സിനിമയില്‍ ഹെല്‍മറ്റ്; സിംഗ് വിശദീകരിക്കുന്നു
കൊച്ചി: സിംഗ് ഈസ് കിംഗ് എന്ന് കയ്യടിച്ചുകൊണ്ടിരുന്ന ആരാധകരൊക്കെ എത്ര വേഗമാണ് മുഖം ചുളിച്ചത്. പരിഷ്‌കരിച്ച് പരിഷ്‌കരിച്ച് ഈ സാറിനിതെന്ത് പറ്റി എന്ന് ആളുകള്‍ ചോദിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. സിനിമയിലും ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മറ്റ് വെക്കണമെന്ന ഒരു കാര്യം മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞുള്ളൂ. സിനിമാക്കാരും അല്ലാത്തവരുമായി നാട്ടുകാരൊക്കെയും ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു എന്നും പറഞ്ഞ് സിംഗിന്റെ പുറത്തായി പൊങ്കാല.
എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം വിളിച്ചുപറയുന്നതല്ല ഇതെന്നാണ് കേരളത്തിലെ പോലീസ് സിങ്കം വിശദീകരിക്കുന്നത്. ഈ നിര്‍ദ്ദേശം പുതിയതുമല്ല. സിനിമയിലും ഹെല്‍മറ്റ് വേണമെന്ന് പറഞ്ഞത് സാക്ഷാല്‍ ഹൈക്കോടതിയാണ്. അതിനെ ഒന്ന് ഓര്‍മിപ്പിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ. നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. അല്ലാതെ കലാകാരന്മാര്‍ക്കെതിരെയോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയോ താന്‍ ഒന്നും പറഞ്ഞിട്ടില്ല.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്ന ഒരു രംഗമുണ്ട്. ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2008 ലായിരുന്നു ഇത്. അന്ന് ഹൈക്കോടതി പറഞ്ഞത് സിനിമയിലായാലും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റ് വെക്കണം എന്നാണ്. സിനിമാക്കാരുടെ പ്രതിഷേധത്തെക്കുറിച്ച് കാക്കനാട് പത്രക്കാരോട് വിശദീകരിക്കുകയായിരുന്നു സിംഗ്.
സിംഗിന്റെ നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധവും കളിയാക്കലുമാണ് ഉയര്‍ന്നുവന്നത്. ഇങ്ങനെ പോയാല്‍ സിനിമയില്‍ ബലാത്സംഗങ്ങളും അടിപിടികളും ചിത്രീകരിക്കാന്‍ പറ്റില്ലല്ലോ എന്ന് സിനിമാക്കാര്‍ തന്നെ ചോദിച്ചു. സംവിധായകരുടെ സംഘടനയായ ഫെഫ്ക കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് വിലയിരുത്തിയിരുന്നു. ഇതിനെ നിയമപരമായി നേരിടാനും സിനിമാക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications