'സിൽവർ ലൈൻ ബോധവല്‍ക്കരണം നടത്താൻ ആരും ഇങ്ങോട്ട് വരരുത്' - വീടിന് മുന്നിൽ പോസ്റ്റര്‍
ചെങ്ങന്നൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് എതിരെ വീടുകൾക്ക് മുന്നിൽ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാർ. പുന്തല നിവാസികള്‍ ആണ് പോസ്റ്റര്‍ പതിപ്പിച്ച് രംഗത്ത് എത്തിയത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണം നടത്താന്‍ ആരും വരരുത് എന്നാണ് പതിപ്പിച്ചിരിക്കുന്ന പോസ്റ്ററിന്റെ ഉളളടക്കം.
വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലാണ് പദ്ധതിയ്ക്ക് എതിരെ പോസ്റ്റർ എത്തിയത്. പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലായിരുന്നു പോസ്റ്റര്‍. 'സിൽവർ ലൈൻ അനുകൂലികള്‍ ആരും ബോധവത്കരണത്തിനായി വരരുത്' എന്നതായിരുന്ന പതിപ്പിച്ച പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
അതേസമയം, പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്ത് നേരത്തെ സി പി എം പ്രവർത്തകർ ബോധവത്കരണത്തിന് എത്തിയിരുന്നു. ആവശ്യം ഉന്നയിച്ച് എത്തിയ സി പി എം നേതാക്കളെ നാട്ടുകാർ തിരിച്ച് അയക്കുകയാണ് ചെയ്തത്.

പദ്ധതിയിൽ ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയ്യാറല്ല. കിടപ്പാടം വിട്ട് പുറത്തേക്ക് ഇറങ്ങില്ല എന്നതായിരുന്നു നാട്ടുകാരുടെ പ്രതികരണം. നാട്ടുകാര്‍ വിശദീകരണ ലഘു ലേഖകള്‍ വാങ്ങാൻ പോലും തയ്യാറായില്ല. ഈ സംഭവത്തിന് പിന്നാലെ ആണ് ഇപ്പോൾ നാട്ടുകാർ പോസ്റ്ററുമായി എത്തിയിരിക്കുന്നത്. വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉള്‍പ്പെടുന്നത്. 2.06 ഹെക്ടര്‍ പദ്ധതിയ്ക്ക് വേണ്ടി ഏറ്റെടുക്കണം എന്നാണ് റിപ്പോർട്ട്. ഈ പദ്ധതിയിൽ വെണ്‍മണി, മുളക്കുഴ എന്നീ പഞ്ചായത്തുകളിലെ 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നശിക്കും.

അതേസമയം, സിൽവർ ലൈൻ സർവ്വേ നടത്തുന്നത് ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദം പൊളിയുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങളാണ് പുറത്തായിരുന്നത്. സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കിയ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നത്.

തുടർ വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിക്കുന്ന വിജ്ഞാപനം സർക്കാർ പുറത്ത് ഇറക്കിയത് 2021 ഒക്ടോബർ എട്ടിന് ആണ്. സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ സാമൂഹിക ആഘാത പഠനത്തിന് ആണെന്ന സർക്കാറിന്റെ വാദത്തിന് വിരുദ്ധമാണ് വിജ്ഞാപനം. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വിജ്ഞാപനത്തിലെ പരാമർശങ്ങൾ സാങ്കേതികം മാത്രം ആണെന്ന് ആയിരുന്നു സർക്കാർ നൽകിയ വിശദീകരണം.

അത്യാവിശ്യം ആകുന്ന മുറയ്ക്ക് സർവേ സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ അനുമതി ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. അതേസമയം, പദ്ധതിയുടെ ഭാഗമായി സർവേ കല്ല് സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ ഭൂമി വില കൊടുത്ത് വാങ്ങാം എന്നും ഈ പുറത്തു വന്ന വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ്. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാർ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഇക്കാര്യവും പുറത്തായ വിജ്ഞാപനത്തിലൂടെയാണ് വ്യക്തമാകുന്നത്.

സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം. കെ റെയിൽ കോർപറേഷന്റെ അനുമതിയോടെ പ്രത്യേക നിർദേശത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥൻ യു വി ജോസിനായിരുന്നു ലാന്റ് അക്വിസിഷൻ ഓഫീസറായി സർക്കാർ നിയമിച്ചത്. നിലവിൽ ഇദ്ദേഹം വിരമിച്ചു. 2021 ഒക്ടോബർ 21 - നായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം എന്നതും വിജ്ഞാപനത്തിൽ വ്യക്തമാണ്. എന്നാൽ, സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായാണ് സർവേ കല്ലുകൾ സ്ഥാപിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയ്ക്ക് എതിരെ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ പ്രതിഷേധം സമരങ്ങൾ നടക്കുകയാണ്.












Click it and Unblock the Notifications