• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാഫിര്‍ മുലകളും', 'ലഅല്ലക്കും തത്തക്കൂനും' പിന്നെ ഓണവും: വ്യത്യസ്തമായ കുറിപ്പ്

  • By Desk

കൊച്ചി: ഓണം, ക്രിസ്മസ് പോലുള്ള അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കണമെന്ന മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖരാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരിക്കുന്നത്. സിംസാറുല്‍ ഹഖ് ഹുദവിക്ക് ഓണാശംസകള്‍ നേര്‍ന്നിരിക്കുകയാണ് എഴുത്തുകാരന്‍ അനീസ് സലീം. മുസ്ലിംകള്‍ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ വ്യക്തിക്കും ഓണാശംസകള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കുട്ടിക്കാലത്തെ അയല്‍പ്പക്ക ബന്ധം സൂചിപ്പിച്ചാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഫേസ്ബുക്ക് കുറിപ്പിട്ടത്. ഗവേഷകനായ യാസര്‍ അറാഫത്തിന്റെ പ്രതികരണമാണ് ഏറ്റവും ഒടുവില്‍ ശ്രദ്ധേയമായത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ....

ഓണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം എഴുതരുത് എന്ന് തീരുമാനിച്ചതായിരുന്നു. മാതൃഭൂമിയില്‍ മുന്‍പ് 'നവസലഫിസവും ഓണാഘോഷവും' പിന്നീട് ദി വയറില്‍ 'ഹിന്ദുത്വവും ഓണവും മഹാബലിയും' എന്ന രണ്ടു ലേഖനങ്ങള്‍ മുന്‍പേ എഴുതിയിരുന്നു. മാതൃഭൂമി ലേഖനം ഇളക്കിവിട്ട കോലാഹലം ഇപ്പോഴും പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ല. അത് മാത്രമല്ല, ചര്‍ച്ച അവിടെത്തന്നെ നില്‍ക്കുകയാണ്.

സിംസാറുല്‍ ഹഖിന്റെ പഴയ വീഡിയോ ഇളക്കിവിട്ട കോലാഹത്തിന്റെ വെളിച്ചത്തില്‍ മറ്റ് ചില കാര്യങ്ങള്‍ എഴുതണമെന്ന് തോന്നി. ഇതിന്റെ കാരണം, ഈ 'വീഡിയോ പഴയതാണ്' അത് ഇപ്പോള്‍ പൊക്കിയത് പരിവാറുകാരാണ് എന്ന പ്രതിരോധം വരുന്നത് കാണുമ്പോഴാണ്. വീഡിയോ പഴയത് തന്നെയാണെങ്കിലും ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

മോദി സര്‍ക്കാരിന്റെ വന്‍ അഴിമതി? നഷ്ടം നാല് ലക്ഷം കോടി!! സംഭാവനയ്ക്ക് ബദലെന്ന് കോണ്‍ഗ്രസ്

ഖുര്‍ആനില്‍ എന്നെ ഏറ്റവും ആകര്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രയോഗങ്ങളിലൊന്നാണ് 'ലഅല്ലക്കും തത്തക്കൂന്‍' എന്നത്. പല പ്രാവശ്യം ആവര്‍ത്തിക്കുന്ന പ്രയോഗത്തിന് ഖുര്‍ആന്‍ ഗവേഷകര്‍ പലതരത്തിലുള്ള അര്‍ത്ഥങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ 'നല്ലവരാകാന്‍ വേണ്ടി' മുതലുള്ള പല അര്‍ഥങ്ങള്‍ ഉപയോഗിക്കപ്പെട്ടു. ഇതില്‍ ഏറ്റവും നല്ല വിശദീകരണങ്ങളില്‍, 'ഉപദ്രവിക്കുന്ന, ബുദ്ധിമുട്ടുന്ന കാര്യങ്ങളില്‍ നിന്ന് (നിങ്ങളെത്തന്നെ) തടഞ്ഞു നില്‍ക്കുന്നവരാവാന്‍ വേണ്ടി' എന്നത് ആണെന്ന് തോന്നിയിട്ടുണ്ട്. ഇതിനു മലയാളത്തിലെ പല മുസ്ലിം പണ്ഡിതരും 'നിങ്ങള്‍ സൂക്ഷ്മത ഉള്ളവര്‍ ആകാന്‍ വേണ്ടി' എന്നാണ് ഉപയോഗിക്കുന്നത്. ഖുര്‍ആനില്‍ 'സൂക്ഷ്മത', 'പക്വത' തുടങ്ങിയ കാര്യങ്ങള്‍ക്ക് പല സ്ഥലങ്ങളിലും ഊന്നല്‍ കൊടുത്തതായി കാണാം. ഇസ്ലാമും വിശ്വാസികളും ഇത് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത് അവര്‍ പണ്ഡിതന്മാരായി കരുതുന്നവരില്‍ നിന്നാണ്.

ഈ വീഡിയോ മുന്പ് പറഞ്ഞതായിരിക്കാം. എന്നാല്‍ സൈബര്‍ ലോകത്തു ജീവിക്കുന്ന ഒരു പ്രഭാഷകന്‍, പല നാള്‍വഴികളിലൂടെയും, കൈവഴികളിലൂടെയും വന്നിട്ടുള്ള ഒരാഘോഷത്തെയും, അമുസ്ലിംകളുടെ കൂടെ ഭക്ഷണം കഴിക്കുന്നതും, മറ്റുള്ളതിനേയും 'ഇസ്ലാമികമല്ല' എന്ന് പറഞ്ഞു റദ്ദുചെയ്യുമ്പോള്‍, പ്രത്യേകിച്ച് ഫാഷിസത്തിന്റെ കാലത്തു, അയാള്‍ ഒരു സമുദായത്തെ തന്നെയാണ് ആക്രമിക്കുന്നത്. ഒന്ന് ഇസ്ലാമിലെ നിയമവശങ്ങള്‍ നേര്‍ രേഖയില്‍ സഞ്ചരിക്കുന്നവയല്ല. അവയ്ക്കു പലതരത്തിലുള്ള വിശദീകരണങ്ങളുണ്ട്. രണ്ടു, ഖുര്‍ആന്‍ കൃത്യമായി നിഷ്‌കര്‍ഷിക്കുന്ന 'സൂക്ഷ്മത', 'പക്വത' തുടങ്ങിയ ഗുണങ്ങള്‍ അയാള്‍ ഒരു പ്രഭാഷകനെന്ന നിലയില്‍ പാലിച്ചില്ല. അതായത് ഒരു പണ്ഡിതനെന്ന നിലക്കും, പൗരന്‍ എന്ന നിലക്കും, ഒരു പ്രത്യേക കാലത്തു ജീവിച്ചിരിക്കുന്ന രാഷ്ട്രീയ മനുഷ്യനെന്ന നിലക്കുമുള്ള 'സൂക്ഷ്മത' അയാള്‍ പാലിച്ചിട്ടില്ല.

'സിംസാറുല്‍ ഹമുക്കിന് ഓണാശംസകള്‍': വിദ്വേഷ പ്രാസംഗികന്റെ വായടപ്പിച്ച് ഓണം മുബാറക്ക്

പൊതുമണ്ഡലത്തില്‍ പറയുന്ന കാര്യങ്ങള്‍ 'ഹിന്ദുത്വ രാഷ്ട്രീയം', താന്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനെതിരെ ഉപയോഗിക്കും എന്നുള്ള സൂക്ഷമമായ തിരിച്ചറിവും അയാള്‍ക്കില്ലാതാവുന്നു.

ഇത്തരത്തിലുള്ള രാഷ്ട്രീയ കാലത്തു സൂക്ഷമത പുലര്‍ത്തേണ്ടത് എങ്ങിനെയാണെന്ന് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ വളരെ കൃത്യമായി കേരളത്തിലെ പണ്ഡിതരോട് പതിനാറാം നൂറ്റാണ്ടില്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. 'കുഫ്ര്‍ ആരോപിച്ചു മതവിധി പുറപ്പെടുവിക്കുന്ന പണ്ഡിതന്മാര്‍ സൂക്ഷ്മത പുലര്‍ത്തണം ' എന്ന് ഇന്ത്യന്‍ സമുദ്രത്തിലുള്ള മുസ്ലികളുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മ ശാസ്ത്ര പുസ്തകമായ 'ഫത്ഹുല്‍ മുഈന്‍' (1575) അര്‍ത്ഥ ശങ്കയില്ലാത്ത വിധം പറഞ്ഞുവെക്കുന്നുണ്ട്. ഈ പ്രഭാഷകന് ഈ പുസ്തകം പരിചയമില്ലാതിരിക്കാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ മറ്റ് ഗ്രന്ഥങ്ങളും ഖാദി മുഹമ്മദിന്റെ എഴുത്തുകളും അതിനെ തുടര്‍ന്ന് വന്നിട്ടുള്ള യോഗ്യരായ പണ്ഡിതന്മാരുടെ എഴുത്തുകളും കേരളം പോലെയുള്ള ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പുലര്‍ത്തേണ്ട മര്യാദകളെപ്പറ്റി, സൂക്ഷമതയെപ്പറ്റി നല്ല സൂചനകള്‍ തരുന്നുണ്ട്.

