'ചോദ്യം ചോദിക്കാന്‍ എളുപ്പമാണ്, പക്ഷേ പിണറായി ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം'
കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ ചില ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായ ഉത്തരം നല്‍കണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ചോദിച്ചു പോകാൻ എളുപ്പമാണ്; പക്ഷേ, ഉത്തരങ്ങൾ പറയുന്നതിലാണ് ഭരണാധികാരിയുടെ ഉത്തരവാദിത്തത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശോഭാ സുരേന്ദ്രന്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പോസ്റ്റ് വായിക്കാം

പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ചില ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയുക തന്നെ വേണം. ചോദ്യങ്ങൾ ചോദിച്ചു പോകാൻ എളുപ്പമാണ്; പക്ഷേ, ഉത്തരങ്ങൾ പറയുന്നതിലാണ് ഭരണാധികാരിയുടെ ഉത്തരവാദിത്തത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ന്യുഡൽഹി പ്രസംഗത്തിൽ ഉത്തരങ്ങളാണ് നൽകിയത്. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളും അർബൻ നക്സലുകളും നടത്തുന്ന കുപ്രചരണങ്ങൾ അതോടെ പൊളിഞ്ഞു പോയി. നുണകൾ കേട്ട് പേടിച്ച ഈ രാജ്യത്തെ മുസ്ലിം സഹോദരങ്ങൾക്ക് യാഥാർത്ഥ്യമെന്താണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
അതിലെ നിരാശ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പുതിയ ചോദ്യങ്ങളുമായി വന്നിരിക്കുന്നത്.ഇന്ത്യക്കാരുടെ പൗരത്വം നിർണയിക്കാൻ ആര്, എവിടെ മതം അടിസ്ഥാനമാക്കുന്നു എന്നാണ് ശ്രീ പിണറായി പറയുന്നത്? ഇത് ഇന്ത്യൻ പൗരൻമാരുടെ പൗരത്വം തെളിയിക്കാനുള്ള നിയമമല്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു കഴിഞ്ഞല്ലോ. നിയമത്തിലും അത് വ്യക്തമാണ്.
പൗരത്വ നിയമത്തെയും ദേശീയ പൗരത്വരജിസ്റ്ററിനെയും കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എൻ ഡി എ സർക്കാരിന്റെ നയമാണ്.എന്നാൽ ഇക്കാര്യത്തിൽ ശ്രീ പിണറായിയുടെയും പാർട്ടിയുടെയും ഇടതു സർക്കാരിന്റെയും നയമെന്താണ്? നുഴഞ്ഞു കയറ്റക്കാരെയും അഭയാർത്ഥികളെയും ഒരു പോലെ കാണണം എന്നാണോ?
അഭയാർത്ഥികൾ, അവർ ഏത് സമുദായത്തിലുള്ളവരായാലും ഇന്ത്യ പുറം തള്ളില്ല എന്നല്ലേ മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞത്. അത് വിശ്വസിക്കാൻ മടിക്കുന്ന ശ്രീ പിണറായി അഭയാർത്ഥികളെയും നുഴഞ്ഞു കയറ്റക്കാരെയും കൂട്ടിക്കലർത്താൻ വ്യഗ്രത കാണിക്കുന്നത് എന്തിനാണ്? രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കുപ്രചരണം എന്ന് പ്രധാനമന്ത്രി പറഞ്ഞതിൽപ്പെടുന്നതാണ് ഇതും.
പാർലമെന്റ് പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണ് എന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നിട്ടും നുണ പ്രചരണം തുടരുന്ന ശ്രീ പിണറായിക്ക് ഭരണഘടനയോട് കൂറുണ്ടെങ്കിൽ പറഞ്ഞു പോയ അബദ്ധങ്ങൾ തിരുത്തുകയാണ് വേണ്ടത്.












Click it and Unblock the Notifications