കേരളത്തില്‍ സാമൂഹ്യ പരിഷ്‌കരണം നടപ്പിലാക്കിയത് യുഡിഎഫ്: സമദാനി
തൊടുപുഴ: കേരളത്തില്‍ സാമൂഹ്യ പരിഷ്‌കരണം നടപ്പിലാക്കിയതും യുവസമൂഹത്തിന്റെ കാഴ്ചപ്പാടും മനോഭാവവും അനുസരിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനി.
യുഡിഎഫ് സ്ഥാനാര്‍ത്ഥ പിജെ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തൊടുപുഴയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സമദാനി. വികസനവും കരുതലും മാത്രമല്ല സമൂഹത്തിന്റെ ധാര്‍മ്മിക പുരോഗതിയ്ക്കും വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വികസനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയത്. ലോകം മുന്നോട്ട് കുതിക്കുമ്പോള്‍ അതിനൊപ്പം ചലിക്കാന്‍ കേരളത്തെ ആസൂത്രിതമായി സജ്ജമാക്കിയത് യു.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു.

60 കൊല്ലം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് സമയം പാഴാക്കേണ്ടതില്ല. രാഷ്ട്രീയ മാന്യതയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സ്വീകരിക്കേണ്ടത്. അമാന്യമായ വിമര്‍ശനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഇന്ന് പ്രസക്തിയില്ല. അഞ്ച് വര്‍ഷം കേരളത്തില്‍ യുഡിഎഫ് പുലര്‍ത്തിയത് വികസനത്തിന്റെ സമീപനമണ്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വന്‍കിട ജലസേചന പദ്ധതികളും ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ നിരവധി മെഡിക്കല്‍ കോളേജുകളും വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് പുതിയ സര്‍വ്വകലാശാലകളും സ്ഥാപിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ നാട്ടില്‍ മലയാള സര്‍വ്വകലാശാല സ്ഥാപിച്ചത് വികസന നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ പൂട്ടിയതിന്റെ പേരില്‍ സര്‍ക്കാരിന് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവന്നെങ്കിലും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ നടപടി ആശ്വാസകരമായി മാറിയിട്ടുണ്ട്. കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന യുഡിഎഫ് നിലപാടിന് അനുകൂലമായി സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത് സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്നും സമദാനി പറഞ്ഞു.












Click it and Unblock the Notifications