ഇനി കാഫിര്‍ മുലകളിലേക്ക് വരാം.

അമുസ്ലിംകളുടെ കൂടെ ഭക്ഷണം കഴിക്കരുത്, അവരുടെ വീട്ടില്‍ പോകരുത് എന്നൊക്കെയുള്ള വാദമുള്ള ന്യൂ ജനറേഷന്‍ പണ്ഡിതരോട് കേരളത്തിലെ വേറൊരു ചരിത്രത്തിനെ പറ്റിപറയണം.

നിങ്ങള്‍ കാഫിറുകളാക്കി മാറ്റി നിര്‍ത്തുന്ന സ്ത്രീകളുടെ 'കാഫിര്‍ മുലക'ള്‍ കുടിച്ചു വളര്‍ന്നുവന്ന വലിയൊരു വിഭാഗം മാപ്പിളമാരുണ്ട് കേരളത്തില്‍.

ഈ ചരിത്രസത്യം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് വലിയുമ്മയുടെ ഉമ്മയില്‍ നിന്നാണ്. അത് വലിയുമ്മയില്‍ കൂടി ഉമ്മയിലെത്തി, ഉപ്പയുടെ അടുത്ത സുഹൃത്ത് കളരിച്ചാലില്‍ നാരായണിയേടത്തിയിലെത്തി, എരഞ്ഞിക്കല്‍ പൊക്കിയമ്മയില്‍ എത്തിയപ്പോഴേക്കും നല്ലൊരു ഗവേഷണത്തിനുള്ള ആശയങ്ങള്‍ മനസ്സിലെത്തിയിരുന്നു. മറിയം യലൂമിന്റെ 'മുലയുടെ ചരിത്രം' (1997) വായിക്കുന്നതോടെ ആ ഗവേഷണത്തിന് പുതിയൊരു ഘടന വരുകയായിരുന്നു. അങ്ങിനെയാണ് ട്രാന്‍സെന്റിങ് ബ്രസ്റ്റ്‌സ്; മില്‍ക്ക് കിന്‍ഷിപ്പ്, ഐഡന്റിറ്റീസ് ആന്റ് കമ്യൂണല്‍ ലിവിങ് ഇന്‍ മലബാര്‍ എന്ന എന്റെ ഗവേഷണം പൂര്‍ത്തിയാവുന്നത്. അത് പുറത്തുവരാന്‍ വേണ്ടി കാത്തിരിക്കുകയാണ്. അതിന്റെ വിശദീകരണം പിന്നെ!

ചെറിയൊരു ഭാഗമിതാണ്. മലബാറിലെ മുസ്ലിംകളിലെ പലരും ഹിന്ദു അമുസ്ലിം സ്ത്രീകളുടെ മുലകളും കൂടി കുടിച്ചാണ് വളര്‍ന്നു വന്നിട്ടുള്ളത്. അതിന്റെ കാരണങ്ങള്‍ ഇവിടെ വിശദമാക്കുന്നില്ല. എന്റെ ബാപ്പക്ക് രണ്ടു ഹിന്ദു സ്ത്രീകള്‍ മുലകൊടുത്തിട്ടുണ്ട്. അമ്മാവന്മാരില്‍ പലര്‍ക്കും തീയ്യ സ്ത്രീകള്‍ മുലകൊടുത്തിട്ടുണ്ട്. പൊയില്‍ അബ്ദുല്ലക്ക എന്ന അടുത്ത ബന്ധുവിന് നാട്ടിലെ പ്രധാന തീയ്യ കുടുംബമായ കുറൂളി യിലെ ഒരു സ്ത്രീയാണ് മുലകൊടുത്തു വളര്‍ത്തിയത്. ഹിന്ദു സ്ത്രീ മുലകൊടുത്തു വളര്‍ത്തിയ, നാദാപുരത്തെ ഏറ്റവും പ്രശസ്തമായ കഥയാണ്, ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ പണ്ഡിതനായ കോറോത്ത് മൊയ്ദു മൗലവിയുടെയും ചിരുതയുടെയും കഥ.

ചിരുതയുടെ 'അമ്മയുടെ മുലകുടിച്ചു വളര്‍ന്ന മൗലവിയും ചിരുതയും പൂര്‍ണ്ണാര്‍ത്ഥത്തില്‍, ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിന്റെ വെളിച്ചത്തില്‍ത്തന്നെ, ആങ്ങളയും പെങ്ങളുമായിട്ടാണ് ജീവിച്ചത്.

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

തൊട്ടും, സ്‌നേഹിച്ചും, ഒന്നിച്ചു ഭക്ഷണം കഴിച്ചും ജീവിച്ച എന്റെ ഉപ്പയുടെയും അദ്ദേഹത്തിന്റെ, ഒരേ അമ്മയുടെ, മുലകുടിച്ച ഹിന്ദു പെങ്ങന്മാരുടെയും ജീവിതം അടുത്തുനിന്നു കണ്ടിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലും ചുറ്റും അത്തരത്തിലുള്ള ജീവിതത്തിന്റെ മധുരങ്ങള്‍ സ്‌നേഹിച്ചു കഴിയുന്ന നിരവധി പേര് ഇപ്പോഴും ഉണ്ട്. നിരവധി പേരുടെ അഭിമുഖങ്ങള്‍ എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരെല്ലാം മുസ്ലിംകളായിത്തന്നെ ജീവിക്കുന്നുണ്ട്. മുസ്ലിം മുലകള്‍ ഹിന്ദു പൈതങ്ങളും കുടിച്ചിട്ടുണ്ട്. അവര്‍ ഹിന്ദുക്കളായിട്ടും ജീവിക്കുന്നുണ്ട് . ഇനി ഇതിനെ മുല-ജിഹാദ് എന്നൊന്നും വിളിച്ചു വരില്ലെന്ന് കരുതുന്നു.

അതായത്, മതത്തിന്റെ അപ്പുറത്തു, മുലകള്‍ പോലും കൈമാറി കുട്ടികളെ വളര്‍ത്തിയ തലമുറകളെ കണ്ടുവളര്‍ന്ന ഒരു തലമുറയും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്. അപ്പോഴാണ്, എല്‍കെജി മുതല്‍ ഇന്നുവരെ ഒരറ്റ രീതിയിലുള്ള മനുഷ്യരോട് ഇടപെടുന്ന, ഒറ്റ മതത്തില്‍ വിശ്വസിക്കുന്നവരോട് സംസാരിക്കാന്‍ തീരുമാനിച്ച, മത സ്ഥാപനങ്ങള്‍ രാജ്യങ്ങളായി കണക്കാക്കുന്ന, അതിന്റെ പുറത്തെ രാജ്യം കാണാത്ത മാവേലി-മുഫ്തിമാര്‍ വന്നു ഹിന്ദുക്കളുടെയും ക്രിസ്ത്യായനിയുടെയും ഭക്ഷണം കഴിക്കാന്‍ പറ്റില്ല എന്നുള്ള മനുഷ്യരഹിതമായ മതവരിപ്പിക്കുന്നത്.

ഇസ്ലാമിക കര്‍മ്മ ശാസ്ത്ര പഠന മേഖല അതി വിശാലമായി വളരുമ്പോള്‍, അതില്‍ വലിയൊരു ശതമാനം ഇംഗ്‌ളീഷിലായിരിക്കുമ്പോള്‍, അത്തരത്തിലുള്ള പഠനങ്ങളെ പരിചയിക്കാനോ മനസ്സിലാക്കാനോ ഉള്ള ഭാഷാപരമായ, രീതിശാസ്ത്രപരമായ കഴിവുകളെ സ്വയം മരവിച്ചു നിര്‍ത്തിയവരുമാണ് ഇതില്‍ ഭൂരിഭാഗവും.

നിങ്ങള്‍ എന്താഘോഷിച്ചാലും ഇല്ലെങ്കിലും ഇവിടെ വിഷയമല്ല. അത് പക്ഷെ ആഘോഷിക്കുന്നവരൊക്കെ കാഫിറാണ്, ആഘോഷം കുഫ്ഫാറത്താണ്, അതാണ് ഇസ്ലാം പറയുന്നത് എന്നൊക്കെ ഫാഷിസ്റ്റ് കാലത്തും അല്ലാത്തപ്പോഴും പറയുമ്പോ, വായില്‍ പുണ്ണ് വരണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രം പറ്റും. ഇസ്ലാമിക നിയമങ്ങള്‍ക്കും, മുസ്ലിംമിനും ഒറ്റ ശിലയില്ല. മള്‍ട്ടിപ്ലിസിറ്റിയൊക്കെ ഘോരം പറയുന്നവര്‍ ഓണമാവുമ്പോള്‍ ഓട്ടപ്ലിസിറ്റി ആകുന്നത് കാണാനും നല്ല മൊഞ്ചാണ്. ഓണം കഴിയുമ്പോള്‍, മാവേലി തിരിക്കുമ്പോള്‍ ദെരിദയൊക്കെ ഇറങ്ങിവരുമായിരിക്കും.

English summary
Simsarul Haq Hudavi's Onam Celebration Speech; Yasser Arafath Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more