വേട്ടക്കാരുടെ പേര് പുറത്തുവിടാൻ 'അമ്മ' കോടതിയെ സമീപിക്കുമോ?; നിലപാട് വ്യക്തമാക്കി സിദ്ധിഖ്
കൊച്ചി: ഡബ്ല്യുസിസി അംഗങ്ങളുടെ അവസരങ്ങൾ നിഷേധിച്ചിട്ടില്ലെന്നും അത്തരത്തിൽ ആരുടേയും അവസരം ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ധിഖ്. പാർവതിക്ക് ഇടവേളയുണ്ടായത് എന്തുകൊണ്ടാണെന്ന് അറിയില്ല. തനിക്കും കരിയറിൽ ഇടവേള ഉണ്ടായിട്ടുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.
'റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഡബ്ല്യുസിസി അംഗങ്ങളുടെ അവസരങ്ങൾ നിഷേധിച്ചിട്ടില്ല. നിഷേധിക്കാൻ സാധിക്കില്ല. എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. അഭിനേതാക്കൾക്ക് സിനിമയിൽ അവസരം കിട്ടിയാലേ അഭിനയിക്കാൻ പറ്റു.

പല ഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്. ഞങ്ങൾക്കും സിനിമ ലഭിക്കുന്നത് അങ്ങനെയാണ്. ഇടവേള എനിക്കും ഉണ്ടായിട്ടുണ്ട്.പാർവതിയുടെ കരിയറിൽ ഉണ്ടായ ഇടവേളയെ കുറിച്ച് എനിക്ക് മറുപടി പറയാൻ സാധിക്കില്ല. തിലകന്റെ മകൾ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ വളരെ കൃത്യമായാണ് കൈകാര്യം ചെയ്തത്. അവരെ അഭിനന്ദിക്കുന്നു', സിദ്ധിഖ് പറഞ്ഞു.
വളരെ ഉൾപ്രദേശങ്ങളിൽ നടക്കുന്ന ഷൂട്ടിങ് ലൊക്കേഷനുകളിലാണ് പ്രധാനമായും അടിസ്ഥാന സൗകര്യങ്ങളുടെ അപാര്യാപ്തത ഉണ്ടായിരുന്നത്. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടില്ല.മമ്മൂട്ടിയും മോഹൻലാലും നേരത്തേ കമ്മിറ്റിക്ക് മുൻപിൽ ഹാജരായിട്ടുണ്ട്. പ്രതിഫലത്തെ കുറിച്ചാണ് അവർ മൊഴി നൽകിയതെന്നാണ് അവർ പറഞ്ഞത്.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ നടപ്പാക്കേണ്ടത് സിനിമ സംഘടനയായ അമ്മയല്ല. സർക്കാരാണ്. സർക്കാർ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളോട് സഹകരിക്കാൻ അമ്മ തയ്യാറാണ്. അമ്മയ്ക്ക് മാറ്റം കൊണ്ടുവരാനുള്ള അധികാരം ഇല്ല.
വേട്ടക്കാരുടെ പേര് പുറത്തുവിടാൻ അമ്മ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ഉടൻ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ടെന്നും സിദ്ധിഖ് അറിയിച്ചു. കുറ്റക്കാർക്കൊപ്പം നിൽക്കില്ല. അവർക്കെതിരെ നടപടിയെടുക്കുക തന്നെ വേണം. പരാതിക്കാർ പോലീസിനെ സമീപിച്ചാൽ അവർക്ക് വേണ്ട സഹായങ്ങൾ അമ്മയുടെ ഭാഗത്ത് നിന്ന് ചെയ്ത് കൊടുക്കും.
ഇടവേള ബാബുവിനെതിരായ ആരോപണം സംബന്ധിച്ച ക്ലിപ്പ് കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽ പെട്ടത്. അദ്ദേഹത്തെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തീർച്ചയായും പരിശോധിച്ച് നടപടിയുണ്ടാകും. സിനിമ കോൺക്ലേവിന്റെ മറ്റ് വിശദാംശങ്ങൾ അറിയില്ല. എന്താണ് എങ്ങനെയാണ് കോൺക്ലേവ് നടത്തുക എന്നത് സംബന്ധിച്ച് വിശദാംശങ്ങൾ അറിഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാം', സിദ്ധിഖ് പറഞ്ഞു.












Click it and Unblock the Notifications