'രാത്രി 12 മണിക്ക് ശേഷം വീട്ടില്‍ പോലീസ് എത്തും', പുലര്‍ച്ച വരെ കാത്തിരുന്നു എന്ന് സിദ്ദിഖ് കാപ്പന്‍
മലപ്പുറം: കേട്ടുകേള്‍വിയില്ലാത്ത നടപടികളുമായി കേരള പോലീസ്. രാത്രി 12 മണി കഴിഞ്ഞ് പരിശോധനയ്ക്ക് ഒരു സംഘം പോലീസുകാര്‍ എത്തുമെന്ന് വൈകീട്ട് വന്ന് വീട്ടുകാരോട് പറയുന്നു. വിശദമായ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ സാധാരണ പരിശോധന മാത്രമാണ് എന്ന് ഒഴുക്കന്‍ പ്രതികരണവും. അപ്രതീക്ഷിത സംഭവങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും ഭാര്യ റൈഹാനത്തും പറയുന്നു.
ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് രണ്ട് പോലീസുകാര്‍ വീട്ടിലെത്തിയതും ഇക്കാര്യങ്ങള്‍ പറഞ്ഞതുമത്രെ. ഒരു പോലീസുകാരന്‍ വേങ്ങര സ്‌റ്റേഷനിലേതും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുമാണ് എന്നാണ് മറുപടി പറഞ്ഞതെന്ന് സിദ്ദിഖ് കാപ്പന്‍ പറഞ്ഞു. എന്താണ് രാത്രി ഒരു പരിശോധന എന്ന് ചോദിച്ചപ്പോള്‍ പഴയ കേസുമായി ബന്ധപ്പെട്ടാണ് എന്നായിരുന്നു മറുപടി. പുലര്‍ച്ചെ രണ്ട് മണി വരെ കാത്തിരുന്നെങ്കിലും പോലീസ് വന്നില്ലെന്നും കാപ്പന്‍ പറഞ്ഞു.

സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തെ വിവാദമായിരുന്നു. ലഖ്‌നൗ കോടതിയിലുള്ള കേസ് നിലവില്‍ തീര്‍പ്പായിട്ടില്ല. മാസത്തില്‍ രണ്ട് തവണ ലഖ്‌നൗ കോടതിയില്‍ ഹാജരാകാറുണ്ടെന്നും കേസ് നടപടികളുമായി സഹകരിച്ച് മുന്നോട്ട് പോകുകയാണെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു. സാക്ഷികള്‍ ഹാജരാകാത്തതിനാല്‍ കേസ് അടുത്തിടെ നിര്‍ത്തിവച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
പോലീസുകാര്‍ വീട്ടിലെത്തിയ സംഭവം റൈഹാനത്ത് കാപ്പന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. അതിങ്ങനെയാണ്...
വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടിൽ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരമില്ല.
ശേഷം കാപ്പന്റെ വക്കീൽ Adv Mohamed Dhanish KS വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും ഉത്തരങ്ങൾക്ക് വ്യക്തതയില്ല.
ബഹു: സുപ്രീം കോടതിയും ബഹു: ലക്ക്‌നൗ ഹൈക്കോടതിയും കേസുകളിൽ ജാമ്യമനുവദിക്കുകയും, ബഹു: സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പനുള്ളത്. ഉത്തർപ്രദേശിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്.
ഒരു നോട്ടീസ് കൊടുത്താലോ ഫോൺ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കാപ്പന് യാതൊരു മടിയുമില്ല താനും. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ല.
മനസ്സ് മരവിക്കുന്ന ഒരുപാട് രാത്രികളുടെ ഓർമ്മകളുടെ ഭാരം വഹിച്ച് ഈ രാത്രി കൂടി കടന്നു പോകുമായിരിക്കും, ഇന്ഷാ അല്ലാഹ്...












Click it and Unblock the Notifications