'അമ്പലങ്ങളില്‍ ഇനിയും പാടും'; വിഷ്ണുമായ ക്ഷേത്രത്തില്‍ ദര്‍ശനം: ഇത് ആര്‍ക്കുള്ള മറുപടി?
റാപ്പര്‍ എന്ന നിലയില്‍ കുറഞ്ഞ കാലം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ താരമാണ് വേടന്‍. പാട്ടുകളിലൂടെ കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞും പട്ടിണിയുടെ വേദന പങ്കുവെച്ചുമാണ് വേടന്‍ ശ്രദ്ധ നേടിയത്. പുതു തലമുറയുടെ സംഗീതാസ്വാദനത്തിന്റെ പ്രതീകമായി വേടന്‍ മാറി. ജാതി വിവേചനത്തിനെതിരെ ആയിരുന്നു വേടന്റെ പാട്ടുകളിലെ വരികള്‍ ശബ്ദമുയര്‍ത്തിയത്.
ഹിരണ്‍ ദാസ് മുരളി എന്നാണ് വേടന്റെ യഥാര്‍ത്ഥ പേര്. തൃശൂരാണ് സ്വദേശം. വേടന്‍ പാട്ടുകളിലൂടെ പ്രചരിപ്പിച്ച ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് പുതുതലമുറയ്ക്കിടയില്‍ ലഭിച്ചത്. എന്നാല്‍ അടുത്ത കാലത്തുണ്ടായ ചില വിവാദങ്ങള്‍ വേടന് വലിയ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തു. സിന്തറ്റിക് ലഹരിക്കെതിരെ ശബ്ദമുയര്‍ത്തിയ വേടന്‍ ലഹരി കേസില്‍ പിടിയിലായതോടെ വലിയ വിഭാഗം ആളുകള്‍ വേടന് എതിരെ തിരിഞ്ഞു.

ലഹരി ഉപയോഗിച്ചതിനുള്ള കേസിന് പുറമേ പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതോടെ വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചു. വേടന്റെ ജനപ്രീതി കുത്തനെ ഇടിയുകയും ചെയ്തു. എന്നാല്‍ വേടന്‍ പറയുന്ന രാഷ്ട്രീയത്തിന് എക്കാലവും പ്രസക്തിയുണ്ടെന്ന് വലിയൊരു വിഭാഗം വാദിച്ചു. തെറ്റുകള്‍ തിരുത്തുമെന്ന വേടന്റെ പ്രസ്താവനയെ വലിയ കയ്യടികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ പരിപാടിയില്‍ അടക്കം പാടാന്‍ അവസരങ്ങളും ലഭിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിന്റെ ഉല്‍സവത്തോടനുബന്ധിച്ച് നടക്കാനിരുന്ന വേടന്റെ പരിപാടി വലിയ വിവാദമായിരുന്നു. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചതോടെ പരിപാടി റദ്ദാക്കി. നൂറുകണക്കിന് കാണികളാണ് വേടനെ കാണാനായി പരിപാടിക്ക് എത്തിയിരുന്നത്. എന്നാല്‍ ടെക്‌നീഷ്യന്‍ മരിച്ച വേദിയില്‍ പാടാനാകില്ലെന്ന് വേടന്‍ പറഞ്ഞതോടെ കാണികള്‍ ഇളകി. അപ്രതീക്ഷിതമായി പരിപാടി റദ്ദാക്കിയതായുള്ള പ്രഖ്യാപനം വന്നതോടെ വേദിയിലേക്ക് ചെളി വാരി എറിഞ്ഞാണ് ആളുകള്‍ പ്രതിഷേധിച്ചത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരത പ്രചരിപ്പിക്കുന്നതാണെന്ന ആരോപണവുമായി ആര്‍എസ്എസ് നേതാവ് ഡോക്ടര്‍ എന്‍ആര്‍ മധു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വേടന്റെ പാട്ടുകള്‍ വിഘടന വാദം പ്രചരിപ്പിക്കുന്ന സാഹിത്യം ആണെന്നും വളര്‍ന്നു വരുന്ന തലമുറയിലേക്കു വിഷം കുത്തിവെക്കുന്ന കലാഭാസമായി മാറിയെന്നും മധു കുറ്റപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് അമ്പലപ്പറമ്പില്‍ പരിപാടി വച്ചതിനെയും ഇദ്ദേഹം വിമര്‍ശിച്ചു. വേടനെ കുറ്റപ്പെടുത്തിയുള്ള മധുവിന്റെ വാക്കുകള്‍ക്ക് വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്.
അമ്പലങ്ങളില്‍ ഇനിയും പാടുമെന്നും ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയാണെന്നും ഈ സമയവും കടന്നുപോകുമെന്നും വേടന്‍ മധുവിന് മറുപടി നല്‍കുകയും ചെയ്തു.
വേടന്റെ വാക്കുകള്‍: 'പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ. ഇത് പുതിയ കാര്യമല്ല. ഞാന്‍ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തു കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ. സര്‍വ ജീവികള്‍ക്കും സമത്വം കല്‍പിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകള്‍ തീരുമാനിക്കട്ടെ.
അമ്പലങ്ങളില്‍ ഇനിയും അവസരം ലഭിക്കും. ഞാന്‍ പോയി പാടുകയും ചെയ്യും. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. എല്ലാം ഇപ്പോള്‍ പറയാനാകില്ലല്ലോ. അതെല്ലാം അതിജീവിക്കാന്‍ പറ്റുക, ധൈര്യമായിരിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഈ സമയവും കടന്നുപോകും എന്നു മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ' - പുലിപ്പല്ല് കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസില്‍ എത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള വേടന്റെ പ്രതികരണം.
ഇപ്പോഴിതാ തൃശ്ശൂര്‍ വിഷ്ണുമായ ക്ഷേത്രത്തില്‍ വേടന്‍ ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രതികരിക്കുന്നത്. ഇത് എന്നു നടന്നതാണെന്ന് വ്യക്തമല്ല. അമ്പലത്തില്‍ തൊഴുന്ന വേടനെ പൂജാരി അനുഗ്രഹിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇത് മധുവിനുള്ള മറുപടി ആണെന്ന തരത്തിലാണ് പലരും കമന്റുകള്‍ കുറിക്കുന്നത്. എന്നാല്‍ ജാതീ രാഷ്ട്രീയം പറയുന്ന വേടന്‍ ആരാധനാലയങ്ങളില്‍ പോയി സ്വന്തം വില കളയരുതെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.












Click it and Unblock the Notifications