അഞ്ച് സുന്ദരികള്‍ക്ക് കൊഞ്ചിക്കാന്‍ ഒരു രാജകുമാരന്‍; ഞങ്ങളുടെ കുഞ്ഞുവാവ എത്തിയെന്ന് ദിയയും അശ്വിനും
കാത്തിരിപ്പിനൊടുവില്‍ നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് ആ സന്തോഷവാര്‍ത്ത എത്തി. മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും പങ്കാളി അശ്വിനും കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞ് ആണ് ദമ്പതികള്‍ക്ക് ജനിച്ചത്. മകള്‍ അമ്മയായ സന്തോഷ വാര്‍ത്ത കൃഷ്ണകുമാര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ:
നമസ്‌കാരം സഹോദരങ്ങളെ
'വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി'.
ദിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ആദ്യത്തെ കണ്മണിയുടെ കുഞ്ഞിക്കാലിന്റെ ചിത്രം പങ്കിട്ടാണ് കുഞ്ഞു ജനിച്ച സന്തോഷ വാര്‍ത്ത എല്ലാവരെയും അറിയിച്ചത്. 'അവര്‍ ലിറ്റില്‍ മാന്‍ ഈസ് ഫൈനലി ഹിയര്‍' എന്നാണ് ചിത്രത്തിനൊപ്പം ദിയ കൃഷ്ണ പങ്കുവെച്ച കുറിപ്പ്.

ഗര്‍ഭകാലത്തും ദിയ കൃഷ്ണ സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് ദിയയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന അശ്വിന്‍ ഗണേശും വിവാഹിതരായത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അശ്വിനും ദിയയ്ക്ക് ഒപ്പം യൂട്യൂബ് വീഡിയോകളില്‍ വരാറുണ്ട്.
ബേബി മൂണ്‍ ഫോട്ടോഷൂട്ടും വളകാപ്പും ഉള്‍പ്പെടെ ആദ്യത്തെ കണ്മണിക്കുള്ള കാത്തിരിപ്പ് ദിയയും കുടുംബവും വലിയ ആഘോഷമാക്കിയിരുന്നു. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്. സിന്ധു കൃഷ്ണ ഉൾപ്പെടെ അഞ്ച് സുന്ദരികൾക്ക് കൊഞ്ചിക്കാൻ ഒരു രാജകുമാരൻ വന്നല്ലോ എന്നാണ് ഒരാൾ കമൻ്റ് ബോക്സിൽ ആശംസിച്ചിരിക്കുന്നത്.
ആശുപത്രിയിലേക്ക് പോകുന്നതും അഡ്മിറ്റ് ആകുന്നതും ഉൾപ്പെടെയുള്ള വീഡിയോ ദിയ പങ്കുവെച്ചിരുന്നു. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും ഹൻസിക ഒഴികെ എല്ലാ സഹോദരിമാരും ദിയയ്ക്ക് ഒപ്പം ആശുപത്രിയിലുണ്ട്. അടുത്തത് കുഞ്ഞുമായുള്ള വ്‌ളോഗ്
വൈകാതെ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സന്തോഷത്തിന് ഒപ്പം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതും കൂടിയായിരുന്നു ദിയയുടെ ഗര്‍ഭകാലം. ദിയയുടെ ജ്വല്ലറി സ്ഥാപനമായ ഓ ബൈ ഓസിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ജീവനക്കാര്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ദിയക്കും കൃഷ്ണകുമാറിനും എതിരെ കേസെടുത്തിരുന്നു. എന്നാല്‍ വൈകാതെ ജീവനക്കാര്‍ ഉന്നയിച്ച ആരോപണങ്ങളെ തെളിവ് സഹിതം നേരിടാന്‍ ദിയയ്ക്കും കുടുംബത്തിനും കഴിഞ്ഞിരുന്നു. പ്രസവം അടുക്കാറായിരുന്നപ്പോഴാണ് ഈ ആരോപണങ്ങളെല്ലാം ദിയയ്ക്ക് നേരിടേണ്ടിവന്നത്.
തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നു തെളിഞ്ഞതിനു പിന്നാലെയാണ് ദിയയുടെ കുടുംബത്തിലേക്ക് ഇരട്ടി സന്തോഷവുമായി കുഞ്ഞ് അതിഥി എത്തിയത്.












Click it and Unblock the Notifications