വീടിനകത്ത് മരിച്ച് കിടന്ന് സ്നേഹ! ദുരൂഹത ബാക്കി, കൊലപാതകമെന്ന് കുടുംബം.. ഭർത്താവിനെ പഞ്ഞിക്കിട്ടു!
തൃശൂര്‍: പെരുവെമ്പ് ഇല്ലിയംകാട്ടില്‍ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. പെരുവെമ്പ് സ്വദേശിയായ സുനില്‍ കുമാറിന്റെ ഭാര്യ സ്‌നേഹ എന്ന ഇരുപത്തിയഞ്ചുകാരിയെ ആണ് കഴിഞ്ഞ ദിവസം വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌നേഹയുടെ മരണം കൊലപാതകമാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. സ്ത്രീധനപീഡനമാണ് സ്‌നേഹയുടെ മരണത്തിന് കാരണമെന്നാണ് സംശയം. അതിനിടെ സ്‌നേഹയുടെ ഭര്‍തൃവീട് ആക്രമിക്കപ്പെട്ടു.

ദുരൂഹ മരണം
പല്ലശ്ശന പാറക്കളം സ്വദേശിനിയായ സ്‌നേഹയും സുനില്‍ കുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് അധികനാളുകളായിട്ടില്ല. കഴിഞ്ഞ ദിവസം സ്‌നേഹയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌നേഹയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമണെന്നുമാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കൊലപാതകമെന്ന് ആരോപണം
ഇതേത്തുടര്‍ന്ന് സ്‌നേഹയുടെ മൃതദേഹം പോലീസ് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശേഷം സ്വദേശമായ പാറക്കളത്ത് സംസ്‌ക്കാരം നടത്തുകയും ചെയ്തു. തുടര്‍നടപടികളെടുക്കുന്നതിന് വേണ്ടി സ്‌നേഹയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് നില്‍ക്കുകയാണ് പോലീസ്.

വീടിന് നേർക്ക് ആക്രമണം
സ്‌നേഹയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍, സുനില്‍ കുമാറിന്റെ അമ്മ, സഹോദരന്‍ എന്നിവര്‍ക്കെതിരെ സ്ത്രീധനപീഡനത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌നേഹയുടെ സംസ്‌ക്കാരം കഴിഞ്ഞതിന് പിന്നാലെയാണ് ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി സുനില്‍ കുമാറിന്റെ വീട് ആക്രമിച്ചത്.

വീട് അടിച്ച് തകർത്തു
അന്‍പതിലധികം പേരാണ് ആയുധങ്ങളുമായി വാഹനങ്ങളിലെത്തിയത്. സുനില്‍ കുമാറിന്റെയും സഹോദരന്‍ അനില്‍ കുമാറിന്റെയും വീടുകള്‍ സംഘം അടിച്ച് തകര്‍ത്തു. ബൈക്ക്, ജനല്‍, വാതിലുകള്‍, കട്ടില്‍, അലമാര, മറ്റ് ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം സംഘം അടിച്ച് തകര്‍ത്തിട്ടുണ്ട്.

ഭർത്താവിനും സഹോദരനും പരിക്ക്
അനില്‍ കുമാറിന്റെ വീട് പണി കഴിഞ്ഞ് ഞായറാഴ്ച മുതല്‍ താമസം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആക്രമണത്തില്‍ സുനില്‍ കുമാറിനും അനില്‍ കുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തി.

പോസ്റ്റുമോർട്ടം റിപ്പോർട്ട്
ആക്രമണത്തില്‍ പങ്കാളികളായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല വടിവാള്‍, വടികള്‍, ഇവര്‍ വന്ന ഓട്ടോറിക്ഷ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് പോലീസ് പരിശോധന നടത്തി. സ്‌നേഹയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications