എസ്എംഎ മരുന്ന് പരീക്ഷണം: കെ മുരളീധരനെതിരെ പിണറായി, 'മന്ത്രിയുടെ അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവും'

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങളില്‍ സര്‍ക്കാര്‍ പുതിയ മരുന്ന് പരീക്ഷണം നടത്തുന്നുവെന്നുളള വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ ആരോഗ്യരംഗം കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ എല്ലാത്തരത്തിലും തകർന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണിതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ കാട്ടുന്ന അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണെന്നും എല്ലാ കാര്യങ്ങളിലും നിരുത്തരവാദപരമായാണ് മന്ത്രി പെരുമാറുന്നത് എന്നും പിണറായി വിജയൻ ആരോപിച്ചു.

'' സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവൻരക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ (Informed Consent) പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാൻ കഴിയുന്ന ഒന്നല്ല. തിരുവനന്തപുരത്തെ എസ്.എ.ടി. (SAT) ആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളിൽ 'Physician Sample' എന്നും 'For Clinical Trials Only' എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

SMA

ഇത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും സംഭരണച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുനിൽക്കാനാവില്ല. ഇതിന്റെ ഉത്തരവാദികൾ ആരാണോ, അവർക്കെതിരെ നടപടി വേണം. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്.

ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കാട്ടുന്ന അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെടുകയുണ്ടായി. പതിവുപോലെ, വളരെ നിരുത്തരവാദപരമായാണ് അദ്ദേഹം ഈ വിഷയത്തെയും കൈകാര്യം ചെയ്യുന്നത്. കേരളത്തിന്റെ ആരോഗ്യരംഗം കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ എല്ലാത്തരത്തിലും തകർന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണിത്. ആരോഗ്യവകുപ്പിന്റെ പരാജയം കഴിഞ്ഞ ദിവസം നിയമസഭയിൽ വകുപ്പുമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നതാണ്. കാര്യങ്ങൾ കൈവിട്ടുപോയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സർക്കാർ, ഒടുവിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ചുപോലും ചൂതാട്ടത്തിന് മുതിരുകയാണ്.

ദീർഘകാലമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മരുന്നുകൾ നൽകി രാജ്യത്തിനു തന്നെ മാതൃകയായിരുന്ന പദ്ധതികളെയാണ് തകിടം മറിച്ചിരിക്കുന്നത്. രോഗികളുടെ കൂട്ടായ്മയായ 'ക്യൂർ എസ്.എം.എ'യുടെ ശക്തമായ എതിർപ്പും ആശങ്കകളും പൂർണമായി അവഗണിച്ചുകൊണ്ടാണ് സർക്കാർ ഈ തലതിരിഞ്ഞ തീരുമാനത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിഷയം കത്തിലൂടെ അറിയിച്ചിരുന്നു. അതിന് മറുപടി നൽകുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

മുൻ സർക്കാർ 25 വയസ്സുവരെ സൗജന്യ മരുന്ന് ഉറപ്പാക്കാൻ വകയിരുത്തിയ 30 കോടി രൂപ വെട്ടിക്കുറയ്ക്കുകയും, ശാസ്ത്രീയ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണർത്തുന്ന മരുന്നുകൾ വിതരണം ചെയ്യാൻ നീക്കം നടത്തുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ വ്യക്തികൾക്കെതിരെ കർക്കശമായ നടപടി കൈക്കൊള്ളണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma