ബുദ്ധി ഉപദേശിച്ചത് രാമന്‍പിള്ള? ചോദ്യം ചെയ്യലിന് റെഡിയെന്ന് സിദ്ദീഖ്; പൊലീസ് ഇനി എന്ത് ചെയ്യും?
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ അടുത്ത നീക്കവുമായി നടന്‍ സിദ്ദീഖ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് അന്വേഷണ സംഘത്തോട് അങ്ങോട്ട് അറിയിച്ചിരിക്കുകയാണ്. നേരത്തെ സുപ്രീം കോടതി സിദ്ദീഖിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചയ്‌ത്തേക്ക് അറസ്റ്റ് പാടില്ല എന്നും എന്നാല്‍ ചോദ്യം ചെയ്യാം എന്നും കോടതി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദീഖിന്റെ ഇപ്പോഴത്തെ നീക്കം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദീഖ് ഒഴിവില്‍ പോയിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് സിദ്ദീഖ് പിന്നീട് പുറത്തെത്തിയത്. അതുവരെ ഒരാഴ്ച സിദ്ദീഖിനെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന്റെ പിറ്റേദിവസം തന്നെ സിദ്ദീഖ് കൊച്ചിയിലെത്തി സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ളയില്‍ നിന്ന് നിയമോപദേശം തേടുകയും ചെയ്തു. അന്ന് സിദ്ദീഖ് മുന്നിലെത്തിയിട്ടും അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു പൊലീസ്. സിദ്ദീഖിനെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും തടസമില്ലെങ്കിലും കസ്റ്റഡിയില്‍ വെക്കാനാകില്ല.
അതിനാല്‍ തന്നെ സിദ്ദീഖിനെ ഇപ്പോള്‍ ചോദ്യം ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇപ്പോള്‍ സിദ്ദീഖിനെ ചോദ്യം ചെയ്താലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്താന്‍ മാത്രമെ പൊലീസിന് നിര്‍വാഹമുള്ളൂ. അത് പൊലീസിനെ സംബന്ധിച്ച് അന്വേഷണത്തെ കാര്യമായി സഹായിക്കണം എന്നില്ല. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള സാഹചര്യമാണ് പൊലീസ് തേടുന്നത്.
നിലവില്‍ ആ സാഹചര്യമില്ലാത്തതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദീഖിന് നോട്ടീസ് കൊടുക്കാതിരുന്നത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ് ഹര്‍ജി പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള നീക്കമാണ് സിദ്ദീഖിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം എന്ന് സിദ്ദീഖിനോട് ഇടക്കാല ജാമ്യം അനുവദിക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞിരുന്നു.
ചോദ്യം ചെയ്യലിന് ഹാജാരാകാം എന്ന് സിദ്ദീഖ് അന്വേഷണ സംഘത്തോട് അങ്ങോട്ട് ആവശ്യപ്പെട്ടത് ഇവിടെയാണ് ഗുണപരമാകുന്നത്. പൊലീസ് വിളിപ്പിച്ചില്ലെങ്കിലും ചോദ്യം ചെയ്യാന്‍ വരാന്‍ തയ്യാറാണ് എന്ന് താന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു എന്നൊരു വാദം ഇനി സുപ്രീം കോടതിയില്‍ സിദ്ദീഖിന് മുന്നോട്ടുവെക്കാനാകും. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പൊലീസ് വാദത്തിന് ഇതോടെ പ്രസക്തിയില്ലാതാകും.
രാമന്‍പിള്ള നല്‍കിയ നിയമോപദേശത്തില്‍ ഇക്കാര്യവും ഉണ്ടായിരുന്നു എന്നാണ് വിവരം. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജാരാകാം എന്ന് പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം സിദ്ദീഖിന്റെ നീക്കത്തില്‍ എന്ത് നടപടിയാണ് എസ് ഐ ടി എടുക്കുക എന്നതിലാണ് ആകാംക്ഷ. കേസില്‍ അന്വേഷണ സംഘം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് യുവനടിയെ പീഡിപ്പിച്ചു എന്നാണ് സിദ്ദീഖിനെതിരായ കേസ്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് സിദ്ദീഖിനെതിരെ കേസെടുത്തിരിക്കുന്നത്. സിദ്ദീഖിനെതിരെ ശക്തമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഉണ്ട് എന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.












Click it and Unblock the Notifications