പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കാൻ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി; ചൊവ്വാഴ്ച തുടക്കം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യും. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികൾ, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റൽ സംരംഭങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആരംഭിക്കുന്ന ഒരു പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച കുറിപ്പ്:
*സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി*
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ പദ്ധതികൾ, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റൽ സംരംഭങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.

ഇതിനായി ആരംഭിക്കുന്ന ഒരു പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി. അക്കാദമിക മികവും ഗുണനിലവാരവും ഉറപ്പാക്കാൻ നടപ്പിലാക്കിയ മറ്റ് പദ്ധതികൾക്ക് പുറമെ, അക്കാദമിക മികവിനും സമഗ്ര ഗുണനിലവാര പദ്ധതികൾക്കുമായി മാത്രമായി ബജറ്റിൽ മുപ്പത്തിഏഴ് കോടി എൺപത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികളും പ്രവർത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം.
കഴിഞ്ഞ കാലങ്ങളിൽ നാം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമാണ് ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്നത്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന അതിപ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്തതിൻറെ ഭാഗമായാണ് 2016-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിഭാവനം ചെയ്തതും സംസ്ഥാനത്തെ ഭൂരിഭാഗം പൊതുവിദ്യാലങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയർന്നതും.
ഈ ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പാഠ്യപദ്ധതിയുടെ പരിഷ്കരണ പ്രവർത്തനങ്ങൾ ഒക്കെ ഇതിന്റെ ഭാഗമായി ആണ് പുരോഗമിക്കുന്നത്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശില്പശാലയും ഫെബ്രുവരി 18 ന് രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇതിന്റെ തുടർച്ചയായി ജില്ലാതലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും സ്കൂൾ തലങ്ങളിലും ശില്പശാലകളും ചർച്ചകളും സംഘടിപ്പിക്കും.സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളുടെയും പ്രതിനിധികൾ ശില്പശാലകളിൽ പങ്കെടുക്കും.












Click it and Unblock the Notifications