അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? കണ്ണന്താനത്തോട് സിന്ധു ജോയ്
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ കുറ്റപ്പെടുത്തി രംഗത്ത് വന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ വിമർശിച്ച് സിന്ധു ജോയി. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പി രാജീവും ഹൈബി ഈഡനും നല്ല സ്ഥാനാര്‍ത്ഥികളാണ് എന്ന് മമ്മൂട്ടി പ്രതികരിച്ചിരുന്നു. മമ്മൂട്ടി തന്നെക്കുറിച്ച് പറയാതിരുന്നതോടെയാണ് കണ്ണന്താനം വിമർശനവുമായി രംഗത്ത് വന്നത്. മമ്മൂട്ടിക്ക് ഹുങ്കാണ് എന്നായിരുന്നു വിമർശനം..
തിരഞ്ഞെടുപ്പ് ദിവസം ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ നല്ലതാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മൂന്നാമന്‍ മോശക്കാരനാണ് എന്നാണല്ലോ. അത് ശരിയല്ല എന്നാണ് താന്‍ പറഞ്ഞത് എന്നും ആ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും കണ്ണന്താനം പ്രതികരിച്ചു. ഇതിനെതിരെയാണ് സിന്ധു ജോയ് പ്രതികരിച്ചിരിക്കുന്നത്.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ''എറണാകുളത്തു എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം നടൻ മമൂട്ടിക്ക് എതിരെ ഉയർത്തിയിരിക്കുന്ന വിമർശനം ബാലിശവും പ്രതിഷേധാർഹവുമാണ്. സാധാരണഗതിയിൽ പോളിങ് തുടങ്ങുമ്പോൾ തന്നെ സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തും. തുടർന്ന് മറ്റു പോളിങ് സ്റ്റേഷൻകളിലേക്കു പോകും. മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും.
രണ്ടായിരത്തി ഒൻപതിൽ ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു 'സിന്ധു ജോയ് നല്ല സ്ഥാനാർഥി' ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു.
അതിൽ എന്താണ് ഇത്ര തെറ്റ്? അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ഈ മഹാനടന്റെ പേരിൽ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്'' എന്നാണ് സിന്ധു ജോയി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.!












Click it and Unblock the Notifications