'സ്‌നേഹവും സഹിഷ്ണുതയും പഠിപ്പിക്കാൻ പറയുമ്പോള്‍ ഹാലിളകുന്ന മനോനില ഭീകരം';ഹരീഷ് ശിവരാമകൃഷ്ണൻ
തിരുവനന്തപുരം; നെയ്യാറ്റിന്‍കരയിലെ വി എച്ച് പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. 'പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം കൊടുക്കൂ എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ ഈ പോസ്റ്റിൽ ഹരീഷിനെ വിമർശിച്ച് ചിലർ സോഷ്യൽ മീഡിയയിൽ കമന്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇത്തരക്കാർക്ക് മറുപടി നൽകുകയാണ് ഹരീഷ്. സ്നേഹവും സഹിഷ്ണുതയും സമാധാനവും പഠിപ്പിക്കേടോ എന്ന എഴുതിയ പോസ്റ്റ് കാണുമ്പോ ഹാലിളകുന്ന മനോനില അതി ഭീകരമാണെന്ന് ഹരീഷ് കുറിച്ചു. പോസ്റ്റ് വായിക്കാം

'ഇവിടെ കിടന്നു കരയുന്ന വർഗീയ വാദികളോടു ആണ് - കുന്തിരിക്കം പുകക്കാൻ പറഞ്ഞവരോടും , വാൾ എടുത്തവരോടും , മതത്തിന്റെ പേരിൽ മനുഷ്യൻനെ തമ്മിൽ തല്ലിക്കാൻ നടക്കുന്ന സകലരോടും ഒരേ കാഴ്ചപ്പാട് ആണ്. അതിനെതിരെ പ്രതികരിക്കുകയും ചെയ്യും. സ്നേഹവും സഹിഷ്ണുതയും സമാധാനവും പഠിപ്പിക്കേടോ എന്ന എഴുതിയ പോസ്റ്റ് കാണുമ്പോ ഹാലിളകുന്ന മനോനില അതി ഭീകരം തന്നെ' ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞു.
ഹരീഷ് ആദ്യം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ- 'പിള്ളേരുടെ കയ്യിൽ വാൾ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ.പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ' .
കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര കീഴാറൂറില്‍ ആയുധമേന്തി വി എച്ച് പി വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം. വി എച്ച് പിയുടെ പഠനശിബിരത്തിന്‍റെ ഭാഗമായിട്ടായിരുന്നു റാലി നടത്തിയത്. പഠന ശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പോലീസ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി 'ദുർഗാവാഹിനി' റാലി നടത്തുകയായിരുന്നു.ഇതിന്റെ ചിത്രങ്ങളും വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. റാലിക്കെതിരെ എസ് ഡി പി ഐ പോലീസ് പരാതി നൽകിയിരുന്നു.
അതേസമയം റാലിയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ആയുധനിയമപ്രകാരവും സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications