പാലക്കാട് പിടിക്കാൻ ശോഭ തന്നെ?; രണ്ടും കൽപിച്ച് ബിജെപി, വനിതാ സ്ഥാനാർത്ഥി മതിയെന്ന് ആർഎസ്എസും
നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ രണ്ടാം സ്ഥാനം പിടിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ഇക്കുറി മണ്ഡലം പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ് ബിജെപി. പാർട്ടിയുടെ തീപ്പൊരി വനിതാ നേതാവായ ശോഭ സുരേന്ദ്രനെ കളത്തിലിറക്കാനാണ് പാർട്ടി നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളും.
2016 ൽ ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലിനെതിരെ പാലക്കാട് മത്സരിച്ചിരുന്നു. അന്ന് മണ്ഡലത്തിൽ ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.2016-ൽ ഷാഫി പറമ്പിൽ 57,559 വോട്ടുകൾ (41.77%) നേടിയപ്പോൾ ശോഭ സുരേന്ദ്രന് 40,076 വോട്ടുകൾ, (29.08%) നേടാനായി. അന്ന് എൽഡിഎഫിന്റെ എൻഎൻ കൃഷ്ണദാസിന് 38,675 വോട്ടുകളായിരുന്നു ലഭിച്ചത്.

2021 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഷാഫിക്കെതിരെ ബി.ജെ.പിക്ക് വേണ്ടി ഇറങ്ങിയത് ഇ ശ്രീധരനായിരുന്നു. 54,079 വോട്ടുകൾ (38.06%) നേടി ഷാഫി വിജയിച്ചപ്പോൾ ഇ ശ്രീധരൻ നേടിയത് 50,220 വോട്ടുകൾ ( 35.34%) ആണ്. അതായത് ഷാഫിക്ക് വെറും 3859 വോട്ടിൻ്റെ ഭൂരിപക്ഷം.
ഷാഫി വടകരയിലേക്ക് പോയി ഷാഫിയുടെ നോമിനിയായി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മത്സരിക്കാനെത്തിയപ്പോൾ ബിജെപിയിൽ ആദ്യം ഉയർന്ന് കേട്ട സ്ഥാനാർത്ഥിത്വം ശോഭ സുരേന്ദ്രൻ്റേതായിരുന്നു. എന്നാൽ പാർട്ടിയിലെ ആഭ്യന്തര കലഹം ശോഭയുടെ സാധ്യതകൾ ഇല്ലാതാക്കി. പകരം സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി. കോണ്‍ഗ്രസ് മണ്ഡലം നിലനിർത്തിയപ്പോൾ ബി ജെ പി രണ്ടാം സ്ഥാനത്ത് തുടർന്നു.
ഇക്കുറി പാലക്കാട് കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലാണ്. രാഹുലിനെതിരെ ഉയർന്ന ലൈംഗിക പരാതികളും കേസും രാഹുലിൻ്റെ പാർട്ടിയിൽ നിന്നുള്ള പുറത്താക്കലുമെല്ലാം കോണ്‍ഗ്രസിന് കനത്ത ക്ഷീണമാണ് സമ്മാനിച്ചത്. രാഹുലിന് പകരക്കാരനായി ഇക്കുറി നടൻ രമേഷ് പിഷാരടിയെ ആണ് കോണ്‍ഗ്രസ് ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഷാഫിയുടെ നോമിനിയായാണ് രമേശ് പിഷാരടിയുടേയും വരവ്. ഇത് പാർട്ടിക്കുള്ളിൽ മുറമുറുപ്പിന് കാരണമായിട്ടുണ്ട്. രമേശിനെ പോലൊരു നടനിലൂടെ പാലക്കാട് കോണ്‍ഗ്രസിന് നിലനിർത്താനാകുമോയെന്നതാണ് മറ്റൊരു ചോദ്യം.
എന്തായാലും രമേശിൻ്റെ വരവ് തങ്ങൾക്ക് കാര്യങ്ങൾ അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള നേതാക്കളിലൊരാളായ ശോഭയെ തന്നെ പരിഗണിക്കുന്നത്. പാലക്കാട്ടെ സാധ്യതാപട്ടികയിൽ അവസാനഘട്ടത്തിൽ പാർട്ടി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനേയം പരിഗണിച്ചിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട്ട് വനിതാ സ്ഥാനാർഥിയെ പരിഗണിക്കണമെന്ന ആവശ്യം സംഘപരിവാർ കൂടി മുന്നോട്ട് വെച്ചതോടെ ശോഭയ്ക്ക് തന്നെ ഇക്കുറി നറുക്ക് വീഴുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications