അച്ഛനൊപ്പമുള്ള വീഡിയോയ്ക്ക് മോശം കമന്റ്; കലക്കന്‍ മറുപടിയുമായി അഭിരാമി സുരേഷ്
മലയാളികള്‍ക്ക് ഏറെ പരിചിതമുള്ള ഗായികമാരാണ് അഭിരാമി സുരേഷും അമൃത സുരേഷും. അടുത്തിടെയാണ് ഇരുവരുടേയും അച്ഛനും പ്രശസ്ത ഓടക്കുഴല്‍ കലാകാരനുമായ പി ആര്‍ സുരേഷ് അന്തരിച്ചത്. സ്‌ട്രോക്കിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഏപ്രില്‍ 18 ന് പി ആര്‍ സുരേഷ് അന്തരിക്കുന്നത്. കഴിഞ്ഞ ദിവസം അച്ഛനുമൊത്തുള്ള അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അഭിരാമി സുരേഷ് പങ്കുവെച്ചിരുന്നു.
അച്ഛന്‍ തങ്ങള്‍ക്കൊപ്പമുള്ള അവസാന പിറന്നാള്‍ എന്ന കുറിപ്പോടെയാണ് അഭിരാമി വീഡിയോ പങ്ക് വെച്ചത്. ഇതിന് താഴെ നിരവധി പേര്‍ കമന്റുമായി രംഗത്തെത്തിയിരുന്നു. അതിനിടെ ചിലയാളുകള്‍ വീഡിയോയ്ക്ക് താഴെ മോശം കമന്റുകളും പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് താഴെ പരിഹാസ കമന്റുമായി എത്തിയ ഒരാള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

'അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാള്‍. പതിവില്ലാതെ അച്ഛന്‍ എന്നോട് കുറച്ചു നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളൊക്കെ പാചകം ചെയ്യാന്‍ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛന്‍. ഇന്നു കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല...' എന്നായിരുന്നു കഴിഞ്ഞ ദിവസം പങ്ക് വെച്ച വീഡിയോയ്ക്ക് അഭിരാമി സുരേഷ് നല്‍കിയ അടിക്കുറിപ്പ്.
ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്ന അമൃതയും മകളും അഭിരാമിയും ഇവരുടെ അമ്മയും ബന്ധുക്കളുമൊക്കെയാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അമൃതയുടെ ജീവിതപങ്കാളി ഗോപി സുന്ദറും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് മോശം കമന്റുമായി ഒരാള്‍ എത്തിയത്.
'നോണ്‍ വെജ് കഴിച്ചത് കൊണ്ടാണ് അങ്ങേര് നേരത്തെ പോയത്' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരു പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്. ഇതിന് പിന്നാലെ മറുപടിയുമായി അഭിരാമി എത്തി. 'ഈ കമന്റിന് അങ്ങേയറ്റം മോശം മറുപടി തരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ ഞാന്‍ അത് ചെയ്യുന്നില്ല. മരിച്ചുപോയ ആളോട് കുറച്ച് ബഹുമാനം കാണിക്കൂ ചങ്ങാതി', എന്നാണ് അഭിരാമി നല്‍കിയ മറുപടി.
ഇതിന് പിന്നാലെ നിരവധി പേരാണ് അഭിരാമി സുരേഷിന് പിന്തുണയുമായി എത്തിയത്. ഇതാദ്യമായല്ല അഭിരാമിയും അമൃതയും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നത്. ഇതിന് മുന്‍പ് പലപ്പോഴും വസ്ത്രധാരണം, സ്വകാര്യജീവിതം എന്നിവയുടെ പേരില്‍ ഇരുവരും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം തക്ക മറുപടി കൊടുക്കാന്‍ അഭിരാമി സുരേഷ് മടിക്കാറില്ല.












Click it and Unblock the Notifications