മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്താന്‍ തയ്യാറെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിക്കുന്നു. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ വെള്ളാപ്പള്ളിയും മറ്റ് അംഗങ്ങളും ചേര്‍ന്ന് തട്ടിടെയുത്തുവെന്നാണ് ആരോപണം.
എസ്എന്‍ഡിപി മുഖേന സമുദായാംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന വായ്പതുക വ്യാജരേഖകള്‍ നിര്‍മ്മിച്ച് തട്ടിയെടുക്കുകയായിരുന്നു. സര്‍ക്കാരിന്റെ അയ്യായിരം കോടി രൂപ ഇങ്ങനെ തട്ടിയെടുത്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍, തനിക്കെതിരെയുള്ള കുറ്റം തെളിയുകയാണെങ്കില്‍ മുട്ടിലിഴഞ്ഞ് വിഎസ് അച്യുതാനന്ദന്റെ മുന്നിലെത്തുമെന്നും വെള്ളാപ്പള്ളി പറയുന്നു.

ഒരു പേടിയുമില്ലാതെ അന്വേഷണത്തെ ധൈര്യപൂര്‍വ്വം നേരിടുമെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി. എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ നില്‍ക്കുന്ന സമ്പന്നരുടെ പാവയായി വിഎസ് മാറിയെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉറഞ്ഞു തുള്ളുന്ന സ്വഭാവമാണ് വിഎസിന്റേത്.
ആരെങ്കിലും എഴുതി കൊടുക്കുന്ന പരാതി ഒപ്പിട്ട് വിജിലന്‍സിന് നല്‍കുകയാണ് വിഎസെന്നും വെള്ളാപ്പള്ളി പറയുന്നു. വെള്ളാപ്പള്ളി അടക്കം നാലു പേര്‍ക്കെതിരെയാണ് അന്വേഷണം. മാര്‍ച്ച് അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കാനും കോടതിയുടെ നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications