ഒരാളുടെയും ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ല, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് കെ റെയിലെന്ന് കോടിയേരി
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കുക എന്നത്. ഇതുള്‍പ്പടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങളോട് പറഞ്ഞാണ് വോട്ട് വാങ്ങിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ പദ്ധതിയുടെ പേരില്‍ ഒരാളുടെയും ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ല. ഇപ്പോള്‍ നടക്കുന്നത് അരാജക സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായവ്യത്യാസങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് മടിയില്ല. കെ- റെയില്‍ പദ്ധതി കേരളത്തിന്റെ പശ്ചാത്യ വികസനത്തില്‍ അനിവാര്യഘടകമാണ്. സംസ്ഥാനത്തെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കെ റെയില്‍ കൂടിയേ തീരു. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതിനെതിരെ കുപ്രചാരണം നടത്തുകയാണ് യു ഡി എഫും ബി ജെ പിയും. വോട്ടര്‍മാര്‍ അംഗീകരിച്ച പദ്ധതിയാണെന്ന് സമരം ചെയ്യുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയുള്ള നടപടിയാണിത്. ഇതിന് ശേഷം വിദഗ്ദ സമിതിയെ നിയോഗിച്ച് ഭൂമി നഷ്ടപ്പെടുന്നവരുടെ അഭിപ്രായം കൂടി കേട്ട ശേഷമാണ് സ്ഥലത്തിന് വില നിര്‍ണയിക്കുക. തൃപ്തികരമായ വില നിര്‍ണയിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video

അതേസമയം, കഴിഞ്ഞ ദിവസം കെ റെയിലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ യു ഡി എഫ് എംപിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് എംപിമാരുടെ പ്രതിഷേധം. ഇതിനിടെ ദില്ലി പൊലീസ് എംപിമാരെ കയ്യേറ്റം ചെയ്യുകയുണ്ടായി. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ജനാധിപത്യം പാര്‍ലമെന്റിന് മുന്നില്‍ കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണം. ഒരു പ്രകോപനവുമില്ലാതെ ക്രൂരമായ ആക്രമണമാണ് എം.പിമാര്‍ക്കെതിരെ ഉണ്ടായത്. പൊലീസിനുണ്ടായ ചേതോവികാരം എന്താണെന്ന് അറിയാനുള്ള അവകാശം രാജ്യത്തിനുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദിവസമാണ് എം.പിമാര്‍ക്കെതിരെ ആക്രമണമുണ്ടായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സില്‍വര്‍ ലൈനില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ ലൈനിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പൊലീസ് നടത്തിയ ക്രൂര ആക്രമണത്തിന് പിന്നില്‍ ഇതേ ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിക്കണം.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രതികരണത്തില്‍ പുതിയതായി ഒന്നുമില്ല. സില്‍വര്‍ ലൈന്‍ വന്ന കാലത്തുള്ള അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും അഞ്ച് പൈസ തരില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും പഴയ കടലാസുകളാണ് മുഖ്യമന്ത്രി വായിക്കുന്നത്. പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ചയിലും നിയമസഭയിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. പാരിസ്ഥിതി ലോലമായ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications