ശ്യാം സുന്ദര്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്; വലിയ ദൗത്യം എന്ന് ഡിവൈഎഫ്‌ഐ മുന്‍ നേതാവ്
ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ശ്യാം സുന്ദര്‍ ഇനി മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഇദ്ദേഹം 16 വര്‍ഷം മുമ്പാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. ഇതുവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ആദ്യമായിട്ടാണ് മുസ്ലിം ഇതര നേതാവ് മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാകുന്നത്. നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായി ശ്യാം സുന്ദര്‍ പ്രവര്‍ത്തിച്ചിരുന്നു.
സിപിഎമ്മിലെ വിഭാഗീയ ശക്തമായ വേളയിലാണ് ശ്യാം സുന്ദര്‍ പാര്‍ട്ടി വിട്ടതും മുസ്ലിം ലീഗില്‍ ചേര്‍ന്നതും. ഇത്രയും കാലം മതേതരമല്ലാത്ത ഒന്നും മുസ്ലിം ലീഗില്‍ കണ്ടിട്ടില്ലെന്ന് ശ്യാം സുന്ദര്‍ പറയുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ല. തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും വലിയ ദൗത്യമാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാള്‍ക്ക് ഒരു പദവി എന്ന നയം മുസ്ലിം ലീഗ് കര്‍ശനമായി നടപ്പാക്കുകയാണ്. എംഎല്‍എയും മന്ത്രിമാരും ആയവരെ സംഘടനാ പദവികളില്‍ നിന്ന് ഒഴിവാക്കി. കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്ക് ഇനി മുതല്‍ സംഘടനാ ചുമതലകള്‍ ഉണ്ടാകില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പി അബ്ദുല്‍ ഹമീദ്, എ അബ്ദുറഹിമാന്‍, ശ്യാം സുന്ദര്‍ എന്നിവരാണ് പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍. പി ഉബൈദുല്ല, കമാല്‍ മാക്കിയില്‍, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. മുഹമ്മദ് ടി പാറാട്, ജി മാഹീന്‍ അബൂബക്കര്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.
ജില്ലാ കമ്മിറ്റികളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ പ്രസിഡന്റായി മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെയും ജനറല്‍ സെക്രട്ടറിയായി പിഎം മുനീര്‍ ഹാജിയേയും ട്രഷററായി കെഇഎ ബക്കറിനെയും നിയമിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റായി ടിടി ഇസ്മായിലിനെയും ജനറല്‍ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടിരിയേയും ട്രഷററായി എന്‍സി അബൂബക്കറിനെയും ചുമതലപ്പെടുത്തി.
മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായി മുന്‍ എംഎല്‍എ അഡ്വ എം ഉമ്മറിനെയും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായി അഷ്റഫ് മൂപ്പനെയും നിയമിച്ചു. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായി പോരേടം ബദറിനെയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിസാര്‍ മുഹമ്മദ് സുല്‍ഫിയെയും ജനറല്‍ സെക്രട്ടറിയായി എം മാഹീന്‍ അബൂബക്കര്‍ കാട്ടാക്കടയെയും നിയോഗിച്ചു.


Click it and Unblock the Notifications
