ജിം വീഡിയോ, ആശാനെ കോളായല്ലോയെന്ന് കമന്റ്; 'ശരീരം കാണിക്കാനാണോ ഈ വസ്ത്രം?; അഭയയുടെ മറുപടി
കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള താരമാണ് ഗായിക അഭയ ഹിരൺമയി. ഇപ്പോഴിതാ അത്തരം അധിക്ഷേപങ്ങൾക്ക് ചുട്ടമറുപടി പറയുകയാണ് താരം. എന്ത് ധരിക്കുന്നുവെന്നത് സദാചാരത്തെ ബാധിക്കുന്ന കാര്യമല്ലെന്നും തന്റെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും അഭയ പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

എങ്ങനെ വസ്ത്രം ധരിക്കണമെന്നത് സദാചാരത്തെ ബാധിക്കുന്ന വിഷയമല്ല. നമ്മുടെ ഇഷ്ടമാണ് ഏത് വസ്ത്രം ധരിക്കുന്നത്. അതെങ്ങനെയാണ് ചോദ്യം ചെയ്യാൻ സാധിക്കുക. അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ എന്ത് ചിന്തിക്കുമെന്ന് കരുതി കഴിഞ്ഞാൽ നമ്മൾക്ക് ഒരു കാലത്തും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കില്ല. എത്രയൊക്കെ കുടുംബം ഒപ്പമുണ്ടെന്ന് പറഞ്ഞാലും ജീവിതം എന്നത് ഒറ്റയ്ക്ക് കെട്ടിപടുക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത്, നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് ഒക്കെ നിങ്ങൾ ചെയ്യണം.

മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കണമെന്നതേ ഉള്ളൂ. വസ്ത്രം റിവീലിംഗ് ആണെന്നുള്ളത് ബാക്കിയുള്ളവരെ ബാധിക്കുന്ന വിഷയമേ അല്ല. റിവീലിങ്ങായി വസ്ത്രം ധരിച്ച് ഇറങ്ങുമ്പോൾ എന്നാൽ ഇതിലും ചെറുത് കിട്ടിയില്ലേ എന്ന് അമ്മ ചോദിക്കാറുണ്ട്. പക്ഷേ എന്റെ മകൾക്ക് ഇതാണ് ധരിക്കാനിഷ്ടം, അതിൽ അവളെ കാണാൻ ഭംഗിയുണ്ടെന്നത് അമ്മയ്ക്കറിയാം.

എനിക്ക് ബോധം വെച്ച കാലം തൊട്ട് ഷോർട്സ് ഇടാറുണ്ട്, റിവീലിംഗ് ആയിട്ടുള്ള വസ്ത്രം ധരിക്കാറുണ്ട്. അന്നും എന്നെ ആളുകൾ കുറ്റം പറയാറുണ്ട്. ഇന്ന് ആ കുറ്റപറയുന്നവരുടെ വ്യാപ്തി കൂടിയിട്ടുണ്ട്. അവിടെ മനസിലാക്കാനുള്ള കാര്യം നമ്മൾ എന്ത് വസ്ത്രം ധരിച്ചാലും കുറ്റം പറയാൻ ആളുകൾ ഉണ്ടാകും. അതിപ്പോൾ സാരിയുടുത്ത് ഫുൾസ്ലീവ് ബ്ലൗസിട്ടാലും ചോദിക്കാൻ ആള് കാണും. ചെയ്യാൻ പറ്റുന്ന കാര്യം അതൊന്നും കാര്യമാക്കേണ്ടതില്ല.കമന്റുകളൊന്നും എന്നെ ബാധിക്കാറില്ല.

സ്റ്റേജ് ഷോയിൽ കയറുമ്പോൾ ഇതുവരെ പരീക്ഷിക്കാത്ത വസ്ത്രം ധരിക്കാറുണ്ട്, ലിപ്സ്റ്റിക് ധരിക്കാറുണ്ട്, ഹെവി ജ്വല്ലറി ഇടാറുണ്ട്. നമ്മൾ സ്റ്റേജിൽ കയറുമ്പോൾ നമ്മുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. അത് ജനങ്ങളെ ത്രസിപ്പിക്കുന്നുണ്ടെങ്കിൽ എന്ത് വസ്ത്രം ധരിച്ചാലും ജ്വല്ലറി ധരിച്ചാലും അതിന്റെ ധർമ്മം അത് കറക്ടായി ചെയ്യുക എന്നത് മാത്രമേ ഉള്ളൂ.
ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളിൽ സ്ത്രീക്ക് മാത്രം പ്രശ്നം വരുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. പ്രോസിസ്റ്റ്യൂഷൻ എന്നതൊക്കെ സ്ത്രീ മാത്രം ചെയ്യുന്ന കാര്യമാണ്, അതിൽ ആണുങ്ങൾക്ക് ഒരു പങ്കേ ഇല്ലെന്ന പോലെയാണ്. ഗന്ധർവ്വൻമാർ വന്ന് പോകുന്നതാണോയെന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്.

