'മാലിന്യമല്ലത് മാങ്ങാണ്ടി'; അറിയാതെ സംഭവിച്ചത്: വിശദീകരണവുമായി എംജി ശ്രീകുമാര്‍; കമന്റുകളുടെ പൂരം
കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് പിഴ ഒടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍. ആറു മാസം മുന്‍പ് നടന്ന സംഭവത്തിലാണ് ഗായകന്‍ നടപടി നേരിട്ടത്. മാലിന്യം വലിച്ചെറിഞ്ഞിട്ടില്ലെന്നും വീട്ടുമുറ്റത്തെ മാവില്‍ നിന്നു വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടം വീട്ടിലെ ജോലിക്കാരി എടുത്ത് കായലിലേക്ക് എറിഞ്ഞതാണെന്ന് എംജി ശ്രീകുമാര്‍ പ്രതികരിച്ചു. താന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം മുളവുകാട് പഞ്ചായത്ത് അധികൃതരാണ് ഗായകനില്‍ നിന്ന് പിഴ ഈടാക്കിയത്. 25000 രൂപയായിരുന്നു പിഴ. പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് അയച്ചതിന് പിന്നാലെ എംജി ശ്രീകുമാര്‍ പിഴയൊടുക്കി. ഇതേ തുടര്‍ന്നാണ് സംഭവം വാര്‍ത്തയാകുന്നത്.

എംജി ശ്രീകുമാറിന്റെ വാക്കുകള്‍: 'ഞാന്‍ അന്ന് വീട്ടില്‍ ഇല്ലായിരുന്നു, വല്ലപ്പോഴും ആണ് ബോള്‍ഗാട്ടിയിലെ ആ വീട്ടില്‍ വരുന്നത്. അതുകൊണ്ട് മാലിന്യമൊന്നും അവിടെ ഉണ്ടാകാറില്ല. കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്. അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് ചീഞ്ഞ് അളിഞ്ഞ് നിലത്ത് വീണു. അതിന്റെ അണ്ടി പേപ്പറില്‍ പൊതിഞ്ഞ് ജോലിക്കാരി എറിഞ്ഞതാണ്. വിദേശ രാജ്യങ്ങളിലൊക്കെ പോകുന്ന ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല. ഇത് അറിയാതെ സംഭവിച്ചതാണ്. അത് തെറ്റായത് കൊണ്ടാണ് ഞാന്‍ പിഴ അടച്ചത്. മാലിന്യമല്ല അത് മാങ്ങയാണ്. ഒരു മാങ്ങയ്ക്ക് 25000 അടച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ആശുപത്രികള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ടണ്‍കണക്കിന് മാലിന്യം ഒഴുക്കുന്നത് അധികൃതര്‍ കാണുന്നില്ലേ. ആരും ഇത് ആവര്‍ത്തിക്കരുത്'.
എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ഒരു വിനോദ സഞ്ചാരിയാണ് പകര്‍ത്തിയത്. മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത്‌വിനോദ സഞ്ചാരി, വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രി എംബി രാജേഷിന്റെ മാലിന്യനിര്‍മാര്‍ജനത്തെ പറ്റിയുള്ള അഭിമുഖം കണ്ടതിന് ശേഷമാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. ജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ രസകരമായ കമന്റുകളാണ് വരുന്നത്. അടി മോനെ ഒരു 25000ന്റെ പൂക്കുറ്റി എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ജോലിക്കാരിയുടെ രണ്ടു മാസത്തെ ശമ്പളം 'സ്വാമിനാഥ പരിപാലയ സുമാ'.... എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്. 'ഒരു പൈനായിരം ആക്കി കുറച്ചു തരാന്‍ പറ്റുമോ', 'ഈ വര്‍ഷം മാങ്ങാണ്ടിക്ക് റെക്കോര്‍ഡ് വില കിട്ടിയത് എംജി ശ്രീകുമാറിന്' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.












Click it and Unblock the Notifications