'സണ്ണി ജോസഫിൻ്റെ മതത്തെക്കുറിച്ച് മിണ്ടാട്ടമില്ല', ശശികലയുടേത് പച്ചയായ മുസ്ലിം വിരോധമെന്ന് ജയരാജൻ
കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ടായ ജാഫർ നെല്ലായിയെ പങ്കെടുപ്പിച്ചതിനെതിരെ വർഗീയ പ്രചാരണം നടത്തിയ കെപി ശശികലയെ രൂക്ഷമായി വിമർശിച്ച് പി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ജാഫർ നെല്ലായി ക്ഷേത്രത്തിന്റെ സോപാനം വരെ വരികയും വലത്തു വയ്ക്കുകയും ചെയ്തുവെന്നും ആചാരലംഘനം നടത്തിയെന്നും ശശികല ആരോപിക്കുന്നത്.
കെപി ശശികലയുടെ വിദ്വേഷ പ്രചാരണം കേരളത്തിൻ്റെ സമാധാന ജീവിതത്തിനെതിരായ വിഷപ്രയോഗമാണെന്ന് പി ജയരാജൻ കുറ്റപ്പെടുത്തി. അതേ പരിപാടിയിൽ പങ്കെടുത്ത മന്ത്രി സണ്ണി ജോസഫിൻ്റെ മതത്തെക്കുറിച്ച് മിണ്ടാട്ടമില്ലാത്ത ശശികലയ്ക്ക്, അഡ്വ. ജാഫർ നല്ലൂർ എന്ന ജനപ്രതിനിധിയുടെ പേര് കാണുമ്പോൾ മാത്രം ആചാരലംഘനം തോന്നുന്നതിൻ്റെ പിന്നിലെ ചേതോവികാരം മുസ്ലിം വിരോധം മാത്രമാണെന്നും പി ജയരാജൻ തുറന്നടിച്ചു.
'മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടിയെ മുൻനിർത്തി കെപി ശശികല നടത്തുന്ന വിദ്വേഷ പ്രചാരണം കേരളത്തിൻ്റെ സമാധാന ജീവിതത്തിനെതിരായ വിഷപ്രയോഗമാണ്. പഴയ സിനിമാ ഷൂട്ടിങ്ങ് കഥകളും കേട്ടുകേൾവികളും കൂട്ടുപിടിച്ച്, ബോധപൂർവ്വം മുസ്ലിം വിരോധം പടർത്താൻ ശ്രമിക്കുന്ന ഇവരുടെ കപട ആചാരസ്നേഹം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
ക്ഷേത്ര ട്രസ്‌റ്റും ആഘോഷ കമ്മിറ്റിയും നാട്ടുകാരാകെയും അണി ചേർന്ന് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനമാണ് ഒക്ടോബർ പത്തിന് അവിടെ നടന്നത്. ആ പരിപാടി ഉദ്ഘാടനം ചെയ്തത് മന്ത്രി സണ്ണി ജോസഫാണ്. അവിടുത്തെ വേദിയിൽ ആ പ്രദേശത്തെ ജനങ്ങളുടെ പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജാഫർ നല്ലൂർ അധ്യക്ഷനായി പങ്കെടുത്തു.

സണ്ണി ജോസഫിൻ്റെ മതത്തെക്കുറിച്ച് മിണ്ടാട്ടമില്ലാത്ത ശശികലയ്ക്ക്, അഡ്വ. ജാഫർ നല്ലൂർ എന്ന ജനപ്രതിനിധിയുടെ പേര് കാണുമ്പോൾ മാത്രം ആചാരലംഘനം തോന്നുന്നതിൻ്റെ പിന്നിലെ ചേതോവികാരം എന്താണ്? ഒറ്റ ഉത്തരം മാത്രമേ അതിനുള്ളൂ. അത് പച്ചയായ, നികൃഷ്ടമായ മുസ്ലിം വിരോധം എന്നാണ്. പേരും മതവും നോക്കി മനുഷ്യരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയും അതുവഴി ഒരു പ്രദേശത്ത് മതവിദ്വേഷം നട്ടുപിടിപ്പിക്കുകയും ചെയ്യുക എന്ന അജണ്ടയാണത്.
ഇവർ പറയുന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തിൻ്റെ അടുത്തകാലത്തെ ചരിത്രമെന്താണ്? വിഗ്രഹ കവർച്ചയുടെ ചുരുളഴിച്ചും ക്ഷേത്ര മാഹാത്മ്യം വിളിച്ചുപറഞ്ഞും ഈ ആരാധനാലയത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബാണ്. അന്ന് അലക്സാണ്ടർ ജേക്കബിൻ്റെ മതമേതാണെന്ന് ശശികലയും ഹിന്ദു ഐക്യവേദിയും അന്വേഷിച്ചുപോയോ? അന്ന് ക്ഷേത്രത്തിന് ലഭിച്ച പ്രശസ്തിയും ജനശ്രദ്ധയും സ്വീകരിക്കാൻ ഇല്ലാത്ത എന്ത് അയിത്തമാണ് ഇന്ന് ആ നാട്ടിലെ ജനപ്രതിനിധിയോട് ഇവർ കാട്ടുന്നത്?
ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസറുടെ തലയിൽ ' അപരാധം'കെട്ടിവെക്കാനും ശ്രമിക്കുന്നുണ്ട്. ആ നാട്ടിലെ വിശ്വാസികളും പൊതുജനങ്ങളും ജനപ്രതിനിധികളും ക്ഷേത്ര സ്ഥാനികരും ചേർന്നാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത, നാടൊട്ടുക്ക് നടന്ന് വർഗീയവിഷം കുത്തിവെക്കുന്ന ശശികലയെപ്പോലുള്ള കുത്തിത്തിരിപ്പുകാരല്ല മുഴക്കുന്നിലെ ആചാരങ്ങളും മര്യാദകളും തീരുമാനിക്കേണ്ടത്.
ക്ഷേത്രത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പരിഹരിക്കാൻ അവിടുത്തെ വിശ്വാസി സമൂഹത്തിന് കെൽപ്പും ബോധവുമുണ്ട്. സാംസ്കാരിക വേദിയിലെ സ്വാഭാവികമായ പങ്കാളിത്തത്തെപ്പോലും 'സോപാനം വരെ കയറി', 'വലത്തുവെച്ചു' എന്നൊക്കെ പെരുംനുണകൾ ചമച്ച് പ്രചരിപ്പിക്കുന്നത് സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു ജനതയ്ക്കിടയിലേക്ക് മതത്തിൻ്റെ പേരിൽ ഭിന്നിപ്പിൻ്റെ വിഷവിത്ത് വിതറാൻ മാത്രമാണ്. ഇത്തരം ഹീനമായ നീക്കങ്ങൾ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.
നാടിൻ്റെ ഐക്യത്തെയും സമാധാനത്തെയും തകർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഹിന്ദു ഐക്യവേദിയുടെയും സംഘപരിവാറിൻ്റെയും വർഗീയ അജണ്ടകളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കും. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന മണ്ണിൽ നിങ്ങളുടെ വിദ്വേഷ രാഷ്ടീയത്തിൻ്റെ ഒരു വിത്തുംമുളച്ചു പൊങ്ങാൻ പോകുന്നില്ല. അത് പിഴുതെറിയാനുള്ള കരുത്ത് ഈ നാടിനുണ്ട്'.


Click it and Unblock the Notifications
