ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; അസം സ്വദേശി പിടിയില്‍, പെണ്‍കുട്ടിയെ കണ്ടെത്തിയില്ല
കൊച്ചി: ആലുവയില്‍ ആറ് വയസുള്ള ബീഹാറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. തായാട്ടുകരയില്‍ താമസിക്കുന്ന ബീഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ അസഫാക്ക് ആലം എന്നയാളെ പിടികൂടി. ബീഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിലാണ് ഇയാള്‍ താമസിക്കുന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഇവിടെ എത്തിയത്. ഇയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഇയാള്‍ ഒരു കെ എസ് ആര്‍ ടി സി ബസില്‍ കുട്ടിയെ കയറ്റിക്കൊണ്ടു പോകുന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയെ പിടികൂടിയത്. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തായാട്ടുകരയില്‍ താമസിക്കുന്ന ബീഹാറി കുടുംബത്തിലെ പെണ്‍കുട്ടിയയാണ് കാണാതായത്.
അതേസമയം, പെണ്‍കുട്ടി വൈകീട്ട് വീടിന് സമീപത്തുള്ള കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നുവെന്നും അതിനിടെയാണ് തട്ടികൊണ്ട് പോയതെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രതി സ്ഥിരമദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്നും സമീപവാസിയും പറയുന്നുണ്ട്. പ്രതിയെ സമീപവാസികള്‍ക്ക് വലിയ പരിചയമില്ല. കുട്ടിയുടെ അമ്മ ഉണക്കാനിട്ട തുണി എടുക്കാന്‍ പോയ സമയത്താണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.












Click it and Unblock the Notifications