വാരാപ്പുഴ കസ്റ്റഡി മരണം; എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: കസ്റ്റഡി മരണ കേസിൽ റിമാൻഡിൽ കഴിയുന്ന വരാപ്പുഴ പൊലീസ് സ്റ്റേഷൻ എസ്ഐ ജിഎസ്.ദീപക്കിന്‍റെ ജാമ്യാപേക്ഷ പരവൂർ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് ഗൗരവകരമാണെന്നും അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം അനുവദിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സിലെ മൂന്നു പൊലീസുകാരുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്ന എസ്ഐയുടെ വാദം കോടതി പരിഗണിച്ചില്ല. വരാപ്പുഴയിലെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്ത സിവിൽ വേഷത്തിലുള്ള പൊലീസുകാരാണ് തന്നെ മർദ്ദിച്ചതെന്നു ശ്രീജിത്ത് ഡോക്റ്റർക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ദീപക്കിന്‍റെ അഭിഭാഷകൻ വാദിച്ചു. ശ്രീജിത്തിനെ സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ എസ്ഐ സ്ഥലത്തുണ്ടായിരുന്നില്ല.

എസ്ഐ മർദ്ദിച്ചതിനു തെളിവുണ്ടെന്നു ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ വാദിച്ചു. ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടു പ്രതികൾ കസ്റ്റഡി മർദ്ദനത്തെ കുറിച്ചു മൊഴി നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണ സംഘം നൽകിയ അപേക്ഷ കോടതി പിന്നീടു പരിഗണിക്കും. കഴിഞ്ഞ 20നു രാത്രിയാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications