പീക്കർ താക്കീത് നൽകി.

അന്തസ്...
സഭയുടെ അന്തസിന് ചേർന്ന തരത്തിലേ പ്രതിഷേധം സംഘടിപ്പിക്കാവു എന്നാണ് സ്പീക്കർ പ്രതിപക്ഷത്തിന് താക്കീത് നൽകിയത്. എന്നാൽ സ്പീക്കറുടെ നടപടി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുജനങ്ങളുടെ വികാരമാണ് സഭയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസ്...
പ്രതിഷേധത്തിനിടെ പ്രതിപക്ഷം ഷുഹൈബ് വധത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷുഹൈബ് വധത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും, ഡമ്മി പ്രതികളെയാണ് പോലീസ് പിടികൂടിയതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഷുഹൈബ് വധത്തിൽ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയിൽ പുരോഗമിക്കുകയാണെന്നും, ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.












Click it and Unblock the Notifications