മീന്‍മുട്ടി ദുരന്തം;മൃതദേഹങ്ങള്‍ കണ്ടെടുത്തു
തിരുവന്തപുരം: കല്ലാറിലെ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ പെട്ട സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഹരിയാന സ്വദേശി മഹേഷ് കുമാര്‍(25), രാജസ്ഥാന്‍ സ്വദേശി അതുല്‍ യാദവ്(23) എന്നിവരാണ് മരിച്ചത്.
2013 ഒക്ടോബര്‍ 2 ന് ബുധനാഴ്ചയാണ് ഇവര്‍ കല്ലാറിലെ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ പെട്ടത്. മഹേഷ്‌കുമാറിന്റെ മൃതദേഹം ബുധനാഴ്ച തന്നെ കിട്ടിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് അതുല്‍ യാദവിന്റെ മൃതദേഹം കണ്ടെത്തിയത്.
ടെക്‌നോ പാര്‍ക്കിലെ ടിസിഎസ് എന്ന കമ്പനിയിലെ ട്രൈയ്‌നി എന്‍ജിനീയര്‍മാരായിരുന്നു ഇവര്‍. ഒമ്പതംഗ സംഘം വിനോദയാത്രക്ക് പോയതായിരുന്നു.
അതുല്‍ ദാസിന്റെ മൃതദേഹം കണ്ടെത്താന്‍ പോലീസും ഫയര്‍ഫോഴ്‌സും ശരിക്കും ബുദ്ധിമുട്ടിയിരുന്നു. പിന്നീട് വിതുരയില്‍ നിന്ന് അനില്‍ കുമാര്‍ എന്ന ആളെത്തിയാണ് പാറക്കെട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം കണ്ടെത്തിയത്. എന്നിട്ടും മണിക്കൂറുകളെടുത്തു മൃതദേഹം പുറത്തെടുക്കാന്‍. മീന്‍ മുട്ടിയില്‍ അപകടങ്ങള്‍ ഉണ്ടാകുപ്പോള്‍ പലപ്പോഴും അനിലിനെയാണ് അധികൃതര്‍ സമീപിക്കാറുള്ളത്. കല്ലാറിലെ അപകടങ്ങളില്‍ നിന്ന് ഇതുവരെ അനില്‍ കുമാര്‍ കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങള്‍ ആണ്.
വളരെ അപകടം പിടിച്ച സ്ഥലങ്ങളില്‍ ഒന്നാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. 1991 ല്‍ എട്ട് ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇവിടെ ഒഴുക്കില്‍ പെട്ട് മരിച്ചത്. 2004 ല്‍ വിനോദ സഞ്ചാരത്തിനെത്തിയ നാല് സുഹൃത്തുക്കളും ഇവിടെ ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു.












Click it and Unblock the Notifications