'സിസ തോമസിന്റെ വിസി നിയമനം അക്കാദമിക് പരിഗണനകളുടെ അടിസ്ഥാനത്തിലല്ല', തുറന്നടിച്ച് ഐസക്
കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറായുളള സിസ തോമസിന്റെ നിയമനത്തെ ചോദ്യം ചെയ്ത് മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. ഒരു അധ്യാപകന് വേണ്ടുന്ന മിനിമം യോഗ്യത താൻ പഠിപ്പിക്കുന്ന കുട്ടികളോടുള്ള ഒരു സഹാനുഭൂതി ആണെന്നും അതില്ലാത്ത ആളാണ് പ്രൊഫസർ സിസ തോമസ് പറഞ്ഞു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: ''വൈസ് ചാൻസലർ ആകാൻ ഒരാളുടെ യോഗ്യത എന്താണ്? യുജിസി മാർഗനിർദ്ദേശം പ്രകാരം 65 വയസിനു താഴെ പത്ത് വർഷം പ്രൊഫസർ ആയാൽ ഏതൊരാൾക്കും വൈസ് ചാൻസലർ ആകാം. അവരുടെ പ്രൊഫഷണൽ, അക്കാദമിക് യോഗ്യതകൾ അളക്കേണ്ടത് സെർച്ച് കമ്മിറ്റിയാണ്. സെർച്ച് കമ്മിറ്റിയുടെ ഘടനയെക്കുറിച്ച് തർക്കങ്ങളുമുണ്ട്. അത് ഗവർണർമാരെ ഉപയോഗപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒട്ടേറെ സംഘികളെ ഇന്ത്യയിലുടനീളം വൈസ് ചാൻസലർമാരായി അവരോധിച്ചിട്ടുണ്ട്.
ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലേ സിസ തോമസിനെപ്പോലുള്ളവരുടെ ചെയ്തികളെയും യോഗ്യതകളെയും വിലയിരുത്താനാകൂ. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ആകാനുള്ള സിസ തോമസിന്റെ അക്കാദമിക് യോഗ്യതയെ ഞാൻ ചോദ്യം ചെയ്തിരുന്നു. അത് പലതലങ്ങളിൽ ചർച്ചയായിട്ടുണ്ട്. എന്റെ സുഹൃത്ത് ജോസ് ചാത്തുക്കുളം Panthi യിലും തർജിമ മലബാർ ജേർണലിലും ഈ തർക്കം സംബന്ധിച്ച് വിശദമായൊരു ലേഖനം എഴുതുകയുണ്ടായി. ഞാൻ പറഞ്ഞതിനോട് പൂർണ്ണമായ യോജിപ്പ് അദ്ദേഹത്തിനില്ല. എന്റെ പോസ്റ്റ് "അക്കാദമിക് പ്രസിദ്ധീകരണങ്ങളെയും വൈജ്ഞാനിക യോഗ്യതകളെയും പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും, ഇതിന്റെ പ്രാധാന്യം ഈ വ്യക്തികൾക്കപ്പുറത്തേക്ക് വ്യാപിക്കേണ്ടതുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് നേട്ടങ്ങൾ എങ്ങനെയാണ് നിർവചിക്കപ്പെടുന്നതും, രേഖപ്പെടുത്തപ്പെടുന്നതും, വിലയിരുത്തപ്പെടുന്നതും എന്ന് പരിശോധിക്കാനുള്ള ഒരു അവസരമാണിത് നൽകുന്നത്." എന്നാണ് ജോസ് ചാത്തുക്കുളത്തിന്റെയും എഎം ജോസിന്റെയും ലേഖനത്തിൽ അഭിപ്രായപ്പെടുന്നത്.
നിശ്ചയമായും വ്യക്തികൾക്കപ്പുറത്തേക്ക് അക്കാദമിക് മാനദണ്ഡങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.
ഇത്തരമൊരു പരിശോധനയിൽ ഞാൻ അവകാശപ്പെടും, അപവാദങ്ങൾ ഉണ്ടെങ്കിലും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിയമിക്കപ്പെട്ട ഏതാണ്ട് എല്ലാ വിസിമാരും സിസ തോമസിനെപ്പോലുള്ളവരെ അപേക്ഷിച്ച് വളരെ ഉയർന്ന പ്രൊഫഷണൽ യോഗ്യതകൾ ഉള്ളവർ തന്നെയായിരുന്നു. വിശദമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽതന്നെ അളന്നു നോക്കാവുന്നതാണ്.
ചർച്ചകൾ ഇനിയും തുടരാം. പക്ഷേ, വൈസ് ചാൻസലർ പോട്ടേ, ഒരു അധ്യാപകന് വേണ്ടുന്ന മിനിമം യോഗ്യത താൻ പഠിപ്പിക്കുന്ന കുട്ടികളോടുള്ള ഒരു സഹാനുഭൂതി (empathy) ആണ്. അത് ലവലേശം ഇല്ലാത്ത ഒരാളാണ് പ്രൊഫ. സിസി തോമസ് എന്ന് അവർ വിദ്യാർത്ഥികളെക്കുറിച്ച് നടത്തിയ അധിക്ഷേപങ്ങളിൽ നിന്നു വ്യക്തമാണ്. ഇപ്പോഴത്തെ തർക്കം പോട്ടെ. എഞ്ചിനീയറിൽ കോളെജിൽ അവരുടെ പൂർവവിദ്യാർത്ഥികളിൽ ഒരാളായ ബെൻസി മോഹന്റെ ഒരു പോസ്റ്റ് ഞാൻ വായിച്ചു. എത്ര കരുണയില്ലാതെയും കാലത്തിനു യോജിക്കാത്ത രീതിയിലുമാണ് അവർ വിദ്യാർത്ഥികളോട് പെരുമാറിയിരുന്നത് എന്നതിന്റെ ഒരു സാക്ഷ്യപത്രമാണ് അത്.
അതല്ലെങ്കിൽ, അഴിമുഖത്തിൽ കാലടി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ റിതിഷ പറയുന്നത് വായിക്കുക. ഇതേ വിദ്യാർത്ഥികൾ മുൻ വൈസ് ചാൻസലർമാരായ എൻവി നാരായണൻ മാഷ്, ഗീതാകുമാരി ടീച്ചർ എന്നിവരെക്കുറിച്ച് പറയുന്നതും നിങ്ങൾ വായിക്കുക
സിസ തോമസ് ആദ്യം നല്ലൊരു അധ്യാപിക ആവുക. എന്നിട്ടാകാം ഗവേഷണമികവ്. അവരുടെ പ്രൊഫഷണൽ യോഗ്യതയെക്കുറിച്ച് ഞാൻ പറഞ്ഞിടത്തോളമുള്ള കാര്യങ്ങളിൽ ഒരു ഭേദഗതിയും വേണ്ടതായി എനിക്ക് തോന്നുന്നില്ല. ഞാൻ പരിശോധിക്കാത്ത മറ്റ് അക്കാദമിക് തലങ്ങളെക്കുറിച്ച് വിധിയും കല്പിക്കുന്നില്ല.
എന്നാൽ സംഘികൾ കേന്ദ്ര സർവകലാശാലകളിലും ഐഐടി പോലുള്ള ഉന്നതവിദ്യാപീഠങ്ങളിലും റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലും തുടങ്ങി എത്രയോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ വിധേയരെ മാത്രം അവരോധിച്ച് അവയെ തകർത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണ്. അവർക്ക് കടന്നുകയറാൻ കഴിയാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. അതിനെ പ്രതിരോധിക്കുകയെന്ന രാഷ്ട്രീയമാണ് ഞാൻ ഉയർത്തിപ്പിടിക്കുന്നത്. സിസ തോമസിന്റെ വിസി നിയമനം അക്കാദമിക് പരിഗണനകളുടെ അടിസ്ഥാനത്തിലല്ല. ഉന്നതവിദ്യാഭ്യാസത്തെ പിടിച്ചടക്കാനുള്ള സംഘി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ്''.



Click it and Unblock the Notifications
