സിസിലി ആണ്‍വേഷം അഴിച്ചു, ഇനി പെണ്ണായി ജീവിക്കും
കൊച്ചി: ബിനു എന്ന പേരില്‍ തെരുവോരങ്ങളില്‍ അലഞ്ഞു നടന്ന സിസിലിക്കും പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ട്. പതിനഞ്ച് വര്‍ഷമാണ് സിസിലി ആണ്‍വേഷം കെട്ടിയത്. തെരുവുകളില്‍ ആളുകള്‍ക്ക് മുന്നില്‍ കൈ നീട്ടുന്ന സിസിലിയുടെ മുഖം ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ബിനു ആയിട്ടായിരുന്നു സിസിലിയെ എല്ലാവര്‍ക്കും അറിയാവുന്നത്.
ഒരു നേരത്തെ അന്നത്തിന് എന്തു പണിയും എടുക്കാന്‍ സിസിലി തയ്യാറായിരുന്നു. ആരോഗ്യ സ്ഥിതിയൊന്നും സിസിലിക്ക് പ്രശ്‌നമല്ലായിരുന്നു. ഹോട്ടലുകളിലെ പാത്രങ്ങള്‍ കഴുകിയും അടിച്ചുവാരിയും സിസിലി കാലം കഴിച്ചു കൂട്ടി. തല ചായിക്കാന്‍ ഒരു കൂര പോലും സിസിലിക്ക് ഇല്ലായിരുന്നു. തെരുവോരമായിരുന്നു സിസിലുടെ വീട്. തെരുവു പട്ടികളായിരുന്നു സിസിലുടെ കൂട്ട്.

തെരുവുകളില്‍ അന്തിയുറങ്ങേണ്ടി വന്ന സിസിലിക്ക് സ്വന്തം വേഷം തന്നെ അഴിക്കേണ്ടി വന്നിരുന്നു. ആണ്‍ വേഷത്തില്‍ ആയിരുന്നു സിസിലി എറണാകുളം പുല്ലേപ്പടി ജംഗ്ഷനിലും ചിറ്റൂര്‍ റോഡിലുമൊക്കെ പാറി നടന്നത്. ചെളിപുരണ്ട മുണ്ട് മടക്കിക്കുത്തി, ചുണ്ടില്‍ ബീഡിയുമായിട്ടാണ് സിസിലിയെ എങ്ങും കണ്ടത്. ഒടുവില്‍ സിസിലിക്ക് തല ചായിക്കാന്‍ ഒരിടം കിട്ടി.
കാക്കനാട് തെരുവു വെളിച്ചം എന്ന അഭയകേന്ദ്രത്തിലാണ് ഇപ്പോള്‍ സിസിലി ഉള്ളത്. സിസിലിക്ക് രക്ഷകനായി എത്തിയ തെരുവു വെളിച്ചം പ്രവര്‍ത്തകരാണ് സിസിലിയെ പെണ്‍ ജീവിതത്തിലേക്ക് തന്നെ തിരിച്ചു കൊണ്ടുവന്നത്. മാനസിക രോഗിയായ ഒരാള്‍ തെരുവില്‍ അലഞ്ഞു നടക്കുന്നതായി ആരോ ഫോണില്‍ വിളിച്ചറിയിക്കുകയും പിന്നീട് സിസിലിയെ പിടിച്ചു കൊണ്ടുവരികയുമായിരുന്നു.
ആണ്‍കുട്ടിയെന്ന് തോന്നാന്‍ ഏഴ് ഷര്‍ട്ടുകളാണ് സിസിലി ധരിച്ചിരുന്നത്. എന്തിനായിരുന്നു ഈ ആള്‍മാറാട്ടം എന്നു സിസിലിയോട് ചോദിച്ചപ്പോള്‍ പ്രതീക്ഷിച്ച ഉത്തരം തന്നെ ആ വായില്‍ നിന്നു കേട്ടു, ആരും ഉപദ്രവിക്കാന്‍ വരില്ലല്ലോ.. വീടും നാടുമൊന്നും ഓര്‍ത്തെടുക്കാന്‍ സിസിലിക്ക് കഴിയുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ പഴയ സിനിമാപാട്ടുകളൊക്കെ പാടാന്‍ സിസിലിക്ക് ഒരു പ്രയാസവുമില്ല. തെരുവു വെളിച്ചത്തില്‍ ചുരിദാര്‍ അണിഞ്ഞ് സിസിലി പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കയാണ്.












Click it and Unblock the Notifications