കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം: മന്ത്രി കെ രാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ എല്ലാ ആശങ്കകളും പൂര്‍ണമായും ദൂരികരിച്ച് കൊണ്ട് മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകൂ എന്ന് റവന്യൂമന്ത്രി കെ രാജന്‍. കാസര്‍കോട്-തിരുവനന്തപുരം അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പദ്ധതിയുടെ ഭാഗമായി ഇട്ടിരിക്കുന്ന കല്ലുകള്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ഉള്ളതല്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിനുള്ള മേഖല നിര്‍ണയിച്ചു നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

krajan-1623983264-164242879

പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം പദ്ധതി ബാധിതരെ വിളിച്ചു ചേര്‍ത്ത് ഹിയറിംഗ് നടത്തി വിദഗ്ധ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കേണ്ട ഭൂമി നിര്‍ണയിക്കുകയെന്നും മന്ത്രി പറഞ്ഞു. ഭൂമിക്ക് മതിപ്പ് വിലയുടെ നാലിരട്ടി വരെ തുക നല്‍കിയും സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കിയുമാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ദീര്‍ഘമായ ചര്‍ച്ചകളുടെയും ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. ദേശീയപാതയ്ക്ക് 60 മീറ്റര്‍ വരെ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്ന സ്ഥാനത്ത് കെ റെയിലിന് വേണ്ടി 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നത്. പാത കടന്നു പോകുന്ന 530 കിലോമീറ്ററില്‍ 137 കിലോമീറ്റര്‍ ആകാശപാതയോ തുരങ്കങ്ങളോ ആണ്. ബാക്കി 400ഓളം കിലോമീറ്ററില്‍ ഓരോ 500 മീറ്ററിലും പാത മുറിച്ചുകടക്കാന്‍ വഴിയൊരുക്കും. അതിനാല്‍ കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് ഇതെന്ന വാദം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ റെയില്‍വേ ട്രാക്കില്‍ 36 ശതമാനം ഇടങ്ങളിലും കൊടും വളവാണ്. ഇവ നിവര്‍ത്താതെ അതിവേഗ ട്രെയിനുകള്‍ ഓടിക്കാനാവില്ല. വളവുകള്‍ നിവര്‍ത്തുന്നതിന് ഏകദേശം കെ-റെയില്‍ പദ്ധതിക്കാവശ്യമായ അത്ര തന്നെ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. കെ-റെയില്‍ വഴി യാത്ര എളുപ്പമാകുമെന്നു മാത്രമല്ല, ചരക്ക് ഗതാഗത കാര്യത്തില്‍ ഒരു വലിയ മുന്നേറ്റം കൂടി സാധ്യമാകും. പരിസ്ഥിതി ആഘാതം പരമാവധി കുറച്ചു നടപ്പിലാക്കുന്ന പദ്ധതി വഴി, വാഹനങ്ങള്‍ ഉണ്ടാക്കുന്ന വായു മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ 40,000ത്തിലേറെ വാഹനാപകടങ്ങള്‍ നടക്കുന്ന കേരളത്തിലെ റോഡുകളില്‍ 4000ത്തിലേറെ ജീവനുകളാണ് അവയിലൂടെ പൊലിയുന്നത്. ഇത് വലിയൊരു അളവ് വരെ കുറയ്ക്കാന്‍ കെ-റെയില്‍ പദ്ധതിയിലൂടെ സാധിക്കും. കെ-റെയില്‍ വരുന്നതോടെ റോഡ് ഗതാഗതം സുഗമമാവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായമായി കെ-റെയില്‍ മാറുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളം ഭാവിയില്‍ അഭിമാനത്തോടെ എടുത്തുപറയുന്ന നേട്ടമായി ഇത് മാറും. കേരള കൈവരിച്ച സാമൂഹിക വികസനത്തിനൊപ്പം ഭൗതിക സാഹചര്യങ്ങള്‍ കൂടി വികസിക്കേണ്ടതുണ്ടെന്നും അതിന് കെ-റെയില്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഏത് പുതിയ പദ്ധതി വരുമ്പോഴും ജനങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടാവുക സാധാരണമാണെന്നും സ്വാഭാവികമായ അത്തരം ആശങ്കകള്‍ പരിഹരിച്ചുകൊണ്ടു മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോവുകയുള്ളൂ എന്നും മന്ത്രി കൂട്ടിചേര്‍ത്തു.

പുതിയ കാലത്തിന് അനുസരിച്ച് സംസ്ഥാനത്തെ ഗതാഗത സംവിധാനം വികസിക്കേണ്ടതുണ്ടെന്ന് പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു പറഞ്ഞു. നവകേരള സൃഷ്ടിക്ക് അനുയോജ്യമായ രീതിയിലുള്ള പദ്ധതി നടപ്പിലാവുന്നതോടെ സംസ്ഥാനം കൂടുതല്‍ നിക്ഷേപ സൗഹൃദമാവും. വാണിജ്യ, വ്യവസായ, ടൂറിസം, ഐടി മേഖലകളില്‍ വലിയ കുതിച്ചു ചാട്ടത്തിന് പദ്ധതി വഴിയൊരുക്കും. നിര്‍മ്മാണ ഘട്ടത്തില്‍ 50,000 പേര്‍ക്കും പദ്ധതി പൂര്‍ത്തിയാവുന്നതോടെ 10,000 പേര്‍ക്കും തൊഴില്‍ നല്‍കാനും ഇതിലൂടെ സാധിക്കും. ഗെയില്‍, ദേശീയപാതാ വികസനം പോലുള്ള സംസ്ഥാനത്തെ വികസന പദ്ധതികളെ നേരത്തേ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കെ-റെയിലിനെതിരേയും പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവ ജനങ്ങള്‍ തള്ളിക്കളയുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ പാത കടന്നു പോകുന്ന ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരും കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും സംയുക്തമായാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്. തൃശൂര്‍ കെ കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. എംഎല്‍എമാരായ പി ബാലചന്ദ്രന്‍, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി- സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ റെയില്‍ പ്രോജക്ട് ആന്റ് പ്ലാനിംഗ് ഡയറക്ടര്‍ പി ജയകുമാര്‍ സ്വാഗതവും ജോയിന്റ് ജനറല്‍ മാനേജര്‍ ജി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

English summary
Silverline Land Acquisition Only After All Concerns Resolved: Minister K Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X