ഒളിവുജീവിതം അവസാനിപ്പിച്ച് സിദ്ദീഖ് 'പ്രത്യക്ഷപ്പെട്ടു', അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനില്‍ പൊലീസ്
കൊച്ചി: ബലാത്സംഗ കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് നടന്‍ സിദ്ദീഖ്. കൊച്ചിയിലെത്തിയ സിദ്ദീഖ് സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. മകന്‍ ഷഹീനും സിദ്ദീഖിനൊപ്പമുണ്ടായിരുന്നു. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിദ്ദീഖ് തയ്യാറായില്ല. രാമന്‍പിള്ളയുമായി ഒരു മണിക്കൂറോളം സിദ്ദീഖ് കൂടിക്കാഴ്ച നടത്തി.
എറണാകുളം നോര്‍ത്തിലുള്ള രാമന്‍ പിള്ളയുടെ ഓഫീസിലേക്കാണ് സിദ്ദീഖ് എത്തിയത്. ഇന്നലെയാണ് സിദ്ദീഖിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടയുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കണം എന്നുമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

അതിനിടെ സിദ്ദീഖ് പൊതുസമക്ഷം എത്തിയെങ്കിലും അറസ്റ്റ് ചെയ്യണോ വേണ്ടേ എന്നുള്ള ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച രണ്ടാഴ്ചക്കുള്ളില്‍ സിദ്ദീഖിനെ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്.
അതേസമയം പ്രത്യേക അന്വേഷണസംഘം തുടര്‍ നീക്കങ്ങള്‍ ആലോചിക്കാന്‍ തിരുവനന്തപുരത്ത് യോഗം ചേരും എന്നാണ് വിവരം. തുടര്‍ നടപടികളുടെ കാര്യത്തില്‍ എസ് ഐ ടിക്ക് വലിയ ആശയക്കുഴപ്പമാണ് ഉള്ളത്. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുക എന്നതാണ് എസ് ഐ ടിയുടെ ആവശ്യം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പൊലീസ് ഇക്കാര്യമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്ന സ്ഥിതിക്ക് സിദ്ദീഖിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്താലും വിശദമായ ചോദ്യം ചെയ്യലിന് അവസരമുണ്ടാകില്ല. മാത്രമല്ല സിദ്ദീഖിന്റെ പ്രതികരണം മൊഴിയായി കണക്കിലാക്കി കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരും. അതിനാലാണ് കസ്റ്റഡി എന്ന ആവശ്യത്തില്‍ എസ് ഐ ടി ഉറച്ച് നില്‍ക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം അറസ്റ്റ് മതിയോ എന്നതാണ് പൊലീസ് ആലോചിക്കുന്നത്.
അതേസമയം ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചില്ലെങ്കില്‍ നേരിട്ട് ഹാജരാകാനാണ് സിദ്ദീഖിന്റെ പ്ലാന്‍. ഇന്ന് രാമന്‍പിള്ളയില്‍ നിന്ന് ഇത്തരമൊരു നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന പൊലീസിന്റെ വാദം പൊളിക്കാനും ഇതുവഴി സാധിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി സിദ്ദീഖിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത്.
ഇതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദീഖ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഐപിസി 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് സിദ്ദീഖിനെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications