ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഇല്ലാതെ ശിവശങ്കർ; ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനകൾക്ക് ശേഷം \ ഉച്ചയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടകിയിലായിരിക്കും ശിവശങ്കറിനെ ഹാജരാക്കുക. കോടതിയിൽ ഹാജരാക്കിയ ശേഷം ശിവശങ്കറിനെ ഇഡി കസ്റ്റഡിയിൽ വാങ്ങിയേക്കും.
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇന്നലെ രാത്രിയോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇപ്പോഴത്തെ നടപടി. തിങ്കളാഴ്ച മുതലാണ് ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ച് ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. എന്നാൽ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകാൻ ശിവശങ്കർ തയ്യാറായില്ലെന്നാണ് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ നേരത്തേ തന്നെ ഇഡി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുടെ മൊഴിയുമായി ശിവശങ്കറിന്റെ മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴിയാണ് കേസിൽ ശിവശങ്കറിനെ കുടുക്കിയത്. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്ന ഇഡിക്ക് നൽകിയ മൊഴി.
ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി രൂപയോളം കോഴ നൽകിയെന്നായിരുന്നു നിർമാണ കരാറുകാരനായിരുന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. ഇതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിൽ കണ്ടെത്തിയ തുകയെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു സ്വപ്നയുടെ അക്കൗണ്ടിൽ നിന്നും ഈ പണം ഇഡി കണ്ടെത്തിയത്. എന്നാൽ സ്വപ്നയുടെ മൊഴി ശിവശങ്കർ നിഷേധിക്കുകയാണ്.
അതേസമയം വിവിധ കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ ഇത് നാലാം തവണയാണ് അറസ്റ്റിലാകുന്നത്. നേരത്തേ സ്വർണക്കടത്ത് കേസിലും ഡോളർ കേസിലുമായിരുന്നു അറസ്റ്റ്. ഏകദേശം 98 ദിവസത്തോളം ശിവശങ്കർ ജയിലിൽ കിടന്നിട്ടുണ്ട്. ഈ കേസുകളിൽ ജയിൽ മോചിതനായതിന് ശേഷം രണ്ട് വർഷം കഴിഞ്ഞാണ് ഇപ്പോൾ വീണ്ടും ശിവശങ്കർ അറസ്റ്റിലാകുന്നത്.












Click it and Unblock the Notifications