എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്ന വീഡിയോ: യുവാവിന് സമ്മാനം
കൊച്ചി: പിന്നണി ഗായകന്‍ എംജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്ന വീഡിയോ പകര്‍ത്തിയ യുവാവിന് 2,500 രൂപ പാരിതോഷികമായി ലഭിച്ചു. യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും മന്ത്രി ഉള്‍പ്പെടെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ നസീമിന് മുളവുകാട് പഞ്ചായത്തിന്റെ എസ്ബിഐ അക്കൗണ്ടില്‍നിന്നും കഴിഞ്ഞ ദിവസം 2,500 രൂപ സമ്മാനം ലഭിച്ചു.
മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കില്‍ പരമാവധി 2,500 രൂപയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ലഭിക്കുക.
ആറു മാസം മുന്‍പ് നസീം വേമ്പനാട്ട് കായലിലൂടെ ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് വീഡിയോ പകര്‍ത്തിയത്. കായലിന് അരികെയുള്ള എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നത് കണ്ട നസീം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത് ഇക്കഴിഞ്ഞ മാര്‍ച്ച് 27-നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം മുളവ്കാട് പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടത്.

അന്നുതന്നെ വീട്ടുടമയായ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കിയതായി മന്ത്രി പോസ്റ്റിന് താഴെ മറുപടിയായി അറിയിച്ചു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനുള്ള വാട്സ്ആപ് നമ്പറിനെ പറ്റിയും പാരിതോഷികത്തെക്കുറിച്ചും ഒരു അഭിമുഖത്തിനിടെ മന്ത്രി എംബി രാജേഷ് പറയുന്നത് കേട്ടപ്പോഴാണ് അല്‍പം വൈകിയാണെങ്കിലും വീഡിയോ സമൂഹ മാധ്യമത്തില്‍ യുവാവ് പോസ്റ്റ് ചെയ്തത്.
'എനിക്കുള്ള 25,000 എപ്പോള്‍ കിട്ടും' എന്ന തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ഗായകനെതിരേ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു. വീഡിയോ പകര്‍ത്തിയ യുവാവിനെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, സംഭവം നടക്കുമ്പോള്‍ താന്‍ തിരുവനന്തപുരത്തായിരുന്നുവെന്നും വീട്ടിലെ ജോലിക്കാരി ഒരു മാങ്ങാണ്ടിയാണ് കായലിലേക്കു വലിച്ചെറിഞ്ഞതുമെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്. പഴുത്തുചീഞ്ഞ് നിലത്തുവീണ മാങ്ങയുടെ അവശിഷ്ടങ്ങള്‍ ഒരു പേപ്പറില്‍ പൊതിഞ്ഞ് ജോലിക്കാരി എറിയുകയായിരുന്നു. ഇതാണ് വീഡിയോയിലുള്ളത്. സംഭിച്ചത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് 25,000 രൂപ പിഴ അടച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications