ഷുഹൈബ് കൊലപാതകം: കോൺഗ്രസ് സമരം ശക്തമാകുന്നു: കെ സുധാകരന്റെ നിരാഹാര സമരത്തിന് പിന്തുണ ഏറുന്നു
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഡിസിസിയും യൂത്ത് കോൺഗ്രസും കെഎസ്യുവും സമരം സംഘടിപ്പിച്ചതിനു പിന്നാലെയാണ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ സുധാകരൻ നിരാഹാര സമരവുമായി മുന്നോട്ട് വന്നത്. തുടക്കത്തിൽ 48 മണിക്കൂർ സമരമാണ് സുധാകരൻ പ്രഖ്യാപിച്ചിരുന്നത് പിന്നീട് കെപിസിസിയുടെ അനുമതിയോടുകൂടി സമരം അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു.

സുധാകരന് പിന്തുണ അറിയിച്ച് പ്രശസ്ത പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രനും സിനിമ സംവിധായകൻ മെയ്തു താഴത്തും കഴിഞ്ഞ ദിവസങ്ങളിൽ സമരപന്തലിൽ എത്തി പിന്തുണ അറിയിച്ചിരുന്നു. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും നേതാക്കൾ ഉൾപ്പടെ നിരവധിപേരാണ് അഭിവാദ്യമർപ്പിച്ച് സമർപന്തലിൽ എത്തിക്കൊണ്ടിരിക്കുന്നത്.

എന്നാൽ ഷുഹൈബ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പുറമെ ജനങ്ങളും മറ്റ് രാഷ്ടീയപാർട്ടിയിൽ പെട്ട ജനങ്ങളും തള്ളിപ്പറഞ്ഞിരുന്നു. എടയന്നൂരും സമീപ പ്രദേശങ്ങളിലും ഷുഹൈബ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരവധി സിപിഎം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയും ഉണ്ടായി. സുധാകരന്റെ സമരപ്പന്തലിൽ എത്തിയാണ് സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സജീവ സിപിഎം പ്രവർത്തകരുമാണ്. അത് സിപിഎമ്മിനെ കുടുതൽ പ്രതിരോധത്തിൽ ആക്കുകയും ചെയ്തു. ജില്ലയിൽ പാർട്ടിക്ക് നഷ്ടപ്പെട്ട പഴയകാല പ്രതാപം ഈ സമരത്തോടെ വീണ്ടെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ.












Click it and Unblock the Notifications