സിദ്ദീഖ് കേരളം വിടാന്‍ പാടില്ല; ഒരു ലക്ഷം കെട്ടിവയ്ക്കണം: ബലാത്സംഗ കേസിലെ ജാമ്യം കർശന ഉപാധികളോടെ
തിരുവനന്തപുരം: ബലാത്സംഗ നടന്‍ സിദ്ദീഖിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം. അന്വേഷണം കഴിയുന്നത് വരെ കേരളം വിട്ടുപോകാന്‍ പാടില്ലെന്നും ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. പ്രതി അന്വേഷണത്തോട് സഹകരിക്കണമെന്നും ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതി നേരത്തെ സിദ്ദീഖിന് കേസില്‍ മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു. വിചാരണകോടതിയില്‍ ഹാജരായി ജാമ്യം തേടണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരമാണ് അദ്ദേഹം ഇന്ന് കോടതിയില്‍ ഹാജരായത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം, പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്, തുടങ്ങിയ നിർദേശങ്ങളോടൊപ്പം പരാതിക്കാരിയുമായി ബന്ധപ്പെട്ട ആരേയും കാണാനോ സമൂഹ മാധ്യമങ്ങള്‍ വഴി പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കരുതെന്ന ഉപാധിയും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം പൊലീസ് വീണ്ടും ശക്തമാക്കി. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പൊലീസ് വ്യക്തമാക്കി. പ്രാരംഭ അന്വേഷണത്തില്‍ സിദ്ദീഖിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും മറ്റും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് പൊലീസ് വാദം.
താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില പരാമർശങ്ങളും നേരത്തെ നടത്തിയിരുന്നു. 2016 ല്‍ നടന്ന സംഭവത്തില്‍ എട്ട് കൊല്ലത്തിന് ശേഷമാണ് പരാതി ഉയർന്നു വന്നത്. പരാതിക്കാരി നേരത്തെ ഒരു ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും പരാതി നല്‍കാന്‍ അവർ തയ്യാറായിരുന്നില്ല. പരാതി നല്‍കാനുണ്ടായ കാലയളവ് പരിഗണിച്ച് മുന്‍കൂർ ജാമ്യാപേക്ഷ അംഗീകരിക്കുന്നുവെന്നായിരുന്നു കോടതി പറഞ്ഞത്.
അതേസമയം, യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സിദ്ദീഖിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ പി സി 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയവയാണ് സിദ്ദീഖിനെതിരെ ചുമത്തിയ വകുപ്പുകള്‍. ഇതോടെ മൂന്‍കൂർ ജാമ്യം തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2016 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിദ്ദീഖ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.












Click it and Unblock the Notifications