Silver Rate Today; സ്വർണം മാത്രമല്ല, ദേ താഴെ കിടക്കുന്നു വെള്ളിയും..വൻ വിലയിടിവ്; വാങ്ങാൻ മികച്ച സമയം
കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളി വിലയിൽ വലിയ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്. 2025-ന്റെ തുടക്കത്തിൽ ഔൺസിന് 30 ഡോളറായിരുന്ന വില ഈ വർഷം ആദ്യം 120 ഡോളർ കടന്നു. വിതരണക്കുറവാണ് വെള്ളി വിലയെ തീപിടിപ്പിച്ചത്.
സാധാരണക്കാരെ സംബന്ധിച്ച് വെള്ളി എന്നത് ആഭരണങ്ങൾ മാത്രമാണ്. എന്നാൽ വലിയ വ്യവസായിക ആവശ്യം വെള്ളി കൊണ്ടുണ്ട്. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ്, എഐ, ഹരിത ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിങ്ങനെയുള്ള വ്യവസായങ്ങൾക്കെല്ലാം വെള്ളി അത്യാന്താപേക്ഷിതമാണ്. വ്യാവസായിക ആവശ്യം ഉയർന്നത് വെള്ളി വിലയെ സ്വാധീനിച്ചു.

ഇതിനിടയിൽ ഭൂമിശാസ്ത്രപരമായ അനിശ്ചിതത്വം, വ്യാപാര തർക്കങ്ങൾ, യുഎസ് കടം, പണപ്പെരുപ്പം, ഡോളർ മൂല്യത്തകർച്ച എന്നിവയും സുരക്ഷിത നിക്ഷേപമായി വെള്ളിയുടെ ഡിമാൻഡ് വർദ്ധിപ്പിച്ചു. സർക്കാരുകളുടെ തന്ത്രപരമായ വാങ്ങലുകൾ, ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ, വെള്ളി ഇടിഎഫുകളിലെ നിക്ഷേപ വർദ്ധനവ് എന്നിവയും വില മുന്നേറ്റത്തിന് കാരണമായി.
എന്നാൽ കുതിച്ചുയർന്ന വെള്ളി വിലയിൽ കഴിഞ്ഞ മാസം ( ജനുവരി മുതൽ ഫെബ്രുവരി ആദ്യ ആഴ്ച വരെ) വലിയ ഇടിവാണ് ഉണ്ടായത്. അതായത് വിലയിൽ ഏകദേശം 9.3 ശതമാനം വരെ ഇടിവ്. ഇതോടെ ആഗോള വിപണിയിൽ വെള്ളി വില 79.88 ഡോളിന് താഴെ പോകുമോ അതോ തിരിച്ചുവരവ് നടത്തുമോ എന്ന ചോദ്യമാണ് നിക്ഷേപകർ ഉയർത്തുന്നത്. വ്യാവസായിക ആവശ്യകതക്കുറവ്, ഡോളറിന്റെ കരുത്ത്, ആഗോള വിപണിയിലെ കൂട്ടവിൽപ്പന എന്നിവയാണ് വെള്ളി വിലയിടിവിന് കാരണമായത്. സ്വർണ്ണം, പ്ലാറ്റിനം, പല്ലേഡിയം തുടങ്ങിയ മറ്റ് ലോഹങ്ങളിലും ആഗോള ഓഹരി വിപണികളിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സ്പോട്ട് വെള്ളി 9.3% കുറഞ്ഞ് ഒരു ഔൺസിന് 79.88 ഡോളറിൽ എത്തി നിൽക്കുകയാണിപ്പോൾ. കഴിഞ്ഞയാഴ്ച വെള്ളി 121.64 ഡോളർ എന്ന സർവ്വകാല റെക്കോഡ് തൊട്ടിരുന്നു. വില ഉയർന്നതോടെ ഡിമാൻഡ് കുറഞ്ഞതാണ് ഇതിന് കാരണമെന്ന് നിർമൽ ബാങ് കൊമോഡിറ്റീസിലെ കുനാൽ ഷാ ചൂണ്ടിക്കാട്ടുന്നു. വില വർധിച്ചതോടെ ചൈനയിലെ സോളാർ പാനൽ നിർമ്മാതാക്കൾ ബദലുകൾ തേടുകയാണ്. സ്വാഭാവികമായും ഇത് വിലയെ സ്വാധീനിച്ചു..
വ്യാവസായിക ഡിമാൻഡ് ദുർബലമായി തുടരുകയും ഡോളർ ശക്തമായി നിൽക്കുകയും ചെയ്താൽ വെള്ളി വിലയിൽ ഇനിയും ഇടിവ് ഉണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഡിമാൻ്റ് ഉയരുകയും ആഗോള വിപണി സ്ഥിരത കൈവരിക്കുകയും ചെയ്താൽ ഒരു തിരിച്ചുവരവ് സാധ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ഇന്നത്തെ വെള്ളി വില
ഇന്ന് ഗ്രാമിന് 275 രൂപയാണ് വെള്ളിക്ക് വില
സ്വർണവും കൂപ്പുകുത്തുന്നു
സംസ്ഥാനത്ത് സ്വർണ വിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 1.31 ലക്ഷം വരെ തൊട്ട സ്വർണ വില നിലവിൽ പവന് 1,11,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം നാലായിരം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ വരും ദിവസങ്ങളിലും സ്വർണ വില കൂപ്പുകുത്താനുള്ള സാധ്യതയാണ് ഒരു വിഭാഗം പ്രവചിക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം കുതിപ്പ് തുടരുമെന്നാണ് മറ്റ് വിദഗ്ധരുടെ പ്രവചനം. വില ഔണ്‍സിന് 6000 ഡോളർ വരെ തൊട്ടേക്കാമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications