ഇതൊരു പ്രാകൃത സ്വഭാവമുള്ള മതമാണ് എന്ന് വരുത്തി തീർക്കുന്ന ആജ്ഞകൾ സമൂഹം നിരാകരിക്കും';മാല പാർവതി
ആധുനിക കാലഘട്ടത്തിന് അനുസൃതമായി മാറ്റം വരുത്താനും, നവീകരിക്കാനും ആത്മീയ നേതാക്കൾ തയ്യാറവണമെന്ന് നടി മാലാ പാർവതി.പുരുഷാധിപത്യം നില നിർത്തി കൊണ്ട് പോകാനുള്ള തത്രപ്പാടുകൾ മാത്രമാകുന്നത്, ആധുനിക കാലഘട്ടത്തിൽ പല തരം വിമർശനങ്ങൾക്ക് കാരണമാകും. കാരണം പുരുഷാധിപത്യ സമൂഹത്തിൽ, ഒരു വലിയ വിഭാഗം സ്ത്രീകൾ അടിമകൾ അനുഭവിക്കുന്ന വേദന അനുഭവിക്കുന്നവരാണ്. ആ സ്ഥിതി വിശേഷം മാറ്റുക എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്നും അവർ കുറിച്ചു. കാന്തപുരം വിവാദത്തിലാണ് പ്രതികരണം. വായിക്കാം
'ഇസ്ലാം മതത്തിലും, ഖുർആനിലും പറഞ്ഞിരിക്കുന്ന നിയമങ്ങൾ മനസ്സിലാക്കണമെങ്കിൽ ഏഴാം നൂറ്റാണ്ടിന് മുമ്പുള്ള അറേബ്യയെ അറിയണം. അന്നത്തെ കാലഘട്ടം സാധാരണയായി "ജാഹിലിയ്യ".( Age of ignorance) എന്നാണ് അറിയപ്പെട്ടിരുന്നത്.ഏകദേശം 7-ാം നൂറ്റാണ്ടിൽ, യമൻ ഒഴിച്ച് അറേബ്യയിൽ നിയമവാഴ്ച ഉണ്ടായിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. ഗോത്രങ്ങളായിരുന്നു സമൂഹത്തിന്റെ പ്രധാന ഘടകം.ഗോത്രങ്ങൾ തമ്മിൽ യുദ്ധം ചെയ്തും, കയ്യൂക്ക് കൊണ്ട് അധികാരം സ്ഥാപിക്കുന്ന സ്ഥിതിയുമാണ് ഉണ്ടായിരുന്നത്. ഗോത്രമാണ് സംരക്ഷണം.

ഒരു വ്യക്തിയുടെ സുരക്ഷയും മാനവും പലപ്പോഴും അവൻ ഏത് ഗോത്രത്തിൽപ്പെട്ടവനാണെന്നതിനെ ആശ്രയിച്ചായിരുന്നു. ഗോത്രങ്ങൾ തമ്മിലുള്ള വൈരങ്ങൾ തലമുറകളോളം നീണ്ടുപോകുകയും ചെറിയ തർക്കങ്ങൾ പോലും യുദ്ധങ്ങളായി മാറുകയും ചെയ്തിരുന്നു. മക്ക ഒരു പ്രധാന വ്യാപാരകേന്ദ്രമായിരുന്നു. നാടോടികൾ കൂട്ടത്തോടെ വന്ന് ആക്രമിക്കുകയും, കൊല്ലുകയും, സ്ത്രീകളെ കീഴ്പ്പെടുത്തി സ്വന്തമാക്കുകയും ഒക്കെ സർവ്വസാധാരണമായി നടന്നിരുന്നു. ആണിനെയും, പെണ്ണിനെയും അടിമകളാക്കി കച്ചവടം ചെയ്തിരുന്നു.
കഅ്ബ, എന്ന ആരാധനാലയത്തിൽ, ആ കാലത്ത് വിഗ്രഹാരാധന ഉണ്ടായിരുന്നു. മൃഗബലിയും, മനുഷ്യ കുരുതിയും നടന്നിരുന്നു. പല അറബ് ഗോത്രങ്ങളും വിവിധ ദേവതകളെയും വിഗ്രഹങ്ങളെയും ആരാധിച്ചിരുന്നു. അതേസമയം യഹൂദ-ക്രിസ്ത്യൻ സമൂഹങ്ങളും ഏകദൈവവിശ്വാസത്തിന്റെ ചില പാരമ്പര്യങ്ങളും അറേബ്യയിൽ ഉണ്ടായിരുന്നില്ല, എന്നല്ല. ഉണ്ടായിരുന്നു. പക്ഷേ ഏക ദൈവ വിശ്വാസികൾ, ആ കാലത്ത് അറേബ്യയിൽ ന്യൂനപക്ഷമായിരുന്നു.
സമൂഹത്തിൽ വലിയ അസമത്വമുണ്ടായിരുന്നു. അടിമകൾക്ക് വളരെ താഴ്ന്ന സാമൂഹിക സ്ഥാനം. ദരിദ്രർക്കും സംരക്ഷണമില്ലാത്തവർക്കും വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട സ്ഥിതി ആയിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. വെറും ലൈംഗീക ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ഒരു ഭോഗവസ്തു എന്നതിലുപരി ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.ചില ഗോത്രങ്ങളിൽ പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന പതിവ് ഉണ്ടായിരുന്നുവെന്ന് ഖുർആനും ആദ്യകാല ഇസ്ലാമിക സ്രോതസ്സുകളും പറയുന്നു. ഇത് അഭിമാനപൂർവ്വം, അവകാശത്തോടെ ചെയ്തിരുന്ന ഒരു കാര്യമായും ചില രേഖകൾ പറയുന്നുണ്ട്.എന്നാൽ ഇത് എല്ലാ അറബ് ഗോത്രങ്ങളുടെയും പൊതുവായ ആചാരമായിരുന്നുവെന്ന് പറയുന്നില്ല. പക്ഷേ സ്ത്രീകളുടെ അവസ്ഥ വളരെ മോശമായിരുന്നു.അച്ഛൻ മരിച്ചാൽ, അച്ഛൻ്റെ ഭാര്യമാർ, (സ്വന്തം അമ്മ ഒഴിച്ച് ) മകന് വന്ന് ചേരുന്ന സ്വത്ത് പോലെ കണക്കാക്കപ്പെട്ടിരുന്നു,എന്ന് പറഞ്ഞാൽ അതിൻ്റെ വ്യാപ്തി മനസ്സിലാകും.
ഇങ്ങനെയുള്ള, അജ്ഞത നിറഞ്ഞ ഒരു സമൂഹത്തെയാണ്, പ്രവാചകൻ മുഹമ്മദ് നബി സല്ലലാഹിഅലൈഹിവസല്ലം, മോചിപ്പിച്ചത്. ഹിറാ ഗുഹയിൽ, ജിബ്രീൽ മലക്ക് പ്രത്യക്ഷനായി ഇഖ്റ് ( വായിക്കുക) എന്ന് ആജ്ഞാപിച്ചപ്പോൾ നബി തിരുമേനി ആദ്യം കാര്യം മനസ്സിലാക്കാതെ ഭയന്ന് പോവുകയാണ് ചെയ്തത്. പേടിച്ച് പനിച്ച നബി തിരുമേനിയെ, സമാധാനിപ്പിച്ചത് പരമഭക്തയായ, നബിയുടെ ഭാര്യ അയിഷയാണ് .ദൈവത്തിൻ്റെ വചനമാണ് എന്ന് അവരാണ് പറഞ്ഞ് മനസ്സിലാക്കുന്നത്.
ദൈവത്തിൻ്റെ വചനം പല സമയങ്ങളിലായിട്ടാണ്, നബി തിരുമേനിക്ക് ലഭ്യമാകുന്നത്.ആ കല്പനകൾ അദ്ദേഹം അപ്പാടെ നടപ്പിലാക്കുകയാണ് ചെയ്തിട്ടുള്ളത്. ശക്തരായ ഖുറേഷി പോലുള്ള ഗോത്രങ്ങളെയും അതിൻ്റെ തലവന്മാരെയും വകവയ്ക്കാതെ അദ്ദേഹം കല്പനകൾ നടപ്പിലാക്കി.
ആദ്യം തന്നെ ക അബ്ബ, ഏക ദൈവ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ശുദ്ധീകരിച്ചു. ഏക ദൈവ വിശ്വാസത്തെയും അല്ലാഹുവിനെ കുറിച്ചുള്ള ജ്ഞാനം പകർന്ന് നൽകി. സ്വന്തം ജീവൻ തന്നെ അപായപ്പെടുത്തി കൊണ്ടാണ് അദ്ദേഹം അത് ചെയ്തത്.
നബി തിരുമേനിയെ വിശ്വസിച്ചവർക്ക് അനുഭവിക്കേണ്ട യാതനകളും ആ കാലഘട്ടത്തിലെ ക്രൂരമായ രീതികൾക്കുള്ള തെളിവാണ്. സുമയ്യ ബിൻത് ഖയ്യാത്ത് (റ) യുടെയും കുടംബത്തിൻ്റെയും ,ബിലാലിൻ്റെയും ഒക്കെ അനുഭവങ്ങൾ ചരിത്രത്തിലുണ്ട്. മക്കയിൽ ഇസ്ലാം സ്വീകരിച്ച ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു സുമയ്യ. ഭർത്താവ് യാസിർ ഇബ്‌നു ആമിർയും മകൻ അമ്മാർ ഇബ്‌നു യാസിർ -യും അവരോടൊപ്പം ഇസ്ലാം സ്വീകരിച്ചു. അവർക്ക് വലിയ സമ്പത്തോ അധികാരമോ സാമൂഹിക സ്വാധീനമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മക്കയിലെ ശക്തരായ ആളുകളുടെ കടുത്ത പീഡനത്തിന് അവർ ഇരയായി.
വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും, ക്രൂരമായി പീഡിപ്പിച്ചും അവരെ തകർക്കാൻ ശ്രമിച്ചു. എന്നാൽ സുമയ്യ തന്റെ വിശ്വാസത്തിൽ നിന്ന് പിൻമാറിയില്ല. അവരെ മക്കയുടെ കനത്ത ചൂടിൽ മരുഭൂമിയിലെ മണലിൽ കൊണ്ടുപോയി കിടത്തുകയും, ചൂടിന്റെ കാഠിന്യത്തിൽ പീഡിപ്പിക്കുകയും ചെയ്തതായി സീറാ പാരമ്പര്യങ്ങളിൽ പറയുന്നു. ചില വിവരണങ്ങളിൽ ചൂട് കൂടുതൽ സഹിക്കാനാവാത്തവിധം ലോഹക്കവചം ധരിപ്പിച്ചതായും, വെള്ളം നിഷേധിച്ച്, ദാഹത്തിൻ്റെ കാഠിന്യം വർദ്ധിപ്പിച്ച് ക്രൂരമായി, അടിക്കുകയും ചവിട്ടുകയും ചെയ്തതായും പറയുന്നുണ്ട്.അടിമച്ചെക്കനായ ബിലാലിൻ്റെ തൊലി മുഴുവൻ ഉരിച്ച്, കൊടും ചൂടിൽ തിളയ്ക്കുന്ന പാറക്കല്ലെടുത്ത് ശരീരത്തിൽ വച്ച് കൊടുത്തിട്ടുണ്ട് പോലും.
അധമമായ പ്രവർത്തികൾ ചെയ്തിരുന്ന ഒരു ജനതയെയാണ്, മുഹമ്മദ് നബി (സ) തിരുത്തിയത്. ശാന്തിയുടെയും സമാധാനത്തിൻ്റെയും ദൈവവചനങ്ങൾ പറഞ്ഞ് കൊടുത്ത് മനുഷ്യരാക്കിയത്.
അത് കൊണ്ട് തന്നെ ഖുർ ആനിൽ, ശരീര ശുദ്ധി വരുത്തേണ്ടതെങ്ങനെ എന്ന് വിവരിച്ചിട്ടുണ്ട്. ഹിതമല്ലാത്ത ബന്ധങ്ങളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്. സ്ത്രീകളെ ബഹുമാനിക്കുന്നതിന് കുറിച്ച് വിശദമായി പറയുന്നുണ്ട്. അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്ന് പുരുഷന്മാരോടാണ് പ്രവാചകൻ പറയുന്നത്. അനാഥരായ സ്ത്രീകളെ വിവാഹം കഴിച്ച് സംരക്ഷിക്കാനാണ് നബി തിരുമേനി പറഞ്ഞിരിക്കുന്നത്. ഒന്നും കൂടി വിശദീകരിച്ചാൽ, ഇസ്ലാം ഒരു സമഗ്ര ജീവിത പദ്ധതി കൂടിയാണ്. ഭക്ഷണകാര്യം, വസ്ത്രധാരണം, ശരീരശുദ്ധി, തുടങ്ങി ഒരു മനുഷ്യനെ ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട് ഇസ്ലാം.
അന്നത്തെ കാലത്തെ അറിവ് വച്ച്, ഒരു മനുഷ്യൻ ഇടപെടേണ്ടി വരുന്ന സമസ്ഥമേഖലകളെയും കുറിച്ച് അറിയേണ്ടതും, സ്വീകരിക്കേണ്ടതും ,കൊള്ളേണ്ടതും ഉപദേശിച്ചാണ് നബി(സ) ഒരു സമൂഹത്തെ വഴി നടത്തിയത് .
ആ കാലഘട്ടത്തിൽ, ആ ജനതയോട് പറഞ്ഞ കാര്യങ്ങൾ ,നിയമവാഴ്ചയുള്ള ഒരു സ്ഥലത്ത്, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പറയുമ്പോൾ, കാലോചിതമായി മാറ്റം വരുത്തിയിട്ടാകണം പറയേണ്ടത്.മത പണ്ഡിതർ, സാമൂഹ്യ പരിഷ്കർത്താക്കൾ കൂടിയാകണം. ആത്മീയ ചൈതന്യം ഉപയോഗിക്കേണ്ടത്, സമൂഹത്തിനെ മുന്നോട്ട് നയിക്കാനാണ്. ശ്രീ നാരായണ ഗുരുസ്വാമിയുടെ പ്രബോധനങ്ങളാണ്, അവർണ്ണനാണെന്ന ബോധത്തിൽ നിന്നും ഒരു വലിയ വിഭാഗത്തെ മോചിതരാക്കിയത്.
ഏഴാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടാകുമ്പോൾ, പുതിയ സാഹചര്യങ്ങളാണ്.പുതിയ സാഹചര്യത്തെ കുറിച്ച് പഠിച്ച് മാറ്റം വരുത്താനുള്ള സാധ്യത ഇസ്ലാമിൽ തന്നെയുണ്ട് എന്നതാണ് ഈ മതത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇസ്ലാം മതത്തിൻ്റെ തന്നെ ഒരു അടിസ്ഥാന തത്ത്വമായ 'ഇജ്മ' മത പണ്ഡിതന്മാർക്ക് പ്രയോഗിക്കാവുന്നതാണത്.നിയമപരമായ സമവായം എന്നാണ് അതിനർത്ഥം. അത് കൊണ്ട് ആധുനിക കാലഘട്ടത്തിന് അനുസൃതമായി മാറ്റം വരുത്താനും, നവീകരിക്കാനും ആത്മീയ നേതാക്കൾ തയ്യാറാകുകയാണ് വേണ്ടത്.
സമൂഹത്തിൽ ,ഇതൊരു പ്രാകൃത സ്വഭാവമുള്ള മതമാണ് എന്ന് വരുത്തി തീർക്കുന്ന ആജ്ഞകൾ, ആധുനിക സമൂഹം നിരാകരിക്കുക തന്നെ ചെയ്യും. പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ ഉയരുന്ന ശാസനകൾ. ജനാധിപത്യ രാജ്യത്തിൽ, നിലനിൽക്കുന്ന നിയമങ്ങൾക്ക് അനുസൃതമായ മത ചിട്ടകൾ നിർമ്മിക്കാൻ, മതത്തിൽ തന്നെ വകുപ്പുണ്ടെങ്കിൽ എന്ത് കൊണ്ട് അത് പ്രയോഗിച്ച് കൂടാ? ആത്യന്തികമായി ആത്മീയ വളർച്ചയല്ലേ മതം, ലക്ഷ്യം വയ്ക്കേണ്ടത്? പുരുഷാധിപത്യം നില നിർത്തി കൊണ്ട് പോകാനുള്ള തത്രപ്പാടുകൾ മാത്രമാകുന്നത്, ആധുനിക കാലഘട്ടത്തിൽ പല തരം വിമർശനങ്ങൾക്ക് കാരണമാകും. കാരണം പുരുഷാധിപത്യ സമൂഹത്തിൽ, ഒരു വലിയ വിഭാഗം സ്ത്രീകൾ അടിമകൾ അനുഭവിക്കുന്ന വേദന അനുഭവിക്കുന്നവരാണ്. ആ സ്ഥിതി വിശേഷം മാറ്റുക എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്.


Click it and Unblock the Notifications