'ഇതുവരെ കോൺഗ്രസ് വിട്ടത് 9 മുൻ മുഖ്യമന്ത്രിമാരാണ്, തൊലിപ്പുറമേയുള്ള ചികിത്സ ഒരു ഗുണവും ചെയ്യില്ല'; ആനാവൂർ
അനിൽ ആന്റണി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂട്ടക്കൊഴിഞ്ഞ് പോക്കിൽ രൂക്ഷവിമർശനവുമായി മുൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മതനിരപേക്ഷതയുടെ കാര്യത്തിൽ ശക്തിയായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിന്റെ ഫലമായി കോൺഗ്രസിന്റെ നിരവധി നേതാക്കളും അനുയായികളും ബിജെപിയിലേക്ക് ചേക്കേറുക എന്നത് സാധാരണ ഒരു നടപടിയായി മാറിയിരിക്കുകയാണെന്ന് ആനാവൂർ പരിഹസിച്ചു.
'യഥാർത്ഥ രോഗത്തെ ചികിത്സിക്കാതെ തൊലിപ്പുറമേയുള്ള ചികിത്സ ഒരു ഗുണവും ചെയ്യില്ല. കോൺഗ്രസ് അംഗീകരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങളും പൊതു ഹിന്ദുത്വ നിലപാടും തിരുത്താതിടത്തോളം കാലം ഈ കാലു മാറ്റങ്ങൾ ഇനിയും തുടരും എന്നതിൽ യാതൊരു സംശയവുമില്ല', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം വലിയ ചർച്ച ആയിരിക്കുകയാണല്ലോ. കോൺഗ്രസിലെ ഏറ്റവും തലമുതിർന്ന നേതാവായ ശ്രീ. എ കെ ആന്റണിയുടെ മകൻ ആയതുകൊണ്ടാണ്, അനിൽ ആന്റണിയുടെ കാലുമാറ്റത്തിന് ഇത്രയും പ്രാധാന്യം കിട്ടിയത്. അനിൽ ആന്റണി വഞ്ചകനും ചതിയനുമാണ് എന്നെല്ലാം കോൺഗ്രസ് നേതാക്കന്മാർ പ്രസ്താവിച്ചു കണ്ടു. ഒരു കാര്യം ഇവർ മറച്ചുവെക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ആശയപരമായ അപചയത്തെ കുറിച്ചാണ്.
ഇന്ത്യയിൽ കോൺഗ്രസിന്റെ ഒമ്പതോളം മുൻ മുഖ്യമന്ത്രിമാർ ഇതിനകം കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കിരൺകുമാർ റെഡി ആണ് ഏറ്റവും അവസാനം ബിജെപിയിലേക്ക് ചേർന്ന മുൻ മുഖ്യമന്ത്രി. കർണാടക മുൻമുഖ്യമന്ത്രിയായിരുന്ന എസ്.എൻ കൃഷ്ണ, ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി ജാഗ്ദബിക പാൽ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ, പഞ്ചാബ് മുൻമുഖ്യമന്ത്രി അമരിന്ധർ സിംഗ്, ഒഡീസാ മുൻ മുഖ്യമന്ത്രി ഗിരിദാർ ഗാമങ്, മൂന്ന് തവണ യുപിയുടെയും ഒരുതവണ ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രിയായിരുന്ന എൻ.ടി തിവാരി, ഗോവ മുൻമുഖ്യമന്ത്രി ദിഗംബർ കാമത്ത് ഇവരെല്ലാം ബിജെപിയിലേക്ക് ചേക്കേറിയവരാണ്.
അരുണാചൽ പ്രദേശിലെ മുഖ്യമന്ത്രി പേമ ഘണ്ടു കോൺഗ്രസുകാരനായി തിരഞ്ഞെടുപ്പിൽ ജയിച്ചു വന്നശേഷം 44 എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നു. ത്രിപുരയിൽ നിലവിൽ മുഖ്യമന്ത്രിയായിരിക്കുന്ന മാണിക്ക് സാഹ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വാ ശർമ, മണിപ്പൂർ മുഖ്യമന്ത്രി ബിരൻ സിംഗ്, മോഡി മന്ത്രിസഭയിലെ അംഗങ്ങളായ ജ്യോതിരദിത്യ സിന്ധ്യ, നാരായൺ റാണെ, എന്നിവർ കോൺഗ്രസിന്റെ നേതാക്കളായിരുന്നു.
കോൺഗ്രസിന്റെ മുൻ പിസിസി പ്രസിഡണ്ടുമാരായിരുന്ന യുപിയിലെ റിതാ ബഹുഗുണ ജോഷി, പഞ്ചാബിലെ സുനിൽ കുമാർ ജാഖർ, ഗുജറാത്തിലെ ഹാർദ്ദീവ് പട്ടേൽ, ഇവരെല്ലാം ഇതിനകം ബിജെപിയിലേക്ക് ചേക്കേറി. 2014ന് ശേഷം കോൺഗ്രസിന്റെ 200ൽ പരം MLAമാരും MPമാരും കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി. കോൺഗ്രസിന്റെ മുൻ വക്താക്കൾ നിരവധിപേർ ബിജെപിയിലേക്ക് പോയി.
ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത് കോൺഗ്രസിന്റെ സംഘടനാപരമായ അങ്ങേയറ്റത്തെ ദൗർബല്യമാണ്. ആശയപരമായി കോൺഗ്രസും ബിജെപിയും ഏതാണ്ട് ഒന്നായി വരുന്നു. ഇവർ തമ്മിലുള്ള ആശയപരമായ അതിർവരമ്പ് നേർത്ത് നേർത്ത് ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസ് നേതൃത്വത്തിലെ നിരവധിപേർ ബിജെപിയിലേക്ക് ചേക്കേറാൻ ഒരു മടിയും ഇല്ലാത്തവരായി മാറിക്കഴിഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 7 വർഷക്കാലം കൊണ്ട് കോൺഗ്രസും ബിജെപിയും മാർക്സിസ്റ്റ് വിരോധം മാത്രം ഉയർത്തിപ്പിടിച്ച് യോജിച്ച് മുമ്പോട്ടു പോവുകയാണ്. LDFനെ പരാജയപ്പെടുത്താൻ ഇവർ രണ്ടും ഒരുമിക്കുകയാണ്. CPI(M)ന് എതിരായി അപവാദ പ്രചരണം നടത്തുന്നത് രണ്ടു കൂട്ടരും ഒരുമിച്ചാണ്. എൽഡിഎഫ് സർക്കാരിനെ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര ഗവൺമെന്റും ബിജെപിയും ഉപയോഗിക്കുമ്പോൾ കോൺഗ്രസ് അതിന് ഹല്ലേലൂയ പാടുകയാണ്.
മതനിരപേക്ഷതയുടെ കാര്യത്തിൽ ശക്തിയായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഇതിന്റെ എല്ലാം ഫലമായി കോൺഗ്രസിന്റെ നിരവധി നേതാക്കളും അനുയായികളും ബിജെപിയിലേക്ക് ചേക്കേറുക എന്നത് സാധാരണ ഒരു നടപടിയായി മാറിയിരിക്കുന്നു.
അനില്‍ ആന്റണി BBC ഡോക്യുമെന്ററി വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ വിമർശിച്ചും തള്ളിപ്പറഞ്ഞും കേന്ദ്ര ബിജെപി സർക്കാരിനെയും മോദിയെയും അനുകൂലിച്ചും പ്രസ്താവന ഇറക്കിയപ്പോൾ കോൺഗ്രസ് നേതൃത്വം മൗനത്തിലായിരുന്നു. രാഹുൽ ഗാന്ധിയെ ശക്തിയായി പരസ്യമായി വിമർശിച്ചപ്പോഴും ഗാന്ധി കുടുംബത്തെ തള്ളിപ്പറഞ്ഞപ്പോഴും കോൺഗ്രസ് മൗനം ദീക്ഷിച്ചു.
കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാവായ ശ്രീ. എ കെ ആന്റണിക്ക് തന്റെ മകന്റെ ഈ നിലപാടുകൾ ശരിയല്ല എന്ന് അയാളോട് സ്വകാര്യമായി സംസാരിക്കാൻ തോന്നിയില്ല. 3 മാസകാലത്തിലേറെയായി മകനോട് രാഷ്ട്രീയം സംസാരിക്കാറില്ല എന്നാണ് ആന്റണി പ്രസ്താവിച്ചു കണ്ടത്. എന്തുകൊണ്ടാണ് ആന്റണി അത്തരമൊരു നിലപാട് സ്വീകരിച്ചത്.
അനിലിന്റെ ഈ ബിജെപി നിലപാടിൽ ഒരു പ്രത്യേകതയും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല എന്നതുകൊണ്ടായിരിക്കാം. എ കെ ആന്റണിയുടെ ഉള്ളിലുള്ള തീവ്രമായ മാർക്സിസ്റ്റ് വിരുദ്ധതയുടെ പ്രതിഫലനമാണ്, ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥ രൂപം.
യഥാർത്ഥ രോഗത്തെ ചികിത്സിക്കാതെ തൊലിപ്പുറമേയുള്ള ചികിത്സ ഒരു ഗുണവും ചെയ്യില്ല. കോൺഗ്രസ് അംഗീകരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങളും പൊതു ഹിന്ദുത്വ നിലപാടും തിരുത്താതിടത്തോളം കാലം ഈ കാലു മാറ്റങ്ങൾ ഇനിയും തുടരും എന്നതിൽ യാതൊരു സംശയവുമില്ല.












Click it and Unblock the Notifications