ജമ്മിൽ ട്രെയിനറിനൊപ്പം ട്രെയിൻ ചെയ്യുന്ന വീഡിയോ ഇട്ടപ്പോൾ അതിന് വന്ന കമന്റ് ആശാനേ കോളായല്ലോയെന്നാണ്. ആശാന്റെ യോഗം, ജിമ്മിൽ എന്തിനാണ് ഇത്തരത്തിൽ വസ്ത്രം ധരിച്ച് വരുന്നത്. നിന്റെ ശരീരം കാണിക്കാനാണോ വർക്ക് ഔട്ട് ചെയ്യുന്നത് എന്നൊക്കെയാണ് ആക്ഷേപം. സമൂഹം വളർന്നിട്ടില്ലെന്ന് ഞാൻ കരുതുന്നില്ല. മാറ്റങ്ങൾ കാണുന്നുണ്ട്, നല്ല കമന്റ്സ് ലഭിക്കാറുണ്ട്. പത്തിൽ അഞ്ച് പേർ നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ സഹതാപമാണ് തോന്നാറുള്ളത്.

സ്വന്തം അധ്യാപകന്റെ കൂടെ ചേർത്ത് സംസാരിക്കുക, എന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാനുള്ള അവകാശമൊക്കെ അവർക്ക് എങ്ങനെ ലഭിച്ചുവെന്നത് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. ഇതിനൊക്കെ എവിടുന്നാണ് നിങ്ങൾക്കൊക്കെ സമയം ലഭിക്കുന്നത്. സമയം ധാരാളം ഉള്ളവർ അത് നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുക. വഴിയിൽ പോന്ന പെണ്ണുങ്ങളേയും സോഷ്യൽ മീഡിയയിലുള്ള സ്ത്രീകളുടെ നെഞ്ചത്ത് കയറാതിരിക്കാൻ ശ്രമിക്കുക, ഇതൊക്കെ വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങളാണ്. മറ്റുള്ളവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. നിങ്ങളുടെ ചെലവിൽ അല്ല അവരൊന്നും ജീവിക്കുന്നത്.

മറ്റുള്ളവരുടെ വസ്ത്രധാരണമൊന്നും നിങ്ങളുടെ അന്നം മുട്ടിക്കുന്ന കാര്യമല്ല. അതിനെ കുറിച്ചൊക്കെ വല്ലപ്പോഴും ആലോചിക്കുക. എല്ലാവരും വ്യത്യസ്തരാണ്. അവരുടെ പല്ലിന്റെ നീളം, കർവുകൾ,കഴുത്തിന്റെ നീളം, വിരലുകളുടെ നീളം, മുടിയുടെ നിറം ഇതൊക്കെ ഓരോ രീതിക്കാണ്. അതിന് അതിന്റേതായ ഭംഗിയുണ്ട്. കരീന കപൂറിനെ പോലെ സീറോ സൈസ് ആകണമെന്ന് ഞാൻ ഒരു കാലത്തും ആലോചിച്ചിട്ടില്ല. ഹെൽത്തി ആയിട്ട് ജീവിക്കുക എന്നതാണ് എന്റെ ആഗ്രഹം. പെർഫെക്ട് സൈസ് എന്നതൊക്കെ മിത്താണ്.

കഴിഞ്ഞ ദിവസം ഞാൻ പങ്കുവെച്ച ഒരു ഫോട്ടോയിൽ എന്റെ കുടവയർ തള്ളി നിക്കുന്നുണ്ട്. ശരിയാണ് എനിക്ക് വയറുണ്ട്. അത് എനിക്ക് മറച്ച് വെയ്ക്കാൻ താത്പര്യമില്ല. ഈ മൊമന്റിൽ എങ്ങനെയാണോ ഇരിക്കുന്നത് അത് കാണിക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം. നിങ്ങൾ നിങ്ങളുടെ ശരീരത്തെ എങ്ങനെ കാണണമെന്ന് ആഗ്രഹിക്കുന്നു അത് പോലെ നിലനുർത്തുക'', അഭയ ഹിരൺമയി പറഞ്ഞു












Click it and Unblock the Notifications