'അരിക്കൊമ്പന്‍ ഗണപതി ഭഗവാന്റെ പ്രതിരൂപം'; തിരികെയെത്തിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് വാവ സുരേഷ്
തിരുവനന്തപുരം: ജനാവസമേഖലയില്‍ ഇറങ്ങി ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് പിടികൂടി നാട് കടത്തിയ കാട്ടാന അരിക്കൊമ്പനെ തിരികെയെത്തിക്കണം എന്ന് വാവ സുരേഷ്. അരിക്കൊമ്പന് ആയുരാരോഗ്യസൗഖ്യങ്ങളേകാന്‍ പഴവങ്ങാടിയില്‍ നടന്ന കൂട്ടപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാവ സുരേഷ്. അരിക്കൊമ്പനെ തിരികെയെത്തിക്കുന്നതിന് അധികാരികള്‍ക്ക് നിവദേനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പന് വേണ്ടി ഏതറ്റം വരേയും പോകുമെന്നാണ് വാവ സുരേഷിന്റെ അവകാശവാദം. അരിക്കൊമ്പനെ തിരികെയെത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനാലായിരത്തോളം ഒപ്പുകള്‍ ശേഖരിക്കും എന്നും വാവ സുരേഷ് പറഞ്ഞു. അരിക്കൊമ്പന് വേണ്ടിയുള്ള കൂട്ടായ്മയില്‍ വലിയ സന്തോഷമാണ് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടി. 'അരിക്കൊമ്പന്‍ എന്ന ആനയെ ഗണപതി ഭഗവാന്റെ പ്രതിരൂപമായിട്ടാണ് മനസില്‍ കാണുന്നത്. ആളുകള്‍ക്ക് ചിലപ്പോള്‍ അത് അന്ധവിശ്വാസമായിട്ട് തോന്നാം. എന്നാല്‍ അത് അന്ധവിശ്വാസമല്ല,' വാവ സുരേഷ് പറഞ്ഞു. ഭഗവാന്റെ പ്രതിരൂപമായ അരിക്കൊമ്പനെ കേരളത്തില്‍നിന്ന് പിടികൂടി മറ്റേതോ കാട്ടില്‍കൊണ്ട് ഉപേക്ഷിച്ചു.
അരിക്കൊമ്പനെ നമ്മുടെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് വിനായക ചഥുര്‍ത്ഥി ദിനത്തില്‍ നാളികേരം ഉടച്ച് പ്രതിഷേധിക്കുന്നത് എന്നും ഇത് ഇവിടെ അവസാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിഷേധം വെറും തുടക്കം മാത്രമാണ് എന്നും വരും ദിവസങ്ങളില്‍ ഇതൊരു സാഗരമായി മറ്റെല്ലാ ജില്ലകളിലും പ്രതിഷേധമായി മുന്നോട്ടുപോകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'യൂണൈറ്റഡ് ഫോറം ഫോര്‍ ആനിമല്‍സ്' എന്ന കൂട്ടായ്മയാണ് പഴവങ്ങാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 'സേവ് അരിക്കൊമ്പന്‍' എന്ന ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം. 'അരിക്കൊമ്പന്റെ ആയൂരാരോഗ്യത്തിനും നീതിക്കും വേണ്ടി പഴവങ്ങാടി ഗണപതി സന്നിധിയില്‍ കൂട്ട പ്രാര്‍ഥനയും നാളികേര ഉടക്കലും' എന്ന ബാനര്‍ ഉയര്‍ത്തി കാട്ടിയായിരുന്നു സംഘം ക്ഷേത്രപരിസരത്ത് എത്തിയത്.
അതേസമയം അരിക്കൊമ്പന്‍ കോതയാറില്‍ സുഖമായി കഴിയുന്നു എന്നാണ് വനം വകുപ്പ് പറയുന്നത്. രണ്ട് കുട്ടിയാനകളുള്‍പ്പെടെ പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ കഴിയുന്നത്. അരിക്കൊമ്പന്‍ ഈ ആനക്കൂട്ടത്തോട് ഇണങ്ങിയിട്ടുണ്ട്. അതിനാല്‍ ആനയെ നിരീക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്നാട് വനം വകുപ്പ് ലഘൂകരിച്ചിട്ടുണ്ട്.
നാല് മാസം മുന്‍പാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് നാട് കടത്തിയത്. ജൂണ്‍ മുതല്‍ കോതയാറിലാണ് അരിക്കൊമ്പനുള്ളത്. കേരളത്തിലും തമിഴ്നാട്ടിലുമായുളള അഗസ്ത്യാര്‍കൂടത്തിലാണ് കോതയാര്‍ വനമേഖല സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications