കുര്‍ബാനക്ക് പോകാതിരിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു
മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നിലയുറപ്പിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. രാവിലെ ആറരയോടെ പള്ളിയില്‍ കുര്‍ബാനയക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയതായി ശ്രദ്ധയില്‍പ്പെട്ടത്. വെള്ളമുണ്ട പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് വാതില് തുറന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
മഠത്തിന് സമീപത്തെ പള്ളിയില്‍ കുര്‍ബാനയക്ക് പോവാതിരിക്കാന്‍ വേണ്ടിയാണ് വാതില്‍ പൂട്ടിയിട്ടതെന്നെന്ന് സിസ്റ്റര്‍ ലൂസി ആരോപിക്കുന്നത്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു. സിസ്റ്ററുടെ പരാതിയില്‍ സംഭവത്തില്‍ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പോലീസ് പറഞ്ഞു.

സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്നും പുറത്താക്കിയതായി കഴിഞ്ഞ ആഴ്ച്ച സഭ അവകാശപ്പെട്ടിരുന്നു. മെയ് 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. സിസ്റ്റർ ലൂസി സഭാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കാനോൻ നിയമപ്രകാരം പാലിക്കേണ്ട ചട്ടങ്ങൾ സിസ്ററർ ലൂസി കളപ്പുര ലംഘിച്ചതായി ചൂണ്ടിക്കാട്ടി സഭ നേരത്തെ നോട്ടീസ് അയച്ചിരുന്നു. സ്വയം പുറത്ത് പോയില്ലെങ്കിൽ പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രി സമരത്തിൽ പങ്കെടുത്തു, മാധ്യമങ്ങൾക്ക് തുടർച്ചയായി അഭിമുഖം നൽകി, സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, വസ്ത്രധാരണചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭ ഉന്നയിച്ചത്.












Click it and Unblock the Notifications