2024 സ്വർണത്തിന്റേതെങ്കിൽ 2025 വെള്ളിയുടേത്; ഇപ്പോൾ വാങ്ങിക്കോളൂ, സ്വർണത്തേക്കാൾ ലാഭം
സ്വർണവില റോക്കറ്റ് പോലെ കുതിച്ച വർഷമായിരുന്നു 2024. വില വർധനവ് സ്വർണപ്രേമികളെ കരയിച്ചെങ്കിലും സ്വർണത്തിൽ നിക്ഷേപിച്ചവരെ സംബന്ധിച്ച് വൻ ലാഭം കൊയ്ത വർഷം കൂടിയാണിത്. 2025 ലും സ്വർണ വില കുതിച്ചുയരുമെന്നാണ് പ്രവചനങ്ങൾ. എങ്കിലും ഈ വർഷത്തേതിന് സമാനമായൊരു വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് വിലയിരുത്തലുകൾ. അതേസമയം അടുത്ത വർഷം സ്വർണത്തേക്കാൾ നേട്ടമുണ്ടാക്കുക വെള്ളിയായിരിക്കും എന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
സ്വർണ വില പോലെ തന്നെ ഈ വർഷം വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. 2024 ൽ ഏകദേശം 25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. വ്യവസായങ്ങളിൽ നിന്നും (ഇലക്‌ട്രോണിക്‌സ്, സോളാർ പാനലുകൾ പോലുള്ളവ) സാമ്പത്തിക വിപണികളിൽ നിന്നും (നിക്ഷേപ ആവശ്യം പോലെ) ഡിമാന്റ് വർധിക്കുന്ന സാഹചര്യത്തിൽ വെള്ളി വിലയിലെ വർധനവ് ഇനിയും തുടർന്നേക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

ഖനനത്തിലെ പ്രതിസന്ധി കാരണം ആഗോള വെള്ളി വിപണിയിൽ വിതരണക്ഷാമം രൂക്ഷമാണ്. വിതരണം പരിമിതമായും വ്യവസായിക ആവശ്യങ്ങൾ വർധിച്ചതുമാണ് വെള്ളി വില ഉയരാൻ കാരണമായത്. നിലവിൽ ആഗോള വെള്ളി ഉപയോഗത്തിന്റെ 55.8 ശതമാനവും വ്യാവസായിക ആവശ്യങ്ങൾക്കാണ്. ഹ്രസ്വകാലത്തേക്ക് വെള്ളി വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ആവശ്യം ഉയർന്നതും വിതരണം പരിമിതമാണെന്നതും വിലയെ വലിയ രീതിയിൽ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
'സ്വർണം-വെള്ളി അനുപാതം കുറയുകയാണ്. ഇപ്പോൾ ഇത് 90 എന്ന നിലയ്ക്ക് താഴെയാണ്. ചൈനയിലെ സാമ്പത്തിക ഉത്തേജക നടപടികൾ, യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെ നിരവധി ആഗോള സെൻട്രൽ ബാങ്കുകളുടെ പലിശ നിരക്ക് കുറയ്ക്കൽ തുടങ്ങിയ നടപടികൾ വെള്ളിയുടെ വ്യാവസായിക ഡിമാൻഡും ഉപഭോഗവും വർധിപ്പിക്കും. വെള്ളിയിൽ ആളുകൾ കൂടുതൽ നിക്ഷേപിക്കുന്നതും അവയുടെ ഡിന്റ് കൂടാനും വില ഉയരാനും കാരണമാകും', കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ പറഞ്ഞു.
സ്വർണം വളരെ വിലപിടിച്ചതായതിനാൽ താങ്ങാനാവുന്ന ബദൽ എന്ന നിലയിലും ആളുകൾ വെള്ളിയിലേക്ക് തിരിയുമെന്നും കേഡിയ അഭിപ്രായപ്പെട്ടു. അടുത്ത വർഷം വെള്ളി വിലയിൽ 15 മുതൽ 20 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ തന്നെ 2025 ന്റെ ആദ്യ പാദത്തിലായിരിക്കും വിലയിൽ വർധനവ് ഉണ്ടാകുക. അടുത്ത വർഷം മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിൽ വെള്ളിയുടെ വില കിലോയ്ക്ക് 1,30,000 രൂപയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സ്വർണം 10 ഗ്രാമിന് 85,000 രൂപയായി തുടരുമെന്നും കെഡി പ്രവചിക്കുന്നു.
ഇപ്പോൾ കഴിയുമെങ്കിൽ വെള്ളി കൂടുതലായി വാങ്ങാനാണ് ചോയ്സ് ബ്രോക്കിംഗ് നിർദ്ദേശിക്കുന്നത്. ഡിമാൻഡ് ഉയർന്നാൽ സമീപകാലത്ത് തന്നെ വില 10-12 ശതമാനം വർധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications